Sports News

അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന രാഷ്ട്രീയക്കാരൻ; ഫുട്ബോളിനുപുറത്തെ പെപ് ​ഗാർഡിയോള

പലസ്തീൻ, കാറ്റലോണിയൻ സ്വാതന്ത്ര്യം, ബ്രിട്ടനിലെ ഭവനരഹിതരുടെ ജീവിതം തുടങ്ങി നിരവധി വിഷയങ്ങളിൽ പെപ് ശബ്ദിച്ചിരുന്നു

Sports Desk

ഒരു പതിറ്റാണ്ട് മുഴുവനും മാഞ്ചസ്റ്റർ സിറ്റിയോടുകൂടെ ചെലവഴിച്ച ഇതിഹാസ പരിശീലകൻ പെപ് ​ഗാർഡിയോള ഇത്തിഹാദ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങുന്ന വാർത്തയാണ് ഫുട്ബോൾ ലോകത്തിന്റെ കുറച്ചുദിവസങ്ങളായുള്ള ചർച്ചകൾ. 20 കിരീടങ്ങൾ അടിച്ചെടുത്ത് തലയെടുപ്പോടെ സിറ്റിയോട് വിടപറയുമ്പോൾ എന്തിന് ക്ലബ് വിടുന്നുവെന്ന് പെപോ ക്ലബോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പോകാൻ സമയമായെന്നാണ് പെപ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേവലമൊരു ഫുട്ബോൾ കളിക്കാരനായും പരിശീകനായും മാത്രമായല്ല പെപ് ​ഗാർഡിയോളയെ ലോകം കണ്ടിട്ടുള്ളത്. ലോകത്താകമാനം നടക്കുന്ന സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞും പ്രതിഷേധിച്ചും ഐക്യദാർഡ്യപ്പെട്ടും കയ്യുയർത്തുന്ന വ്യക്തമായ രാഷ്ട്രീയക്കാരൻകൂടിയാണ് 55 കാരനായ സ്പാനിഷ് പരിശീലകൻ. പലസ്തീനോടുള്ള തന്റെ ഐക്യദാർഡ്യത്തെ മാഞ്ചസ്റ്ററിലെ ജൂത സമൂഹം എതിർത്തപ്പോൾ പുല്ലുവില നൽകിയാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ പ്രശസ്തിയും സ്വാധീനവും ലോകത്താകമാനമുളള അടിച്ചമർത്തലുകൾക്കെതിരെ ശ്രദ്ധ ക്ഷണിക്കാനായി അദ്ദേഹം നിരന്തരം ഉപയോഗിച്ചിട്ടുണ്ട്.

പലസ്തീൻ, കാറ്റലോണിയയുടെ സ്വാതന്ത്ര്യം, ബ്രിട്ടനിലെ ഭവനരഹിതരുടെ ജീവിതം തുടങ്ങി നിരവധി വിഷയങ്ങളിൽ തന്റെ അഭിപ്രായം ധൈര്യത്തോടെ വിളിച്ചുപറഞ്ഞിട്ടുണ്ട് പെപ്. പലസ്തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഈ വർഷം ജനുവരിയിൽ ബാഴ്സലോണയിൽനടന്ന പരിപാടിയിൽ പെപിന്റെ സാനിധ്യം ലോകം മുഴുവൻ ചർച്ചയായിരുന്നു. ടീമിന്റെ മത്സരത്തിനുമുമ്പുള്ള വാർത്താസമ്മേളനംപോലും ഒഴിവാക്കിയായിരുന്നു അന്ന് പലസ്തീൻ ഐക്യദാർഢ്യത്തിന് വന്നത്. അറബ് ചിഹ്നമായ കെഫിയ ചുമലിലണിഞ്ഞ് മികച്ച സമൂഹത്തിനായി ശബ്ദമുയർത്തണമെന്ന് അന്ന് പെപ് വിളിച്ചു പറഞ്ഞിരുന്നു. അമ്മ എവിടെയെന്ന് കരഞ്ഞ് ചോദിക്കുന്ന കുട്ടികളെകുറിച്ച് വികാരപരമായാണ് അദ്ദേഹം സംസാരിച്ചത്.

പെപിന്റെ പലസ്തീൻ ഐക്യദാർഡ്യത്തിനെതിരെ മാഞ്ചസ്റ്ററിലെ ജൂത സമൂഹം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചെങ്കിലും അതൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ല. പെപിന്റെ പരാമർശങ്ങൾ ജൂതരുടെ സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചു ജൂത സംഘടന മാഞ്ചസ്റ്റർ സിറ്റി മേധാവിക്ക് കത്തയച്ചിരുന്നു. മാഞ്ചസ്റ്ററിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിൽ ​ഗാർഡിയോള നിലപാടെടുക്കാത്തതും ജൂത സംഘടനകളെ പ്രകാേപിപ്പിച്ചിരുന്നു.

തടവിലാക്കപ്പെട്ട കാറ്റലോണിയൻ രാഷ്ട്രീയ നേതാക്കൾക്ക് പിന്തുണ അറിയിച്ച് മഞ്ഞ റിബൺ ധരിച്ചതിന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പെപിന് 20,000 പൗണ്ട് പിഴ ചുമത്തിയിയിരുന്നു. ഉക്രൈൻ, സുഡാൻ യുദ്ധങ്ങൾക്കെതിരെയും അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ സേനയുടെ കൊലപാതകങ്ങൾക്കെതിരെയും ​ഗാർഡിയോള ശബ്ദമുയർത്തിയിരുന്നു. ഒരു ആശയം സംരക്ഷിക്കാനായി ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുണ്ടെങ്കിൽ ഞാനതിനെതിരെ നിലകൊള്ളുമെന്നാണ് പെപിന്റെ പക്ഷം.

English Summary: Pep Guardiola is preparing to leave Manchester City F.C. after winning 20 trophies in a glorious 10-year spell. Beyond football, Guardiola is widely known for taking strong stands on political and social issues including Palestine, Catalan independence and homelessness. His support for Palestine and criticism of violence sparked both praise and backlash from sections of Manchester’s Jewish community. Guardiola has also spoken against wars and oppression around the world, saying he will always stand against injustice and mass killings.