Sports News

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പിസ്റ്റൾ ഷൂട്ടർ; ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ ഓർമയാകുമ്പോൾ

കരിയറിന്റെ തുടക്കത്തിൽ തന്നെ, 18-ാം വയസ്സിൽ അർജുന അവാർഡും 21-ാം വയസ്സിൽ പത്മശ്രീ പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു

Sports Desk

ഇന്ത്യന്‍ ഷൂട്ടിങ് രംഗത്തെ ഇതിഹാസ താരവും പ്രമുഖ പരിശീലകനുമായ ജസ്പാല്‍ റാണ (49) ഓർമയാകുമ്പോൾ അവശേഷിക്കുന്നത് മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യം. ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെട്ട ഷൂട്ടര്‍മാരില്‍ ഒരാളായ റാണ, കായികതാരം, പരിശീലകന്‍, വഴികാട്ടി എന്നീ നിലകളില്‍ സമാനതകളില്ലാത്ത വ്യക്തിത്വമാണ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു റാണയുടെ അന്ത്യം. നിലവില്‍ ഇന്ത്യയുടെ പിസ്റ്റള്‍ ഷൂട്ടര്‍മാരുടെ ഹൈ-പെര്‍ഫോമന്‍സ് കോച്ചായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മ്യൂണിക്കില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ അദ്ദേഹത്തെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും നിരവധി മെഡലുകള്‍ അദ്ദേഹം രാജ്യത്തിനായി വാരിക്കൂട്ടി. 1994-നും 2006-നും ഇടയിലുള്ള നാല് പതിപ്പുകളിലായി ഒമ്പത് സ്വര്‍ണമടക്കം 15 മെഡലുകള്‍ നേടിയ ജസ്പാല്‍ റാണ, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കായികതാരമാണ്.

മെഡലുകള്‍ വെടിവെച്ചിട്ട ഇതിഹാസ താരം

1976-ല്‍ ഉത്തരാഖണ്ഡിലെ ഒരു സൈനിക കുടുംബത്തില്‍ ജനിച്ച റാണ 1994-ല്‍ മിലാനില്‍ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി അന്താരാഷ്ട്ര വേദിയില്‍ വരവറിയിച്ചു. അതേ വര്‍ഷം ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായി. 1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം 1990-കളിലും 2000 -ത്തിലും പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഒരു പ്രബല ശക്തിയായി മാറി.

1994, 1998, 2002, 2006 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു അദ്ദേഹം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒമ്പത് സ്വര്‍ണ്ണമുള്‍പ്പെടെ പതിനഞ്ച് മെഡലുകളും ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണം ഉള്‍പ്പെടെ എട്ട് മെഡലുകളും നേടിയിട്ടുണ്ട്. 2006-ലെ ദോഹ ഏഷ്യന്‍ ഗെയിംസിലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. അന്ന് മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിയ അദ്ദേഹം 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റളില്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. കരിയറിന്റെ തുടക്കത്തില്‍ തന്നെ 18-ാം വയസ്സില്‍ അര്‍ജുന അവാര്‍ഡും 21-ാം വയസ്സില്‍ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

തലമുറകളെ വാര്‍ത്തെടുത്ത ദ്രോണാചാര്യന്‍

മത്സരരംഗത്തുനിന്ന് വിരമിച്ച ശേഷം 2012-ലാണ് റാണ പരിശീലകനായി ദേശീയ ടീമിനൊപ്പം ചേരുന്നത്. ജൂനിയര്‍ പിസ്റ്റള്‍ പ്രോഗ്രാമിന്റെ ചുമതലയേറ്റെടുത്ത അദ്ദേഹം ഇന്ത്യയുടെ യുവ ഷൂട്ടര്‍മാരെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാനിയായി മാറി. മത്സരങ്ങളിലെ കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കായികതാരങ്ങളെ മാനസികമായി പ്രാപ്തരാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സമാനമായ പരിശീലന അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. കരിയറില്‍ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോയ മനു ഭാകറിനെ തിരികെ ഫോമിലേക്ക് എത്തിക്കാനും 2024-ലെ പാരീസ് ഒളിമ്പിക്‌സിലെ ചരിത്രനേട്ടത്തിലേക്ക് നയിക്കാനും ജസ്പാല്‍ റാണയ്ക്ക് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ കോച്ചിങ് കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായമാണ്.

പാരീസില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും, 10 മീറ്റര്‍ മിക്‌സഡ് ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒരൊറ്റ ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായികതാരമെന്ന റെക്കോര്‍ഡും മനു ഇതിലൂടെ സ്വന്തമാക്കി. മനു ഭാകറിന് പുറമെ സൗരഭ് ചൗധരി, അനീഷ് ഭന്‍വാല, ചിങ്കി യാദവ് തുടങ്ങിയ പ്രമുഖ പിസ്റ്റള്‍ ഷൂട്ടര്‍മാരുടെ വളര്‍ച്ചയിലും റാണ പ്രധാന പങ്കുവഹിച്ചു. ജൂനിയര്‍ തലത്തില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയ്ക്ക് തുടര്‍ച്ചയായി അന്താരാഷ്ട്ര മെഡലുകള്‍ സമ്മാനിക്കുന്ന പ്രതിഭകളുടെ വലിയൊരു നിരയെ സൃഷ്ടിച്ചത്.

2025 ഫെബ്രുവരിയിലാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അദ്ദേഹത്തെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഹൈ-പെര്‍ഫോമന്‍സ് കോച്ചായി നിയമിച്ചത്. കായിക പരിശീലകര്‍ക്ക് നല്‍കുന്ന രാജ്യത്തെ പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്‌കാരം നല്‍കി 2020-ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്ത്യന്‍ ഷൂട്ടിങ് ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് ജസ്പാല്‍ റാണയുടെ വിയോഗം. താരമായും പരിശീലകനായും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും.

English Summary: Indian shooting legend and national coach Jaspal Rana died on Friday after a brief illness. Rana had reportedly undergone a heart procedure at a Delhi hospital last week after returning from the shooting World Cup in Munich. One of India’s most decorated shooters, Rana leaves behind a legacy that spans more than three decades as an athlete, coach and mentor. He won multiple medals at the Asian Games and Commonwealth Games and remains India’s most successful Commonwealth Games athlete.