പ്രീമിയര്‍ ലീഗില്‍ പലസ്റ്റേഡിയങ്ങളിലുമായി ഇന്നലെ നടന്നത് വ്യതസ്ഥ അനുഭവങ്ങളും കാഴ്ച്ചകളുമായിരുന്നു. 22 വര്‍ഷത്തിനുശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായി കിരീടം ഉയര്‍ത്തുന്നതായിരുന്നു എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ ആഘോഷം. എന്നാല്‍ തങ്ങളുടെ എക്കാലത്തെയും ഇതിഹാസ പരിശീലകനായ പെപ് ഗാര്‍ഡിയോളയേയും വിശ്വസ്ത മിഡ്ഫീല്‍ഡര്‍ ബര്‍ണാഡോ സില്‍വയെയും യാത്രയാക്കുന്ന വികാര നിമിഷങ്ങളായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയിലെ കാഴ്ച്ചകള്‍. ലിവര്‍പൂളിലേയും സ്ഥിതി സമാനമായിരുന്നു. ഒന്‍പതു വര്‍ഷം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട കിങ് മുഹമ്മദ് സലായും ക്ലബിന്റെ വന്‍മതില്‍ റോബേര്‍ട്‌സനും വിട പറഞ്ഞ കണ്ണീര്‍ നിമിഷങ്ങള്‍.
ഒരു വശത്ത് ആഘോഷത്തിന്റേയും മറുവശത്ത് കണ്ണീരിന്റേയും കാഴ്ച്ചകളായിരുന്നെങ്കില്‍ മറ്റൊരുമൂലയില്‍ ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങളുടെ പോരാട്ടമായിരുന്നു നടന്നത്. പ്രീമിയര്‍ ലീഗില്‍ പുറത്താക്കല്‍ നടപടികളിലേക്ക് കടക്കാതിരിക്കാനുള്ള ജീവന്‍മരണ പോരാട്ടങ്ങള്‍. 2025ലെ യൂറോപ ലീഗ് ജേതാക്കളായ ടോട്ടണ്‍ഹാമിനും 2023ലെ യോറോപ കോണ്‍ഫറന്‍സ് ലീഗ് ജേതാക്കളായ വെസ്റ്റ്ഹാമിനുമായിരുന്നു ഇന്നലത്തെ അഗ്നി പരീക്ഷ.
കേവലം ഒരു മത്സരം ബാക്കിനില്‍ക്കെ 2 പോയിന്റിന് വെസ്റ്റ് ഹാമിനോട് മുന്നിട്ട് നിന്നിരുന്ന സ്‌പേര്‍സിന് ഇന്നലെ പരാജയപ്പെട്ടിരുന്നെങ്കില്‍ ചരിത്രത്തിലാധ്യമായി പ്രീമിയര്‍ ലീഗ് പുറത്താക്കല്‍ നടപടിയിലേക്ക് കടക്കും എന്നതായിരുന്നു ചിത്രം. മറുവശത്ത് ലീഡ്‌സിനെ 3-0 ന് പരാജയപ്പെടുത്തി വെസ്റ്റ്ഹാം തങ്ങളുടെ പോയിന്റ് ഭദ്രമാക്കിയത് ചിത്രത്തിന്റെ ഗൗരവം വര്‍ധിപ്പിക്കും. എന്നാല്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ട 'ഗ്ലോറി, ഗ്ലോറി ടോട്ടനം ഹോട്സ്പര്‍'' എന്ന പഴയ വരിയുടെ അകമ്പടിയോടെ എവര്‍ട്ടണിനെ 1-0 ത്തിന് പരാജയപ്പെടുത്തി പ്രീമിയര്‍ ലീഗില്‍ ടോട്ടണ്‍ഹാം കഷ്ടിച്ച് പിടിച്ചു നില്‍ക്കുകയായിരുന്നു.
അതേസമയം, വിജയാഘോഷത്തിനിടയിലും ക്ലബിനോടുള്ള അമര്‍ഷം ആരാധകര്‍ പ്രകടിപ്പിച്ചു. 'വിജയം വാഗ്ദാനം ചെയ്തു, പക്ഷെ പരാജയം സമ്മാനിച്ചു, ENIK പുറത്തുപോകുക' എന്ന ബാനറുയര്‍ത്തിയാണ് ക്ലബുടമകളോടുള്ള പ്രതിഷേധം ഫാന്‍സ് അറിയിച്ചത്. വര്‍ഷങ്ങളായുള്ള നിരാശയും ശരാശരി പ്രകടനങ്ങളും മാത്രം സഹിച്ച ആരാധകര്‍ക്ക് ഈ രക്ഷപെടല്‍ ചെറിയൊരു ആശ്വാസമായിരുന്നു എന്നതാണ് സത്യം. ഈ സീസണില്‍ സ്‌പേര്‍സ് സ്വന്തം മൈതാനത്ത് നേടുന്ന വെറും മൂന്നാമത്തെ ലീഗ് ജയമായിരുന്നു ഇത്.
തുടര്‍ച്ചയായ രണ്ടാം സീസണിലും 17-ാം സ്ഥാനത്ത് അവസാനിപ്പിച്ച ടോട്ടണ്‍ഹാം ഒരിക്കല്‍ യൂറോപ്പിലെ വലിയ ക്ലബ്ബുകളില്‍ ഒന്നായിരുന്നു. എന്നാല്‍ ഇന്നവര്‍ നിലനില്‍പ്പിനായി പോരാടേണ്ട അവസ്ഥയിലെത്തി നില്‍ക്കുന്നു. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് കിരീടം ക്ലബിനും ആരാധകര്‍ക്കും ചെറിയോരാശ്വാസം, പരിശീലകന്‍ ആന്‍ജ് പോസ്റ്റകോഗ്ലുവിനെ പുറത്താക്കിയാണ് ക്ലബ് ഉടമസ്ഥര്‍ ആഘോഷിച്ചത്. ഇത് ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ആറ് വര്‍ഷത്തിനുള്ളില്‍ 7 പരിശീലകരെ മാറ്റിയാണ് ക്ലബ് പരീക്ഷണം നടത്തിയത്. അവസാനമായി എത്തിയ റോബര്‍ട്ടോ ഡെ സെര്‍ബി അടുത്ത സീസണില്‍ ക്ലബ് ഏത് ഡിവിഷനിലായിരിക്കുമെന്ന് പോലും വ്യക്തമല്ലാത്ത സമയത്ത് 2026 മാര്‍ച്ചിലായിരുന്നു പരിശീലക സ്ഥാനം ഏറ്റെടുത്തത്.
ഇത്ര വലിയ സ്റ്റേഡിയവും ലോകത്തിലെ മികച്ച ആരാധക പിന്തുണയും ചാമ്പ്യന്‍സ് ലീഗ് യോഗ്യതയിലൂടെ ലഭിച്ച കോടിക്കണക്കിന് വരുമാനവും ഉണ്ടായിട്ടും ക്ലബ് എങ്ങനെ തരംതാഴ്ത്തലിന്റെ വക്കിലെത്തിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തെറ്റായ പരിശീലക നിയമനങ്ങള്‍, മോശം ട്രാന്‍സ്ഫറുകള്‍, ആത്മവിശ്വാസമില്ലാത്ത താരങ്ങള്‍ എന്നിവയെല്ലാം ടീമുടമകള്‍ നേരിടുന്ന പ്രധാന വിമര്‍ശനങ്ങളാണ്.
English Summary: Arsenal celebrated the Premier League title after 22 years, while Manchester City and Liverpool fans gave emotional farewells to club legends. At the same time, Tottenham survived relegation with a tense 1-0 win over Everton, despite strong protests from fans against club owners ENIC. Spurs finished 17th for the second straight season, leaving supporters angry over poor management, bad transfers, and inconsistent performances.