Sports

Sanju Samson: അതൊരു സിഗ്നൽ ആണ്, ഏകദിന ലോകകപ്പ് പദ്ധതികളിൽ സഞ്ജു ഇല്ല; ബിസിസിഐ പറഞ്ഞുവയ്ക്കുന്നത്

ഏകദിന ടീമിൽ മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തുടരുന്നതാണ് സഞ്ജുവിനു തടസമാകുന്നത്.

Sports Desk

Sanju Samson: 2027 ഏകദിന ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തുമോ എന്നതായിരുന്നു ക്രിക്കറ്റ് ആരാധകരുടെ സംശയം. എന്നാൽ ലോകകപ്പ് പദ്ധതികളിൽ സഞ്ജുവിനു ഇടമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ബാക്കപ്പ് വിക്കറ്റ് കീപ്പർ എന്ന നിലയിൽ പോലും സഞ്ജു പരിഗണിക്കപ്പെട്ടിട്ടില്ല.

കെ.എൽ.രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പർ. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനാണ് ടീമിൽ ഇടംപിടിച്ചത്. സഞ്ജു ടീമിലെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും സെലക്ടർമാരുടെയും പരിശീലകൻ ഗൗതം ഗംഭീറിന്റെയും പിന്തുണ ഇഷാൻ കിഷനായിരുന്നു.

ഏകദിന ടീമിൽ മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തുടരുന്നതാണ് സഞ്ജുവിനു തടസമാകുന്നത്. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ എന്നതിനൊപ്പം ഏത് പൊസിഷനിൽ വേണമെങ്കിലും ബാറ്റ് ചെയ്യാൻ കഴിവുള്ള താരവുമാണ്. ഓപ്പണർ മുതൽ നാലാം നമ്പറിൽ വരെ പരീക്ഷിക്കാമെന്നതും ഇടംകൈയൻ ബാറ്ററാണെന്നതും ഇഷാൻ കിഷനു മുൻതൂക്കം നൽകുന്നു. ഉപനായകനായി ശ്രേയസ് അയ്യർ കൂടി ടീമിലെത്തിയതോടെ സഞ്ജുവിന്റെ സാധ്യതകൾ പൂർണമായി അവസാനിച്ചു.

കോലിയോ രോഹിത്തോ ഏകദിന പദ്ധതികളിൽ നിന്ന് മാറിനിന്നാൽ സഞ്ജുവിനു വാതിൽ തുറക്കും. എന്നാൽ അത് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല. ഇരുവരും ഏകദിനത്തിൽ മികച്ച പ്രകടനമാണ് സമീപകാലത്ത് നടത്തിയിരിക്കുന്നത്. ഇവരിൽ ഒരാൾ തുടർച്ചയായി ഫോം ഔട്ട് ആകുകയാണെങ്കിൽ ലോകകപ്പ് പദ്ധതികളിലേക്ക് സഞ്ജുവിനു സാധ്യത തെളിയും.

ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.

English Summary: As India begins preparations for the 2027 ODI World Cup, questions were raised over whether Kerala star Sanju Samson would be part of the national team’s plans. However, the BCCI’s latest squad announcement for the three-match ODI series against Afghanistan indicates that Sanju is currently not in contention. The wicketkeeper-batter was not included even as a backup wicketkeeper, signaling that the selectors may be looking beyond him in their long-term World Cup strategy.