Sports News

പ്ലാന്‍ എ, ബി, സി ഡണ്‍ ! കപ്പ് വിട്ടുകൊടുക്കാത്ത ആര്‍സിബി 'ടാക്ടിക്സ്'

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനെയും സായ് സുദര്‍ശനെയും പവര്‍പ്ലേയ്ക്കു മുന്‍പ് മടക്കുകയായിരുന്നു ആര്‍സിബിയുടെ പ്ലാന്‍ ബി

Milan George

തുടര്‍ച്ചയായി രണ്ടാം ഐപിഎല്‍ കിരീടം, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ഒപ്പം അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചാണ് ആര്‍സിബി കിരീടം ചൂടിയത്.

ആര്‍സിബിക്ക് കിരീടം ഉറപ്പിച്ചത് മൂന്ന് പ്ലാനിങ്ങുകള്‍ കൃത്യമായി നടപ്പാക്കിയതാണ്. ടോസ് നേടുകയെന്നതായിരുന്നു അതില്‍ ആദ്യത്തേത്. ഗുജറാത്തിനു അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഹോം ഗ്രൗണ്ടാണ്. ടോസ് ലഭിച്ച് എതിര്‍ ടീമിനെ ബാറ്റിങ്ങിനു അയച്ചാല്‍ 200 റണ്‍സ് നേടിയാല്‍ പോലും ചേസ് ചെയ്തു ജയിക്കാമെന്ന ആത്മവിശ്വാസം ഗുജറാത്തിനു ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ടോസ് അതീവ നിര്‍ണായകം. ആര്‍സിബി ടോസില്‍ തന്നെ കളി പകുതി ജയിച്ചു. ടോസ് ലഭിച്ച ആര്‍സിബി നായകന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഗുജറാത്തിനെ ബാറ്റിങ്ങിനു അയച്ചു. ഈ തീരുമാനം ശരിവയ്ക്കുന്ന വിധം സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് ആകുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ ആതിഥേയര്‍ക്കു നഷ്ടമായി.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനെയും സായ് സുദര്‍ശനെയും പവര്‍പ്ലേയ്ക്കു മുന്‍പ് മടക്കുകയായിരുന്നു ആര്‍സിബിയുടെ പ്ലാന്‍ ബി. 3.4 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 26 റണ്‍സ് ആയിരിക്കെ ഇരുവരും കൂടാരം കയറി. 12 പന്തില്‍ 12 റണ്‍സെടുത്ത സായ് സുദര്‍ശനെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളില്‍ എത്തിച്ചു. ശുഭ്മാന്‍ ഗില്‍ ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ ആര്‍സിബി നായകന്‍ രജത് പട്ടിദാറിനു ക്യാച്ച് നല്‍കി മടങ്ങി. എട്ട് പന്തില്‍ 10 റണ്‍സാണ് ഗില്‍ നേടിയത്. ഈ സീസണില്‍ 700 + റണ്‍സുള്ള ഓപ്പണിങ് ജോഡികളെ അതിവേഗം മടക്കി ആര്‍സിബി ആധിപത്യം ഉറപ്പിച്ചു.

ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ ഏറ്റവും നിര്‍ണായകമായത് വിരാട് കോലിയുടെ ഇന്നിങ്സ് ആണ്. 42 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സും സഹിതം 75 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. പവര്‍പ്ലേയില്‍ കോലിയെ നഷ്ടമാകാതിരിക്കുകയായിരുന്നു ആര്‍സിബിയുടെ പ്ലാന്‍. ഒരുവശത്ത് കോലി ഉണ്ടെങ്കില്‍ വരുന്നവര്‍ക്കെല്ലാം യാതൊരു ടെന്‍ഷനുമില്ലാതെ കാമിയോ കളിക്കാം. അക്ഷരാര്‍ഥത്തില്‍ ആര്‍സിബി വിജയത്തിന്റെ ഏറ്റവും പ്രധാന കാരണം ഇതായിരുന്നു. കോലി അപ്പുറത്ത് ഉള്ളതുകൊണ്ട് യാതൊരു ആശങ്കയുമില്ലാതെ എല്ലാവരും അവരവരുടെ ഇന്നിങ്സ് മികച്ചതാക്കി.

English Summary: Royal Challengers Bengaluru (RCB) retained their IPL title with a five-wicket victory over Gujarat Titans in the final. Winning the toss, dismissing Shubman Gill and Sai Sudharsan early, and Virat Kohli's unbeaten 75 were the key factors behind RCB's back-to-back championship triumph.