Soccer

ജർമനിയിൽ ലിവർപൂൾ ആവർത്തിക്കാൻ യു​ർ​ഗൻ ക്ലോപ്പ്; പരിശീലക സ്ഥാനത്തിന് ഔദ്യോ​ഗിക സ്ഥിരീകരണം

2014 ലോകകപ്പ് കിരീടത്തിന് ശേഷം ജർമ്മനിക്ക് ലോക ഫുട്ബോളിൽ പഴയ ആധിപത്യം നിലനിർത്താൻ കഴിഞ്ഞിട്ടില്ല

Sports Desk

2014 ലോകകപ്പ് ജേതാക്കളായ ജർമനിക്ക് ഈ ലോകകപ്പ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 2022,18 ലോകകപ്പിലെ ദയനീയ പരാജയത്തിന്റെ ക്ഷീണം മാറ്റാൻ ഇക്കുറി നോർത്ത് അമേരിക്കയിലെത്തിയ, 4 ലോകകപ്പ് കിരീടം ഉയർത്തിയ ടീം പ്രീക്വാർട്ടറിൽപോലും കടക്കാതെ ലോകകപ്പിൽനിന്ന് പുറത്താകുന്നു. ടീം പരിശീലകൻ നെ​ഗൽസ്മാൻ സ്ഥാനം രാജിവെച്ചാണ് നിരാശ അറിയിച്ചത്. കളി ഇതാണെങ്കിൽ ഈ ടീം തോൽക്കുന്നതുതന്നെയാണ് നല്ലെതെന്ന് നായകനും മത്സരശേഷം പറഞ്ഞിരുന്നു. അത്രയും മോശം ഫോമിലായിരുന്നു ജർമനി ഇത്തവണ.

എന്നാൽ നാണക്കേടിന് പിന്നാലെ ജർമ്മൻ ഫുട്ബോളിൽ പുതിയ അധ്യായം തുറക്കാൻ ഒരുങ്ങുകയാണ്. ജൂലിയൻ നാഗൽസ്മാന് പകരക്കാരനായി ലിവർപൂൾ മുൻ ഇതിഹാസ പരിശീലകൻ യൂർഗൻ ക്ലോപ്പ് ആ സ്ഥാനം ഏറ്റെടുക്കുമെന്ന് ഉറപ്പായി. ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ താൽപര്യമുണ്ടെന്ന് ക്ലോപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2014 ലോകകപ്പ് കിരീടത്തിന് ശേഷം ജർമ്മനിക്ക് ലോക ഫുട്ബോളിൽ പഴയ ആധിപത്യം നിലനിർത്താൻ കഴിഞ്ഞിട്ടില്ല. 2018ലും 2022ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ അവർ 2026ൽ പ്രീക്വാർട്ടറിന് മുമ്പേ ടൂർണമെന്റിൽനിന്ന് പുറത്തായി. ഒരുകാലത്ത് ടൂർണമെന്റ് ടീമെന്ന വിശേഷണമുണ്ടായിരുന്ന ജർമ്മനിക്ക് ഇന്ന് വ്യക്തമായ കളിശൈലിയോ സ്ഥിരതയോ ഇല്ലെന്ന വിമർശനമാണ് ഉയരുന്നത്.

ഇത്തരം സാഹചര്യത്തിലാണ് ജർമ്മനി ക്ലോപ്പിലേക്ക് തിരിയുന്നത്. തകർന്ന് തരിപ്പണമായി കിടന്നിരുന്ന ലിവർപൂളിനെ ഇന്നുകാണുന്ന ടീമാക്കി മാറ്റിയ ക്ലോപ്പിന് സ്വന്തം രാജ്യത്തിന്റെ പരിശീലക സ്ഥാനം ഏറ്റവും കൂടുതൽ അലങ്കരിക്കാൻ കഴിയുമെന്ന് ഫുട്ബോൾ ലോകത്തിന് അറിയാം. 2008ൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ചുമതലയേറ്റപ്പോൾ സാമ്പത്തികമായും കായികപരമായും ക്ലബ് പ്രതിസന്ധിയിലായിരുന്നു. യുവതാരങ്ങളെ വളർത്തിയും ഉയർന്ന പ്രെസിങ് ഫുട്ബോൾ നടപ്പാക്കിയും ക്ലോപ്പ് ഡോർട്ട്മുണ്ടിനെ രണ്ട് ബുണ്ടസ്‌ലിഗ കിരീടങ്ങളിലേക്കും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കും എത്തിച്ചു.

2015ൽ ലിവർപൂളിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രീമിയർ ലീഗ് കിരീടത്തിനായി മൂന്ന് പതിറ്റാണ്ട് കാത്തിരുന്ന ക്ലബിനെ ആദ്യം മാനസികമായും പിന്നീട് സാങ്കേതികമായും അദ്ദേഹം മാറ്റിയെടുത്തു. ശരിയായ താരങ്ങളെ കണ്ടെത്തി, പ്രെസിങ്ങ് ശൈലിയിലൂടെ ആൻഫീൽഡിന്റെ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നു. പിന്നാലെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ക്ലബ് ലോകകപ്പ് ഉൾപ്പെടെ നിരവധി പ്രധാന കിരീടങ്ങൾ ലിവർപൂൾ സ്വന്തമാക്കി.

എന്നാൽ ദേശീയ ടീമിലെ വെല്ലുവിളി ക്ലബ് ഫുട്ബോളിൽനിന്നു വ്യത്യസ്തമാണ്. ക്ലബിൽ ദിവസേന പരിശീലനം നൽകാൻ കഴിയുമ്പോൾ ദേശീയ ടീമിൽ താരങ്ങളോടൊപ്പം ചെലവഴിക്കാൻ ലഭിക്കുന്നത് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ്. അതിനാൽ ലിവർപൂളിൽ വിജയിച്ച അതേ മാതൃക ജർമ്മനിയിൽ അതേപടി ആവർത്തിക്കുക എളുപ്പമല്ല. എങ്കിലും ജർമ്മനിക്ക് ഇപ്പോൾ ഏറ്റവും ആവശ്യം ഒരു പുതിയ തന്ത്രത്തേക്കാൾ പുതിയ ആത്മവിശ്വാസമാണ്. അതാണ് ക്ലോപ്പിന്റെ ഏറ്റവും വലിയ ശക്തിയും. കളിക്കാരെ വിശ്വസിപ്പിക്കാനും ആക്രമണ മനോഭാവം വളർത്താനും ടീമിന് വ്യക്തമായ ഐഡന്റിറ്റി നൽകാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് ക്ലോപ്പിലേക്ക് നയിച്ചത്.

കരാർ നടപടികൾ പൂർത്തിയായാൽ ജർമ്മൻ ഫുട്ബോളിലെ ഏറ്റവും വലിയ പുനർനിർമാണ ദൗത്യത്തിനാകും ക്ലോപ്പ് നേതൃത്വം നൽകുക. ലിവർപൂളിനെ വീണ്ടും യൂറോപ്പിന്റെ നെറുകയിലെത്തിച്ച പരിശീലകന് ഇനി മുന്നിലുള്ള വെല്ലുവിളി അതിലും വലുതാണ്. വഴിതെറ്റിയ ജർമ്മൻ ഫുട്ബോൾ ടീമിനെ വീണ്ടും ലോക ഫുട്ബോളിലെ ശക്തിയായി ഉയർത്താനാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി ലോകം കാത്തിരിക്കുന്നത്.

Germany's disappointing 2026 World Cup campaign ended with another early exit, prompting Julian Nagelsmann's resignation and paving the way for Jürgen Klopp to take charge. After rebuilding Borussia Dortmund and transforming Liverpool into Premier League and Champions League winners, Klopp now faces his biggest challenge. Germany have struggled since winning the 2014 World Cup, lacking consistency and identity. While international management differs from club football, the German federation hopes Klopp can restore confidence, rebuild the team's philosophy and return the four-time champions to football's elite.