

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 18 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയവഴിയിൽ തിരിച്ചെത്തി. എന്നാൽ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ വിജയാഘോഷത്തേക്കാൾ വലിയ ആശങ്കയായി മാറിയിരിക്കുന്നത് ടീമിന്റെ കുന്തമുന വിരാട് കോലിയുടെ ആരോഗ്യസ്ഥിതിയാണ്. മത്സരത്തിൽ 38 പന്തിൽ നിന്ന് 50 റൺസ് നേടിയ കോലി, മുംബൈ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ ഫീൽഡിംഗിന് എത്തിയിരുന്നില്ല. കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് ഡ്രെസ്സിംഗ് റൂമിലിരുന്നാണ് കോലി കളി കണ്ടത്. കോലിക്ക് പകരം യുവതാരം ജേക്കബ് ബെഥേലാണ് ഫീൽഡിംഗിന് ഇറങ്ങിയത്.
ടൂർണമെന്റിലെ നിർണായക ഘട്ടമായതിനാൽ കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ വേണ്ടിയുള്ള മുൻകരുതൽ എന്ന നിലയിലാണ് മാനേജ്‌മെന്റ് ഈ തീരുമാനമെടുത്തത്. ഇതേ മത്സരത്തിൽ തന്നെ മുംബൈ താരം രോഹിത് ശർമയും ഹാംസ്ട്രിംഗ് പരിക്ക് മൂലം മൈതാനം വിട്ടത് ക്രിക്കറ്റ് ലോകത്തിന് ഇരട്ട പ്രഹരമായി. എന്നാൽ മത്സരശേഷം ആർസിബി നായകൻ രജത് പാട്ടിദാർ നൽകിയ ശുഭസൂചന ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്. കോലി നിലവിൽ സുഖമായിരിക്കുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നുമാണ് പ്രാഥമിക വിവരമെന്നും വ്യക്തമാക്കി.
ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് ഈ മത്സരത്തിൽ ആർസിബി കാഴ്ചവെച്ചത്. ഫിൽ സാൾട്ടിനൊപ്പം കോലി നൽകിയ മികച്ച തുടക്കം 240 എന്ന കൂറ്റൻ സ്കോറിലേക്ക് ടീമിനെ എത്തിക്കുന്നതിൽ നിർണായകമായി. ഇതിന് പിന്നാലെ 20 പന്തിൽ 53 റൺസെടുത്ത രജത് പാട്ടിദാറിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് പ്രകടനം ബെംഗളൂരുവിനെ ഡ്രൈവിംഗ് സീറ്റിലെത്തിച്ചു. മുംബൈക്കായി ഷെർഫെയ്ൻ റൂഥർഫോർഡ് 31 പന്തിൽ 71 റൺസെടുത്ത് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 222 റൺസെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ. ടീം വർക്കിന്റെ വിജയമാണ് ഇതെന്നും എല്ലാവരും ഒത്തൊരുമിച്ച് പൊരുതിയെന്നും മത്സരശേഷം പാട്ടിദാർ പറഞ്ഞു .
മൈതാനത്ത് മുഴുവൻ സമയം ചെലവഴിക്കാൻ സാധിച്ചില്ലെങ്കിലും ചില റെക്കോർഡുകൾ ഈ മത്സരത്തിലും വിരാട് കോലി സ്വന്തം പേരിലാക്കി. മുംബൈ ഇന്ത്യൻസിനെതിരെ 1,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി കോലി മാറി. നിലവിൽ 1,030 റൺസാണ് മുംബൈക്കെതിരെ അദ്ദേഹത്തിന്റെ സമ്പാദ്യം. കൂടാതെ ഫിൽ സാൾട്ടുമായുള്ള 120 റൺസിന്റെ കൂട്ടുകെട്ടോടെ ടി20 ക്രിക്കറ്റിൽ 47 തവണ സെഞ്ച്വറി പാർട്ണർഷിപ്പുകളിൽ പങ്കാളിയായ താരമെന്ന റെക്കോർഡും ക്രിസ് ഗെയിലിനെ മറികടന്ന് കോലി സ്വന്തമാക്കി.
English Summary: RCB secured an 18-run victory over Mumbai Indians, but concerns arose over Virat Kohli’s ankle injury. Kohli scored a half-century but missed fielding as a precaution. Despite the scare, team management confirmed the injury is not serious.