2026 ഐപിഎല്ലിന്റെ മുഖമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15 കാരനായ വൈഭവ് സൂര്യവംശി. സൂര്യവംശിയെക്കുറിച്ച് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍താരവും ബാറ്റിങ് കോച്ചുമായ കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഇന്ന് നടക്കാനിരിക്കുന്ന റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിനു മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് പൊള്ളാര്‍ഡ് പ്രതികരിച്ചത്.
പൊള്ളാര്‍ഡിന്റെ വാക്കുകള്‍ ഇങ്ങനെ
"എന്റെ 15 ാം വയസ്സില്‍ ഞാന്‍ സ്‌കൂളില്‍ ക്ലബ്ബ് ക്രിക്കറ്റ് കളിച്ച് നടക്കുകയായിരുന്നു. അന്ന് ഭാവിയിലൊരു പ്രൊഫഷണല്‍ കരിയര്‍ ഉണ്ടാവുമോ എന്നുപോലും എനിക്കറിയില്ലായിരുന്നു. ഇന്ന് ഒരു ചെറുപ്പക്കാരന്‍ തന്റെ ഉള്ളിലെ കൊടുങ്കാറ്റുകൊണ്ട് ലോകം കീഴടക്കുന്നത് ഏറെ സന്തോഷം തരുന്നു". അമിതപ്രതീക്ഷ സൂര്യവംശിയുടെ ഭാവിക്ക് വിഘാതമാകരുതെന്ന മുന്നറിയിപ്പ് നൽകാനും പൊള്ളാര്‍ഡ് മറന്നില്ല - "പ്രതീക്ഷയുടെ അമിതഭാരം നല്‍കി, ആ ചെറുപ്പക്കാരന്റെ കരിയര്‍ നശിപ്പിക്കരുത്. ചില കളികളില്‍ ചിലപ്പോള്‍ സൂര്യവംശിക്ക് നല്ല ഫോമില്‍ കളിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഇതുവരെ ചെയ്ത സംഭാവനകളെല്ലാം മറന്ന് അവനെ കുറ്റപ്പെടുത്തരുത്. ഇതാണ് ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ പേടിയും".
റെക്കോര്‍ഡിനരികെ
പൊള്ളാര്‍ഡിന്റെ കൈവശമുള്ള ഒരു റെക്കോര്‍ഡിന് തൊട്ടരികിലാണ് സൂര്യവംശി. സീസണില്‍ 4 കളികളില്‍ 200 റണ്‍സാണ് സൂര്യവംശി അടിച്ചുകൂട്ടിയത്; അതും 266.66 എന്ന വലിയ സ്‌ട്രൈക്ക് റേറ്റില്‍. ഇതില്‍ ഉള്‍പ്പെടുന്ന രണ്ട് ഫിഫ്റ്റികളും 300 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് അടിച്ചിട്ടുള്ളത്. ഇതോടെ ഐപിഎല്ലില്‍ 300 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ സൂര്യവംശി നേടിയ ഫിഫ്റ്റികളുടെ എണ്ണം മൂന്നായി. നാല് തവണ ഈ നേട്ടം കൈവരിച്ച കീറോണ്‍ പൊള്ളാര്‍ഡ് മാത്രമാണ് മുന്നിലുള്ളത്.
English Summary: Kieron Pollard praised 15-year-old Vaibhav Suryavanshi but warned against excessive expectations. The young Rajasthan Royals star is close to breaking Pollard’s IPL strike-rate milestone, making headlines in IPL 2026.