Sports

ജയം വേണ്ട, ആ 166 മതി; ബെംഗളൂരുവിനെ ഒന്നാമതെത്തിച്ച ടാക്റ്റിക്‌സ്

ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് ആണ് ആർസിബിയുടെ എതിരാളികൾ

Milan George

സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ 55 റൺസിനു തോറ്റെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാംപിൽ സന്തോഷം. കാരണം വേറൊന്നുമല്ല ലീഗിലെ എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ആർസിബിക്കു സാധിച്ചു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് ആണ് ആർസിബിയുടെ എതിരാളികൾ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഹൈദരബാദ് തീരുമാനിച്ചത് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. 80 റൺസിനു മുകളിലുള്ള മാർജിനിൽ ജയിച്ചാൽ മാത്രമേ അത് സംഭവിക്കൂ. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എടുക്കുകയും ചെയ്തു.

മറുവശത്ത് ആർസിബിക്ക് 256 എന്ന വിലയലക്ഷ്യമായിരുന്നില്ല കണ്ണിൽ. മറിച്ച് 166 എന്ന മാജിക് നമ്പറായിരുന്നു. ചേസിങ്ങിൽ 166 റൺസെടുത്താൽ ആർസിബിക്കു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരാമായിരുന്നു. അതുകൊണ്ട് കളി ജയിക്കുക എന്നതിലപ്പുറം 166 റൺസെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് ആർസിബി ശ്രദ്ധയോടെ ബാറ്റ് വീശി.

16 ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 160 എന്ന നിലയിലായിരുന്നു ആർസിബി. തൊട്ടടുത്ത ഓവറിൽ ഒരു ബൗണ്ടറിയും രണ്ട് സിംഗിളുകളും നേടി സ്‌കോർ ബോർഡിൽ 166 റൺസാക്കി. ഇതോടെ കളി തോറ്റാലും ആദ്യ രണ്ടിൽ നിന്ന് താഴെ വീഴില്ലെന്ന് ആർസിബി ഉറപ്പിച്ചു.

നെറ്റ് റൺറേറ്റാണ് ആർസിബിക്കു ഗുണമായത്. 14 കളികളിൽ നിന്ന് ഒൻപത് ജയത്തോടെ 18 പോയിന്റുമായി ആർസിബിയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. +0.783 ആണ് ആർസിബിയുടെ നെറ്റ് റൺറേറ്റ്. ഗുജറാത്ത് ടൈറ്റൻസിനും 18 പോയിന്റാണ്. നെറ്റ് റൺറേറ്റ് +0.695. സൺറൈസേഴ്സ് ഹൈദരബാദിനും 18 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് +0.524 മാത്രമാണ്. മേയ് 26 നാണ് ഒന്നാം ക്വാളിഫയർ. ധരംശാലയാണ് വേദിയാകുക. ആർസിബിക്കെതിരെ ജയിച്ചെങ്കിലും ഹൈദരബാദ് മൂന്നാം സ്ഥാനത്ത് ആയതുകൊണ്ട് നാലാം സ്ഥാനക്കാരുമായി എലിമിനേറ്റർ കളിക്കണം. നാലാം സ്ഥാനക്കാരെ ഇന്ന് നടക്കുന്ന മത്സരങ്ങൾക്കു ശേഷം അറിയാം.

English Summary: Despite suffering a 55-run defeat against Sunrisers Hyderabad, Royal Challengers Bengaluru have reasons to celebrate. With all league-stage matches completed, RCB managed to retain the top position in the IPL points table. They will now face Gujarat Titans in Qualifier 1 as they aim for a place in the final.