ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫോട്ടോഫിനിഷിലേക്ക്. സീസൺ അവസാനംവരെ ആരാധകരെ സസ്പെൻസോടെ ത്രില്ലടിപ്പിച്ചും ആശങ്കപ്പെടുത്തിയും രസിപ്പിച്ചും നിർത്താന്‍ ഇത്തവണയും ലീഗിന് സാധിക്കുമെന്നാണ് മത്സരഫലങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടൂർണമെന്‍റെന്ന ഖ്യാതി പ്രീമിയർ ലീഗിന് നിലർത്താനാവുന്നതിന്‍റെ കാരണവും ഈ അപ്രതീക്ഷിത ട്വിസ്റ്റുകളാണ്. ലീഗിലെ മത്സരങ്ങൾ അവസാന റൗണ്ടിലെത്തിയിട്ടും ആര് കിരീടം ചൂടുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും പോയിന്‍റ് ടേബിള്‍ നല്‍കുന്നില്ല.
സീരി എയിൽ ഇന്റർമിലാൻ കഴിഞ്ഞ ദിവസം കിരീട ജേതാക്കളായിരുന്നു. ലീഗ് വൺ പിഎസ്ജി ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബുണ്ടസ് ലീഗിൽ ബയേൺ മ്യൂണിക്കും ലാലിഗയിൽ നിലവിലെ ജേതാക്കളായ ബാഴ്സലോണയും കിരീടമണിയും. എന്നാൽ എല്ലാ സീസണുകളേയും പോലെ ഇത്തവണയും സസ്പെന്‍സ് ഒളിപ്പിച്ചാണ് പ്രീമിയർ ലീഗ് മുന്നേറുന്നത്. മുന്‍പന്തിയിലുള്ള ഗണ്ണേഴ്സാണ് നിലവിലെ ലീഗിലെ ഫേവറേറ്റുകള്‍.
നിലവിൽ മാഞ്ചസ്റ്റർ സിറ്റിയും ക്രിസ്റ്റല്‍ പാലസും ഒഴികെയുള്ള ടീമുകളും 35 മത്സരങ്ങൾ വീതം പൂർത്തിയാക്കിയിട്ടുണ്ട്. സിറ്റിയും ക്രിസ്റ്റലും 34 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. പാേയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി 6 പോയിന്റ് വ്യത്യാസുമുണ്ടായിരുന്ന സമയത്ത് 33 മത്സരങ്ങളാണ് സിറ്റി പൂർത്തിയാക്കിയത്, ബാക്കിയുള്ള 2 മത്സരങ്ങളും ജയിച്ചാല്‍ ഒപ്പത്തിനൊപ്പമെത്താന്‍ അവസരമൊരുങ്ങിയേനെ. എന്നാല്‍ എവർടെണോട് ഇന്നലെ അപ്രതീക്ഷിത സമനില വഴങ്ങിയതിലൂടെ സിറ്റി ആ ഗോള്‍ഡണ്‍ ചാന്‍സ് കളഞ്ഞുകുളിച്ചു. അതേസമയം അടുത്ത മത്സരത്തില്‍ വിജയിച്ച് പോയിന്‍റ് വ്യത്യാസം രണ്ടായി ചുരുക്കാന്‍ സിറ്റിക്ക് അവസരമുണ്ട്. ഇനിയുള്ള ആഴ്സണലിന്റെ ജയപരാജയങ്ങള്‍ അനുസരിച്ചിരിക്കും പെപ് ഗാഡിയോളയുടെ ടീമിന്‍റെ കിരീട പ്രതീക്ഷ.
പ്രീമിയർ ലീഗ് കിരീടമെന്ന സ്വപ്നം പൂവണിയാൻ ഇത്തവണയെങ്കിലും ആർട്ടേറ്റക്കും സംഘത്തിനും കഴിയുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. തുടർച്ചയായ റണ്ണറപ്പുകളാവേണ്ടി വരുന്ന നിരാശയ്ക്ക് ഈ സീസണിലെങ്കിലും അറുതിവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാഞ്ചസ്റ്റർ സിറ്റി-എവർടൺ സമനില ആഴ്സണൽ ആരാധകർക്ക് ചെറിയ ആശ്വസമൊന്നുമല്ല നൽകിയിട്ടുള്ളത്. നിലവിൽ 76 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ 5 പോയന്റ് വ്യത്യാസമാണ് രണ്ടാം സ്ഥാനത്തുള്ള സിറ്റിക്കുള്ളത്. ലിവർപൂളിനെ 3-2 ഗോളിന് തോൽപ്പിച്ച് അടുത്ത ചാമ്പ്യൻസ് ലീഗ് സ്പോട്ടുറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 64 പോയിന്റുമായി ടേബിളിൽ മൂന്നാം സ്ഥാനത്താണ്.
മറുവശത്ത് അടുത്ത മൂന്ന് മത്സരങ്ങൾ ആഴ്സണലിനെ സംബന്ധിച്ചിടത്തോളം കടുത്തതായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. അടുത്ത സീസണിൽ തരംതാഴ്ത്തൽ നടപടിയിലേക്ക് പ്രവേശിച്ച വെസ്റ്റ് ഹാം, ബേൺലി ടീമുകളും പോയിന്റ് ടേബിളിൽ 15ാം സ്ഥാനത്തുള്ള ക്രിസ്റ്റൽ പാലസുമാണ് എതിരാളികൾ. മൂന്ന് മത്സരത്തിലും ആഴ്സണലിന് വിജയിക്കാനായാൽ ഇത്തവണ കിരീടം എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്കെത്തും. നാല് മത്സരങ്ങൾ ബാക്കിയുള്ള സിറ്റിക്ക് ആസ്റ്റൺ വില്ലയും പോയിന്റ് ടേബിളിൽ യഥാക്രമം ആറും ഏഴും സ്ഥാനത്തുള്ള ബോൺമൗത്തും ബ്രന്റ്ഫോഡും ക്രിസ്റ്റൽ പാലസുമാണ് എതിരാളികള്‍. സിറ്റി ഈ നാല് മത്സരങ്ങളിലും ജയിച്ചാലും ആഴ്സണൽ സമനില വഴങ്ങുകയോ പരാജയപ്പെടുകയോ ചെയ്തില്ലെങ്കില്‍ കിരീടം നഷ്ടമാകും.
English Summary: English Summary: Man City slipped up on Monday as they drew 3-3 at everton, but it could have worse, given they were 3-1 down after 82 minutes, before goals from erling haaland and jeremy rescued a point. The title is now in Arsenal's hands - if they win all of their remaining three matches, they would be crowned champions. But a single slip-up would let Man City back in.