Sports News

​'ഹർഭജന്റേത് വെറും അഭിനയമാണ്, മുഖത്തടിച്ച് വിവാദം വീണ്ടും വിറ്റ് കാശാക്കി, ഇനിയൊരു ബന്ധവുമില്ല'; തുറന്നടിച്ച് ശ്രീശാന്ത്

ഞാൻ പൊറുക്കും പക്ഷേ ഒരിക്കലും മറക്കില്ല. ആരെങ്കിലും നിങ്ങളോടു തെറ്റ് ചെയ്താൽ അവരോടു പൊറുക്കാം പക്ഷേ ഒരിക്കലും മറക്കരുത്. മറന്നാൽ അവർ വീണ്ടും അതു തന്നെ ആവർത്തിക്കും. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഹർഭജൻ

Sports Desk

ഹർഭജൻ സിങിനതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ എസ് ശ്രീശാന്ത്. തന്റെ മുഖത്തടിച്ച സംഭവത്തെ സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോ​ഗപ്പെടുത്തിയെന്നും അത് അം​ഗീകരിക്കാനാവില്ലെന്നും ശ്രീശാന്ത് പറഞ്ഞു. മാതൃഭൂമി ഡോക് കോമിന് നൽകിയ അഭിമുഖത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. പണമുണ്ടാക്കാൻ തന്നെ ഉപയോ​ഗപ്പെടുത്തിയതിന് പിന്നാലെ ഹർഭജനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്നും ഇൻസ്റ്റാ​ഗ്രാമിൽ പോലും ബ്ലോക്ക് ചെയ്തുവെന്നും ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്തിന്റെ വാക്കുകൾ

ഞാൻ ഭാജിയെക്കുറിച്ച് ആ സംഭവത്തിന് ശേഷം യാതൊന്നും ഇതുവരെ പറഞ്ഞിരുന്നില്ല. ഇതാദ്യമായിട്ടാണ് ഇങ്ങനെ പറയുന്നത്. പല മലയാളം വാർത്താ മാധ്യമങ്ങളും എന്റെ മൗനത്തെക്കുറിച്ച് വാർത്തകൾ പ്രചരിപ്പിച്ചിരുന്നു, അവർക്ക് വേണ്ടിയാണ് ഈ മറുപടി. ഈയിടയ്ക്ക് പുള്ളി മുഖത്തടിച്ച സംഭവത്തെക്കുറിച്ച് ഒരു പരസ്യമുണ്ടാക്കി പണമുണ്ടാക്കി, ഏതാണ്ട് 80 ലക്ഷത്തിനോ 1 കോടി രൂപയ്ക്കോ മറ്റോ!. എന്നിട്ട് എന്നെ വിളിച്ചിരുന്നു, ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറി ഇടാൻ പറഞ്ഞു. ഞാൻ തിരിച്ചുപറഞ്ഞു പൊറുക്കാം പക്ഷേ മറക്കരുത്!. ഒരാൾ തെറ്റ് ചെയ്താൽ നമുക്ക് പൊറുത്തുകൊടുക്കാം പക്ഷേ മറക്കരുത്. മറന്നുകഴിഞ്ഞാൽ ആ വ്യക്തി തെറ്റ് ആവർത്തിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ഹർഭജൻ സിങ്.

എപ്പോഴും ഞാൻ ഭാജി സഹോദരനാണെന്ന് പറയുമായിരുന്നു, സത്യത്തിൽ ആയിരുന്നു പക്ഷേ ഇപ്പോ അങ്ങനെയല്ല. എനിക്ക് പുള്ളിയുമായി ഇനി യാതൊരു ബന്ധവുമില്ല, ആ പരസ്യം ചെയ്തതിന് പിന്നാലെ അദ്ദേഹവുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. ഇൻസ്റ്റാ​ഗ്രാമിൽ വരെ ഞാൻ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അശ്വിനുമായിട്ടുള്ള അഭിമുഖത്തിൽ പോലും പുള്ളി എന്റെ മകളുമായി ബന്ധപ്പെട്ട കഥകളും ഇതുമായി ബന്ധപ്പെട്ട് വിഷമമായി എന്നൊക്കെയുള്ള കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. എനിക്ക് തോന്നിയിട്ടുള്ളത് ഇതൊക്കെ വെറും അഭിനയമാണെന്നാണ്, അത് ഇന്ത്യൻ ജഴ്സിയിൽ കളിക്കുമ്പോഴും അങ്ങനെ തന്നെയാണ്. ആ അഭിനയം ശ്രീശാന്തിന് പറ്റില്ല. എനിക്ക് ഭാജിയുമായി യാതൊരു പ്രശ്നവുമില്ല, ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനു​ഗ്രഹിക്കട്ടെ, പക്ഷേ എനിക്ക് ഇനി യാതൊരു ബന്ധവും അദ്ദേഹവുമായിട്ടില്ല.

2008 ലെ ഐപിഎലിന്റെ ഉദ്ഘാടന സീസണിലായിരുന്നു വിവാദത്തിനു ആസ്പദമായ 'സ്ലാപ്​ഗേറ്റ്' സംഭവം ഉണ്ടായത്. പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ചു. തിരിച്ചൊന്നും പ്രതികരിക്കാതെ ശ്രീശാന്ത് പൊട്ടിക്കരഞ്ഞു. സംഭവ ദൃശ്യങ്ങൾ വലിയ രീതിയിൽ വാർത്തയായി മാറി. പിന്നാലെ ഹർഭജന് ആ സീസൺ മുഴുവൻ വിലക്കും താരത്തിന്റെ മുഴുവൻ മാച്ച് ഫീസും പിഴയായി ഈടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മുൻ ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദി 8 വര്‍ഷങ്ങള്‍ക്കു ശേഷം ഈ സംഭവത്തിന്റെ എച്ഡി ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചകളിൽ നിറഞ്ഞത്.

English Summary: Former Indian cricketer S. Sreesanth has strongly criticized Harbhajan Singh, accusing him of monetizing the infamous IPL “Slapgate” incident. Sreesanth stated he has cut all ties with Harbhajan, calling his actions insincere and purely for financial gain.