ഇംഗ്ലീഷ് ഫുട്ബോളിനെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിനെതിരായ സാമ്പത്തിക ക്രമക്കേട് കേസിൽ അന്തിമ വിധി പുറത്തുവന്നു. 2009 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രീമിയർ ലീഗിന്റെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ക്ലബ്ബിനെതിരെ ചുമത്തിയ 115 കുറ്റങ്ങളും തെളിയിക്കപ്പെട്ടതായി സ്വതന്ത്ര കമ്മീഷൻ കണ്ടെത്തി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഏറ്റവും വലിയ സാമ്പത്തിക അഴിമതിയായാണ് ഈ സംഭവത്തെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി, പ്രത്യേകിച്ച് പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി പടുത്തുയർത്തിയ സുവർണ്ണകാലത്തിന് മേൽ വലിയൊരു കരിനിഴലാണ് ഈ വിധി വീഴ്ത്തിയിരിക്കുന്നത്.
ക്ലബ്ബിന്റെ സാമ്പത്തിക കാര്യങ്ങളിൽ വലിയ തോതിലുള്ള കൃത്രിമങ്ങൾ നടന്നുവെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തൽ. സ്പോൺസർഷിപ്പ് തുകകൾ പെരുപ്പിച്ച് കാണിച്ചതിനൊപ്പം പരിശീലകരുടെയും കളിക്കാരുടെയും ശമ്പളവുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങളും മറച്ചുവെച്ചു. അബുദാബിയിൽ നിന്നുള്ള സ്പോൺസർഷിപ്പ് തുകകളായി കണക്കുകളിൽ കാണിച്ചിരുന്നത് യഥാർത്ഥത്തിൽ ക്ലബ്ബ് ഉടമകളുടെ തന്നെ പണമായിരുന്നുവെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ വർഷങ്ങളോളം നീണ്ടുനിന്ന പ്രീമിയർ ലീഗിന്റെ അന്വേഷണവുമായി ക്ലബ്ബ് യാതൊരു വിധത്തിലും സഹകരിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവെക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുറ്റങ്ങൾ പൂർണ്ണമായി തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശിക്ഷകളിലൊന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. വലിയ തുക പിഴയായി ഒടുക്കേണ്ടി വരുന്നതിനു പുറമെ ക്ലബ്ബിന്റെ പോയിന്റുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്. ഇതിനെല്ലാം ഉപരിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് തന്നെ സിറ്റിയെ പൂർണ്ണമായി പുറത്താക്കുകയോ താഴത്തെ ഡിവിഷനിലേക്ക് തരംതാഴ്ത്തുകയോ ചെയ്തേക്കാം എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സിറ്റി നിയമങ്ങൾ ലംഘിച്ച കാലയളവിൽ കിരീടങ്ങളും യൂറോപ്യൻ യോഗ്യതകളും നഷ്ടമായ മറ്റ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിറ്റിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
അതേസമയം, സ്വതന്ത്ര കമ്മീഷന്റെ ഈ കണ്ടെത്തലുകളെ മാഞ്ചസ്റ്റർ സിറ്റി പൂർണ്ണമായും തള്ളിക്കളഞ്ഞു. കമ്മീഷന്റെ തീരുമാനത്തിൽ വലിയ അമ്പരപ്പും നിരാശയുണ്ടെന്ന് വ്യക്തമാക്കിയ ക്ലബ്ബ് അധികൃതർ, തങ്ങൾക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ചു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകൾ കൈവശമുണ്ടെന്നും അതിനാൽ ഈ വിധിക്കെതിരെ ശക്തമായ അപ്പീൽ നൽകി അവസാന നിമിഷം വരെ നിയമപോരാട്ടം തുടരുമെന്നും സിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അപ്പീൽ നടപടികൾ പൂർത്തിയാകാൻ ഇനിയും മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം എന്നതിനാൽ ഈ വിഷയത്തിൽ അന്തിമ ശിക്ഷ എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാൻ ഫുട്ബോൾ ലോകം ഇനിയും കാത്തിരിക്കേണ്ടി വരും.
An independent commission has found Manchester City guilty of all 115 charges of breaching Premier League financial rules between 2009 and 2018. The club faces severe punishments, including a massive fine, points deduction, or potential expulsion from the league. Manchester City has denied all allegations and confirmed they will appeal the decision.