Surya Kumar Yadav 
Sports News

ഇനിയും അവസരം കൊടുക്കണോ? സൂര്യകുമാർ പുറത്തേക്ക് !

ഒൻപത് കളികളിൽ നിന്ന് ഈ സീസണിൽ സൂര്യകുമാർ യാദവ് നേടിയത് വെറും 183 റൺസ്

Sports Desk

സൂര്യകുമാർ യാദവിന്റെ ഭാവിയിൽ നിർണായക തീരുമാനമെടുക്കാൻ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ്. താരത്തിന്റെ ഈ സീസണിലെ പ്രകടനത്തിൽ മാനേജ്‌മെന്റ് കടുത്ത നിരാശയിലാണ്. അടുത്ത സീസണിനു മുന്നോടിയായി സൂര്യയെ റിലീസ് ചെയ്യുന്ന കാര്യം പോലും മുംബൈ ആലോചിക്കുന്നുണ്ടെന്നാണ് ഫ്രാഞ്ചൈസിയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സീസണിൽ മുംബൈ പ്ലേ ഓഫ് കാണില്ലെന്നു ഉറപ്പായി. ലീഗ് ഘട്ടത്തിലെ ഒൻപത് കളികളിൽനിന്ന് സൂര്യ ടീമിനായി നേടിയത് വെറും 183 റൺസാണ്. സ്‌ട്രൈക് റേറ്റ് 144.09, ശരാശരി 20.33! ഡൽഹി ക്യാപിറ്റൽസിനെതിരെ 36 പന്തിൽ നേടിയ 51 റൺസാണ് ഈ സീസണിലെ ടോപ് സ്‌കോർ. 16 (8), 6 (3), 33 (22), 0 (1), 15 (10), 36 (30), 5 (5), 21 (12) എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു സ്‌കോറുകൾ.

പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന സാഹചര്യമായതോടെ സൂര്യയെ വരും കളികളിൽ ബെഞ്ചിലിരുത്തിയേക്കും. പകരം ഈ സീസണിൽ കളിക്കാൻ അവസരം ലഭിക്കാത്തവരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തും.

തുടർച്ചയായി ഒരേ രീതിയിലാണ് സൂര്യ പുറത്താകുന്നതെന്ന വസ്തുത താരത്തിന്റെ ഫോംഔട്ട് എത്രത്തോളം ഭീകരമാണെന്ന സൂചന നൽകുന്നുണ്ട്. ശരീരത്തിലേക്കുള്ള ലെങ്ത് ഡെലിവറികളിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചാണ് മിക്ക കളികളിലും സൂര്യയുടെ മടക്കം. ശരീരത്തിലേക്കുള്ള ലെങ്ത് ബോളുകളിൽ സൂര്യ പതറുന്നുണ്ടെന്ന് മനസിലാക്കി എതിർ ടീം ബൗളർമാർ സമാന രീതിയിൽ കെണിയൊരുക്കുന്നത് താരത്തിനു തിരിച്ചറിയാനും പറ്റുന്നില്ല.

അതേസമയം സൂര്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ടീം പരിശീലകൻ മഹേള ജയവർധനെയ്ക്ക്. ' കുറച്ച് റൺസ് കണ്ടെത്താനായാൽ സൂര്യ പഴയ ഫോമിലേക്ക് എത്തിയേക്കും. ചിലതൊക്കെ സമയത്തിന്റെ പ്രശ്‌നം കൂടിയാണ്. സൂര്യ കടുത്ത നിരാശയിലാണ് ഇപ്പോൾ. അപ്പോഴും കഠിന പ്രയത്‌നം നടത്തുന്നുണ്ട്,' ജയവർധനെ പറഞ്ഞു.

English Summary: Suryakumar Yadav’s poor form in the ongoing IPL season has become a major concern for Mumbai Indians. With just 183 runs in nine matches, the star batter has failed to deliver consistent performances, raising questions about his place in the squad. Reports suggest that the franchise is even considering releasing him ahead of the next season. While coach Mahela Jayawardene continues to back him, Suryakumar’s repeated dismissals and struggles against specific deliveries remain a serious issue.