Sports News

പെപിന് പകരം 'മിനി പെപ്', എൻസോ മരെസ്കയുമായി മൂന്ന് വർഷത്തെ കരാറിലൊപ്പിട്ട് സിറ്റി

ആരാധകർ മിനി പെപെന്ന് വിളിക്കുന്ന മരെസ്ക 2022ൽ പെപ് ഗാർഡിയോളയുടെ അസിസ്റ്റന്റ് കോച്ചായി സിറ്റിയോടുകൂടെ ടീമിലുണ്ടായിരുന്നു

Sports Desk

2025-26 സീസണിൽ പ്രീമിയർ ലീ​ഗിൽ ആഴ്സണൽ-മാഞ്ചസ്റ്റർ സിറ്റി ഫോട്ടോഫിനിഷ് നടക്കുന്ന സമയത്താണ് സിറ്റി ആരാധകരെ അമ്പരപ്പിച്ച് ആ വാർത്ത വന്നത്. ഒരു പതിറ്റാണ്ട് നീണ്ട സഹവാസത്തിനുശേഷം തങ്ങളുടെ ഇതിഹാസ പരിശീലകൻ ക്ലബ് വിടുന്നു. ആദ്യം പാപരാസി വാർത്തയാണെന്ന് കരുതി തള്ളിക്കളഞ്ഞ ആരാധകർക്ക്, വിടവാങ്ങൽ ക്ലബ് സ്ഥിരീകരിച്ചതോടെ വിശ്വസിക്കാനായില്ല. ഒടുവിൽ ആ ദിവസം വന്നെത്തി. പെപ് ​ഗാർഡിയോളയെന്ന യു​ഗപുരുഷൻ എമിറേറ്റ്സ് സ്റ്റേഡിയം വിട്ടുപോയി. ഇനിയാരെന്ന ചോദ്യം ദിവസങ്ങൾക്കുമുന്നെ ആരാധകർ ചോദിക്കാൻ തുടങ്ങിയിരുന്നു.

എന്നാൽ പെപിന്റെ പിൻ​ഗാമിയായി പെപിന്റെതന്നെ ശിഷ്യനായ എൻസോ മരെസ്ക എത്തുമെന്ന് നേരത്തെ അനൗദ്യോ​ഗിക റിപ്പോർട്ടുകളുണ്ടായിരുന്നു. സിറ്റി ആരാധകർക്ക് പരിചിത മുഖമാണ് എൻസോ മരെസ്ക. ആരാധകർ മിനി പെപെന്ന് വിളിക്കുന്ന മരെസ്ക 2022ൽ പെപ് ഗാർഡിയോളയുടെ അസിസ്റ്റന്റ് കോച്ചായി സിറ്റിയോടുകൂടെ ടീമിലുണ്ടായിരുന്നു. ആ സീസണിലാണ് സിറ്റി ചാമ്പ്യൻസ് ലീ​ഗ്, പ്രീമിയർ ലീ​ഗ്, എഫ്എ കപ്പ് നേടിയത്. മൂന്ന് വർഷത്തെ കരാറിൽ എൻസോ മരെസ്കയെതന്നെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ സിറ്റി ഇന്ന് നിയമിച്ചു.

മാരെസ്കയുടെ കോച്ചിംഗ് കരിയർ ചെറിയ റോളുകളിൽ നിന്നാണ് ആരംഭിച്ചത്. സെവിയ്യയുടെ ടെക്നിക്കൽ കോച്ചും അസിസ്റ്റുമായാണ് തുടക്കം. പിന്നീട് വെസ്റ്റ് ഹാമിൽ മാനുവൽ പെല്ലഗ്രിനിയുടെ അസിസ്റ്റന്റായി. പിന്നീട് മാഞ്ചസ്റ്റർ സിറ്റി അണ്ടർ 21 ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു. ശേഷം പാർമയെ പരിശീലിപ്പിച്ചെങ്കിലും 2022ൽ സിറ്റിയുടെ സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതനായി. പെപ് ഗാർഡിയോളയുടെ ശിഷ്യനെന്നാണ് മരെസ്ക അറിയപ്പെടുന്നത്. എൻസോ അസാധാരണ മാനേജറാകുമെന്ന് ഗാർഡിയോള തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. അത് യാഥാർത്ഥ്യമാകുന്നതായിരുന്നു അദ്ധേഹത്തിന്റെ പരിശീലക പ്രകടനങ്ങൾ.

2023ൽ ലെസ്റ്റർ സിറ്റിയിൽ പരിശീലകനായെത്തിയ മാരെസ്ക വലിയ മാറ്റമാണ് ടീമിൽ കൊണ്ടുവന്നത്. ചാമ്പ്യൻഷിപ്പിൽ അതിമനോഹര ഫുട്ബോൾ കളിപ്പിച്ച അദ്ദേഹം ടീമിനെ പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തിച്ചു. ടീമിന്റെ പാസ്-ബേസ്ഡ് സ്റ്റൈലിൻ അന്ന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. 2024ൽ ചെൽസിയിലേക്ക് ചേക്കേരിയ എൻസോ അതേ വർഷംതന്നെ ടീമിന് ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടിക്കൊടുത്തു. ആ സീസണിൽതന്ന യുവേഫ കോൺഫെറൻസ് ലീ​ഗും ഫിഫ ക്ലബ് വേൾഡ് കപ്പും നേടിക്കൊടുത്തു. എന്നാൽ 2025 അവസാനത്തോടെ ക്ലബ് ഉടമകളുമായുണ്ടായ അഭിപ്രായ ഭിന്നതകൾ അദ്ദേഹത്തിന്റെ പുറത്താക്കലിലേക്ക് നയിച്ചു.

1980 ഫെബ്രുവരി 10ന് ഇറ്റലിയിൽ ജനിച്ച മരെസ്ക, മിഡ്ഫീൽഡറായാണ് കരിയർ ആരംഭിച്ചത്. യുവന്റസ്, സെവിയ്യ, മലാഖ എന്നീ ക്ലബുകളിൽ കളിച്ച എൻസോ യൂറോപ്പ ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. ഗാർഡിയോളയുടെ ടാക്ടിക്കൽ പാരമ്പര്യം തുടരാൻ കഴിയുന്ന കോച്ചായാണ് എൻസോയെ വിലയിരുത്തുന്നത്. യുവതാരങ്ങളെ വളർത്താനുള്ള കഴിവ്, കൃത്യമായ വീക്ഷണവും മറ്റൊരു പരിശീലകനെ അന്വേഷിക്കാൻ സിറ്റിയെ പ്രലോഭിപ്പിച്ചില്ല. പെപ് ​ഗാർഡിയോളയുടെ പിൻ​ഗാമിയാകാൻ എന്തുകൊണ്ടും യോ​ഗ്യനാകാൻ എൻസോ മരെസ്ക യോ​​ഗ്യനാണെന്നുതന്നെയാണ് കായിക മാധ്യമങ്ങളും ആരാധകരും പറയുന്നത്. അതേസമയം, ടീമിനോടൊപ്പം എത്തുന്നതിന് എൻസോക്ക് സമയം ആവശ്യമുണ്ടെന്നും ക്ലബ് അത് അനുവദിക്കണമെന്നും ചർചകളുണ്ട്.

English Summary: Enzo Maresca has been appointed as the new head coach of Manchester City on a three-year deal, succeeding his mentor Pep Guardiola. Known as “Mini Pep” among fans, Maresca previously worked as Guardiola’s assistant during City’s historic treble-winning 2022–23 season.
After successful spells with Leicester City and Chelsea FC, he earned praise for his possession-based football, youth development, and tactical intelligence. Many fans and football experts believe Maresca is the ideal successor to Guardiola, though there are discussions that he may need time to fully adapt to the role.