Soccer

'ഇത് ഫുട്ബോളിന് ദോഷം ചെയ്യും'; ലോകകപ്പ് സ്വകാര്യവത്കരണ നീക്കത്തിൽ പ്രതിഷേധിച്ച് കാർലോസ് കോർഡിറോയുടെ രാജി

ഫിഫയുടെ അംഗരാജ്യങ്ങൾക്കും, ഫുട്ബോളിനും, കളിയുടെ ഭാവി ലക്ഷ്യങ്ങൾക്കും ഇതൊരു തിരിച്ചടിയാണ്

Sports Desk

ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങളുടെ ഒരു ഭാഗം സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ സീനിയർ ഉപദേഷ്ടാവ് കാർലോസ് കോർഡീറോ രാജിവെച്ചു. ഫുട്ബോളിന്റെ ഭാവിയെ ബാധിക്കുന്ന തികച്ചും മോശമായ ഒരു തീരുമാനമാണിതെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം തൽസ്ഥാനം രാജിവെച്ചത്.

ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ മൂല്യമുള്ള 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' (FFE) എന്ന പേരിൽ ഒരു ഉപസ്ഥാപനം രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്റെ 20 ശതമാനം ഓഹരികൾ ബാഹ്യ നിക്ഷേപകർക്ക് വിൽക്കുന്നതിലൂടെ 4.2 ബില്യൺ ഡോളർ സമാഹരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. വ്യവസായിയും ഡോണൾഡ് ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്‌നറുടെ സഹോദരനുമായ ജോഷ്വാ കുഷ്‌നറാണ് ഇതിന് സാമ്പത്തിക പിന്തുണ നൽകുന്നത്.

എന്നാൽ ഈ തീരുമാനത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും, ഇതിനെ ശക്തമായി എതിർക്കുന്നുവെന്നും കോർഡീറോ വ്യക്തമാക്കി. "ഫിഫയുടെ അംഗരാജ്യങ്ങൾക്കും, ഫുട്ബോളിനും, കളിയുടെ ഭാവി ലക്ഷ്യങ്ങൾക്കും ഇതൊരു തിരിച്ചടിയാണ്," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സാമ്പത്തികമായി ഫിഫ നിലവിൽ വളരെ ശക്തമായ നിലയിലാണെന്നും അതിനാൽ പണം കണ്ടെത്താൻ ഇത്തരമൊരു ഓഹരി വിൽപ്പനയുടെ ആവശ്യമില്ലെന്നും കോർഡീറോ ചൂണ്ടിക്കാട്ടി. ഫിഫയുടെ കൈവശം കോടിക്കണക്കിന് ഡോളറിന്റെ കരുതൽ ശേഖരമുണ്ട്, യാതൊരുവിധ കടബാധ്യതകളുമില്ല. 2022-2026 കാലയളവിൽ ഫിഫയുടെ വരുമാനം 15 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഫുട്ബോളിന്റെ ഏറ്റവും മൂല്യമേറിയ സ്വത്തിന്റെ ഓഹരികൾ വിൽക്കുന്നത് ഫുട്ബോളിന്റെ ഭാവിയെ പണയം വെക്കുന്നതിന് തുല്യമാണെന്നും, യാതൊരു ന്യായീകരണവും ഇതിനില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ലോകകപ്പിനുള്ള വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സിൽ ഫീഫയെ പ്രതിനിധീകരിച്ചത് കാർലോസ് കോർഡിറോ ആയിരുന്നു. മുൻ അമേരിക്കൻ സോക്കർ ഫെഡറേഷൻ വൈസ് പ്രസിഡന്റും ഗോൾഡ്മാൻ സാക്‌സിലെ മുൻ ഉന്നത ഉദ്യോഗസ്ഥനുമായ അദ്ദേഹത്തെ 2021-ലാണ് ഫീഫയുടെ പുതിയ തന്ത്രപരമായ നീക്കങ്ങൾക്ക് ഉപദേശം നൽകുന്നതിനായി ഇൻഫാന്റിനോ നിയമിച്ചത്.

സെപ്റ്റംബർ 19-ന് ഈ നിർദ്ദേശത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, 211 അംഗ അസോസിയേഷനുകളോട് ഈ നിർദ്ദേശം വിശദമായി പരിശോധിച്ച് തള്ളിക്കളയാൻ കോർഡീറോ അഭ്യർത്ഥിച്ചു. ഗോൾഡ്മാൻ സാക്സിലെ മുൻ വൈസ് ചെയർമാനും, മുൻ യുഎസ് സോക്കർ ഫെഡറേഷൻ പ്രസിഡന്റുമായ അദ്ദേഹം 2021-ലാണ് ഫിഫയുടെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ ജിയാനി ഇൻഫാന്റിനോയെ ഉപദേശിക്കുന്നതിനായി സീനിയർ ഉപദേഷ്ടാവായി ചുമതലയേറ്റത്. കാർലോസ് കോർഡീറോയുടെ രാജി ഫിഫ നേതൃത്വത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

വിവാദമായ ഈ പദ്ധതിയിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഫീഫയിലെ 211 അംഗ രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. അംഗീകരിച്ചില്ലെങ്കിൽ പിന്നിലാക്കപ്പെടുമെന്ന മുന്നറിയിപ്പാണ് ഇൻഫാന്റിനോ നൽകിയിരിക്കുന്നത്. യൂറോപ്യൻ, ഏഷ്യൻ ഫുട്ബോൾ അസോസിയേഷനുകൾ ഇതിനകം തന്നെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും, വസ്തുതകളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാൻ 211 ദേശീയ അസോസിയേഷനുകൾക്കും അവസരം നൽകിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് ഫീഫയുടെ വിശദീകരണം.

Carlos Cordeiro, senior adviser to FIFA President Gianni Infantino, has resigned in protest against a controversial plan to sell a 20% stake in the FIFA World Cup and other events to private investors. The proposal involves creating a $20 billion subsidiary, FIFA Forward Enterprise, backed by Joshua Kushner. Cordeiro criticized the move as "mortgaging football's future," arguing that FIFA has no debt and sufficient reserves. The plan has faced severe backlash, with European and Asian football bodies threatening a boycott, while FIFA insists on proceeding with a member association vote by September 19.