Sports News

തുടർച്ചയായി മൂന്ന് തോൽവികൾ, അവസാന മത്സരത്തിൽ നാണക്കേട്; ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുമ്പോൾ

തുടർച്ചയായ മൂന്ന് തോൽവികളോടെയായിരുന്നു ചെന്നൈയുടെ ഇത്തവണത്തെ തുടക്കം

Sports Desk

പ്ലേ ഓഫിനു തൊട്ടരികിൽ എത്തി പടിക്കൽ കലമുടച്ചാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ പുറത്തായിരിക്കുന്നത്. നേരിയ സാധ്യത അവശേഷിച്ചിരുന്നെങ്കിലും അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു 89 റൺസിനു തോറ്റതോടെ എലിമിനേറ്റഡ് ആയി.

തുടർച്ചയായ മൂന്ന് തോൽവികളോടെയായിരുന്നു ചെന്നൈയുടെ ഇത്തവണത്തെ തുടക്കം. പിന്നീട് തുടർച്ചയായ രണ്ട് ജയത്തോടെ ആരാധകർക്കു പ്രതീക്ഷ നൽകി. സീസണിലെ 11 കളികൾ കഴിഞ്ഞപ്പോൾ ആറ് ജയത്തോടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് ചെന്നൈ ഉണ്ടായിരുന്നു.

അവസാന മൂന്ന് മത്സരങ്ങളിൽ രണ്ട് ജയമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ചെന്നൈയ്ക്കു കാര്യങ്ങൾ അനുകൂലമാകുമായിരുന്നു. എന്നാൽ മൂന്നിലും തോറ്റതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.

14 മത്സരങ്ങളിൽ നിന്ന് ആറ് ജയവും എട്ട് തോൽവിയുമായി 12 പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ചെന്നൈ. അഹമ്മദബാദിൽ നടന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ മികച്ച റൺറേറ്റിൽ ജയിച്ചിരുന്നെങ്കിൽ ചെന്നൈയ്ക്കു നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നു. എന്നാൽ ചെന്നൈ തോറ്റത് 89 റൺസിന്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ 140 നു ചെന്നൈ ഓൾഔട്ട്.

തുടർച്ചയായി മൂന്നാം സീസണിലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. കഴിഞ്ഞ സീസണിൽ 10 കളികൾ തോറ്റ ചെന്നൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തായിരുന്നു. ഇതോടെ അടുത്ത ലേലത്തിനു മുൻപ് ടീമിൽ കാര്യമായ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് ഉറപ്പായി. നായകസ്ഥാനത്തു നിന്ന് ഋതുരാജ് ഗെയ്ക്വാദിനെ മാറ്റിയേക്കും. മലയാളി താരം സഞ്ജു സാംസൺ നായകസ്ഥാനത്തെത്താൻ സാധ്യതയുണ്ട്.

English Summary: Chennai Super Kings crashed out of the IPL playoff race after an 89-run defeat to Gujarat Titans in their final league match. After recovering from a poor start to the season, CSK failed to win any of their last three matches and finished seventh with 12 points. This marks the third consecutive season Chennai have failed to qualify for the playoffs.
Big changes are expected next season, with questions rising over the captaincy of Ruturaj Gaikwad and reports linking Sanju Samson to the role.