Sports News

ക്യാപ്റ്റന്റെ മാനംകാത്ത ജയം, 'വൈ നോട്ട്' വൈഭവ്; പ്രതീക്ഷയേകി മായങ്ക്

ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങിയ വൈഭവ് 18 പന്തുകള്‍ നേരിട്ടാണ് അര്‍ധ സെഞ്ചുറി തികച്ചത്

Sports Desk

സിംബാബ്‌വെയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ ജയം ഇന്ത്യന്‍ ടീമിനേക്കാള്‍ നായകന്‍ ശ്രേയസ് അയ്യരിന് പിടിവള്ളിയാണ്. നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള തുടര്‍ തോല്‍വികളില്‍ നിന്നുള്ള മോചനം. ഹരാരെയില്‍ നടന്ന ഒന്നാം ടി20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 40 പന്തുകള്‍ ശേഷിക്കെ വിജയംകണ്ടു.

മറുപടിയുമായി വൈഭവ്

ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര ടീമിലേക്ക് എത്തിയ 15-കാരന്‍ ഒടുവില്‍ ബാറ്റിങ്ങില്‍ താളംകണ്ടെത്തി. 19 പന്തില്‍ നാല് ഫോറും നാല് സിക്സും സഹിതം 50 റണ്‍സെടുത്ത വൈഭവ് ഇന്ത്യയുടെ വിജയശില്‍പ്പിയായി. വൈഭവിനെ ഇത്രവേഗം രാജ്യാന്തര ക്രിക്കറ്റില്‍ കളിപ്പിക്കണോ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഹരാരെയിലെ താരത്തിന്റെ ഇന്നിങ്സ്.

അര്‍ധ സെഞ്ചുറിയില്‍ റെക്കോര്‍ഡ്

രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കി. ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങിയ വൈഭവ് 18 പന്തുകള്‍ നേരിട്ടാണ് അര്‍ധ സെഞ്ചുറി തികച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ അര്‍ധ സെഞ്ചുറി തികയ്ക്കുമ്പോള്‍ വൈഭവിന്റെ പ്രായം 15 വര്‍ഷവും 118 ദിവസവും. നേപ്പാള്‍ താരം കുശാല്‍ മല്ലയുടെ റെക്കോര്‍ഡ് മറികടന്നു. 2023 ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി നേടുമ്പോള്‍ കുശാല്‍ മല്ലയുടെ പ്രായം 15 വര്‍ഷവും 340 ദിവസവും ആയിരുന്നു. 222 ദിവസത്തിന്റെ വ്യത്യാസത്തിലാണ് വൈഭവ് സൂര്യവന്‍ശി കുശാല്‍ മല്ലയുടെ റെക്കോര്‍ഡ് തകര്‍ത്തത്.

ശ്രേയസിന് ശ്വാസം വിടാം

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത്. രണ്ട് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ക്കു മുന്നില്‍ അടിയറവ് വെച്ചു. തൊട്ടുപിന്നാലെ അഞ്ച് മത്സരങ്ങളുടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും സമ്പൂര്‍ണ തോല്‍വി. തുടര്‍ തോല്‍വികള്‍ ശ്രേയസിന്റെ നായകസ്ഥാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. സിംബാബ്‌വെയ്ക്കെതിരായ ഒന്നാം ടി20 യില്‍ 24 പന്തില്‍ 28 റണ്‍സുമായി ശ്രേയസ് പുറത്താകാതെ നിന്നു.

മായങ്ക് ഷോ

ജസ്പ്രിത് ബുംറയ്ക്കു ശേഷം ഇന്ത്യയുടെ പേസ് നിര ദുര്‍ബലമായി പോകുമോ എന്ന സംശയങ്ങള്‍ക്കുള്ള മറുപടിയായി മായങ്ക് യാദവ്. നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍. വേഗത്തിനൊപ്പം കൃത്യതയോടെയുള്ള ഡെലിവറികള്‍ മായങ്കില്‍ കൂടുതല്‍ പ്രതീക്ഷ പുലര്‍ത്താന്‍ കാരണമാകുന്നു.

India defeated Zimbabwe by seven wickets in the first T20I at Harare, giving captain Shreyas Iyer his first victory after a string of defeats. Chasing 126, India reached the target with 40 balls to spare, losing only three wickets. The highlight of the match was 15-year-old Vaibhav, who smashed a 19-ball 50 with four fours and four sixes, becoming the youngest player to score an international half-century at 15 years and 118 days, surpassing Nepal's Kushal Malla. Fast bowler Mayank Yadav also impressed with figures of 2/18 in four overs, helping restrict Zimbabwe to 125/7.