Sports News

ശ്രേയസ് അയ്യർക്ക് വൻ തിരിച്ചടി; പിഴ ശിക്ഷയ്ക്ക് പിന്നാലെ വിലക്ക് ഭീഷണിയും

പെരുമാറ്റച്ചട്ട ലംഘനം ആവർത്തിച്ചാല്‍ വരും മത്സരങ്ങളില്‍ പഞ്ചാബ് നായകന് ബിസിസിഐ വിലക്കേർപ്പെടുത്തും

Sports Desk

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കനത്ത തിരിച്ചടി. മത്സരത്തിൽ കുറഞ്ഞ ഓവർ റേറ്റിനെ തുടർന്ന് പഞ്ചാബ് നായകന് 24 ലക്ഷം രൂപ പിഴ നല്‍കേണ്ടിവരും. സീസണിൽ പഞ്ചാബ് കിംഗ്‌സ് വരുത്തുന്ന രണ്ടാമത്തെ സ്ലോ ഓവർ റേറ്റ് പിഴവാണിത്. നായകന് പുറമെ ടീമിലെ മറ്റ് അംഗങ്ങൾക്കും ഇംപാക്ട് പ്ലെയർക്കും 6 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി നൽകേണ്ടിവരും.

ഇതോടെ സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ പഞ്ചാബ് ടീമിനെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവും. ഇനിയൊരു തവണ കൂടി ഓവർ റേറ്റിൽ വീഴ്ച വരുത്തിയാൽ ശ്രേയസ് അയ്യർക്ക് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ നിന്ന് വിലക്കും നേരിടേണ്ടിവരും. ടൂർണമെന്റിൽ ഇനിയും പന്ത്രണ്ടോളം മത്സരങ്ങൾ ബാക്കി നിൽക്കെ, ക്യാപ്റ്റന്റെ ലഭ്യത ഉറപ്പാക്കാൻ ടീം സമയം കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. നിലവിൽ രണ്ട് തുടർച്ചയായ വിജയങ്ങളുമായി ടീം മികച്ച ഫോമിലാണെങ്കിലും പുതിയ നിയമക്കുരുക്ക് മാനേജ്‌മെന്റിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് അയ്യർ കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്തത്. 209 റൺസ് പിന്തുടർന്ന പഞ്ചാബിനായി 29 പന്തിൽ നിന്ന് അയ്യർ അർദ്ധ സെഞ്ച്വറി നേടി. നേഹൽ വധേരയുമായി ചേർന്ന് അദ്ദേഹം പടുത്തുയർത്തിയ 59 റൺസിന്റെ കൂട്ടുകെട്ട് വിജയത്തിൽ നിർണ്ണായകമായി. തുടക്കത്തിൽ പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് ബാറ്റിംഗും (11 പന്തിൽ 39) പ്രഭ്സിമ്രാൻ സിംഗ്, കൂപ്പർ കോണോലി എന്നിവരുടെ പിന്തുണയും പഞ്ചാബിനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. മികച്ച ഫോമിലുള്ള ചെന്നൈ സ്പിന്നർമാർക്കെതിരെ ആധികാരികമായ ഷോട്ടുകളിലൂടെയാണ് അയ്യർ ടീമിനെ മുന്നിൽ നിന്ന് നയിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത ഓവറിൽ 209 റൺസാണ് അടിച്ചുകൂട്ടിയത്. ആയുഷ് മാത്രെയുടെ തകർപ്പൻ ബാറ്റിംഗാണ് (43 പന്തിൽ 73) ചെന്നൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് 28 റൺസ് നേടി. സഞ്ജു സാംസൺ നേരത്തെ പുറത്തായെങ്കിലും മധ്യനിരയിൽ ശിവം ദുബെയും സർഫറാസ് ഖാനും നടത്തിയ പോരാട്ടം ചെന്നൈയെ ഇരുന്നൂറ് കടത്തി. എന്നാൽ പഞ്ചാബിന്റെ ബാറ്റിംഗ് കരുത്തിന് മുന്നിൽ ഈ സ്കോർ പ്രതിരോധിക്കാൻ ചെന്നൈ ബൗളർമാർക്ക് സാധിച്ചില്ല.

English Summary: Shreyas Iyer has been fined ₹24 lakh after Punjab Kings maintained a slow over rate against Chennai Super Kings. One more offence this season could lead to a ₹30 lakh fine and a one-match ban for the captain.