Sports News

സഞ്ജു ഇല്ലാത്ത രാജസ്ഥാന് വെല്ലുവിളികളേറെ; പ്രതീക്ഷ വൈഭവില്‍

വണ്‍ഡൗണിലേക്ക് വിന്‍ഡീസ് കരുത്തനായ ഷിമ്രോണ്‍ ഹെറ്റ്‌മെയറും മധ്യനിരയില്‍ റയാന്‍ പരാഗും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും പരിഗണിക്കപ്പെടും. എന്നാല്‍ ഓള്‍റൗണ്ടർ പ്രതീക്ഷ രവീന്ദ്ര ജഡേജയില്‍ മാത്രം ഒതുങ്ങും.

Madism Desk

ഐപിഎല്‍ ലേലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ട്രാന്‍ഫര്‍ ഡീലുകളിലൊന്നാണ് സഞ്ജു സാംസണിന്റേത്. സാം കറണ്‍, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെ നല്‍കിയാണ് രാജസ്ഥാനില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ സൗത്ത് ഇന്ത്യയിലെത്തിച്ചത്. എന്നാല്‍ സഞ്ജു പോയതോടെ സ്റ്റാര്‍ വാല്യൂ ഇടിഞ്ഞിരിക്കുന്നത് റോയല്‍സ് ക്യാംപിലാണ്. പകരക്കാരനായി എത്തിയ സാംകറണ്‍ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമാണുള്ളത്. അരക്കെട്ടിനേറ്റ പരുക്കാണ് വില്ലനായത്. സാം കറണിന് പകരം ഡൊണോവന്‍ ഫെരേരെയെ മധ്യനിരയില്‍ പരീക്ഷിക്കാമെന്ന സാധ്യത ടീമിലുണ്ടെങ്കിലും സാമിനെ പോലൊരു പവര്‍ഫുള്‍ ഓള്‍റൗണ്ടറുടെ അഭാവം നികയ്ത്താനാവില്ല. ഐപിഎല്‍ ചരിത്രത്തില്‍ 18.5 കോടി ആദ്യമായി നേടിയ താരമാണ് സാം കറണ്‍.

സാം കറണിന്റെ അഭാവത്തില്‍ തീരുന്നതല്ല രാജസ്ഥാന് സീസണില്‍ നേരിടാന്‍ പോകുന്ന പ്രശ്‌നം. ട്രാന്‍സ്ഫര്‍ ഡീലിലേക്ക് നയിച്ച ക്യാപ്റ്റന്‍സി തര്‍ക്കവും പൂര്‍ണമായും പരിഹരിക്കാന്‍ ടീം മാനേജ്‌മെന്റിന് സാധിച്ചിട്ടില്ല. സഞ്ജുവിന് പകരം നായക സ്ഥാനത്തേക്ക് പരിഗണിക്കുന്ന റയാന്‍ പരാഗ് താരതമ്യേനെ യുവതാരമാണ്, പരിചയക്കുറവ് വിനയാകുമെന്നുറപ്പ്. മറുവശത്ത് ചെന്നൈയില്‍ നിന്നെത്തിയ രവീന്ദ്ര ജഡേജയെ നായകനാക്കിയാല്‍ പരിചയ സമ്പത്ത് മുതല്‍കൂട്ടാകും. എന്നാല്‍ ചെന്നൈയുടെ നായകനായി ജഡേജ നടത്തിയ പ്രകടനം മികച്ചതായിരുന്നില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം യശ്വസി ജെയ്‌സ്വാളും കൗമാര താരം വൈഭവ് സൂര്യവംശിയും റോയല്‍സിന്റെ ഓപ്പണിങ് കരുത്താണ്. അണ്ടര്‍ 19 ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്താണ് വൈഭവ് ഐപിഎല്ലിന് എത്തുന്നത്. പവര്‍ പ്ലേ ഓവറുകളില്‍ ഇരുവരും ആധിപത്യം സ്ഥാപിക്കുമെന്നുറപ്പാണ്. വണ്‍ഡൗണിലേക്ക് വിന്‍ഡീസ് കരുത്തനായ ഷിമ്രോണ്‍ ഹെറ്റ്‌മെയറും മധ്യനിരയില്‍ റയാന്‍ പരാഗും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും പരിഗണിക്കപ്പെടും. എന്നാല്‍ ഓള്‍റൗണ്ടർ പ്രതീക്ഷ രവീന്ദ്ര ജഡേജയില്‍ മാത്രം ഒതുങ്ങും.

ഇംഗ്ലീഷ് കരുത്തന്‍ ജോഫ്രാ ആര്‍ച്ചറാണ് ബൗളിങ് സ്‌ക്വാഡിനെ നയിക്കുന്നത്. ക്വേന മഫാക, ആദം മില്‍നെ,സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരും ബൗളിങില്‍ ശക്തി പകരാനുണ്ട്. അതേസമയം ഡെത്ത് ഓവറുകളില്‍ മികവ് കാണിക്കുന്ന ബൗളറുടെ അഭാവം ടീമിന് ആശങ്കയാണ്.

English Summary: Rajasthan Royals face major challenges in the Indian Premier League after the exit of Sanju Samson, with leadership uncertainty and injuries weakening the squad. While young talents like Vaibhav Suryavanshi offer hope, the team lacks balance in all-round strength and death bowling.