Soccer

ഈജിപ്ഷ്യൻ ഫുട്ബോൾ ചരിത്രം തിരുത്തിയെഴുതി മുഹമ്മദ് സലാഹ്; ഹൊസ്സാം ഹസ്സനെ മറികടന്ന് എക്കാലത്തെയും മികച്ച ​ഗോൾവേട്ടക്കാരൻ

ഈജിപ്തിനായി തന്റെ 123-ാമത്തെ മത്സരത്തിലാണ് ഈ സുവർണ്ണ നേട്ടം കൈവരിക്കുന്നത്

Sports Desk

വെള്ളിയാഴ്ച നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് യോ​ഗ്യതാ മത്സരത്തിൽ മലാവിക്കെതിരെ ഈജിപ്തിന് തകർപ്പൻ ജയം. അഞ്ചിനെതിരെ പൂജ്യം ​ഗോളുകൾക്ക് ഈജിപ്ത് വിജയിച്ച മത്സരത്തിൽ ഇരട്ട ​ഗോളുകൾ നേടിയ സൂപ്പർതാരം മുഹമ്മദ് സലാഹ് രാജ്യത്തിനായി ഏറ്റവും കൂടുതൽ ​ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ദേശീയ ടീമിന്റെ മുൻ താരവും നിലവിലെ പരിശീലകനുമായ സാക്ഷാൽ ഹൊസ്സാം ഹസ്സന്റെ റെക്കോർഡാണ് മുപ്പത്തിനാലുകാരനായ ഈജിപ്ഷ്യൻ നായകൻ തിരുത്തിക്കുറിച്ചത്.

മലാവിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് സലാഹ് പുറത്തെടുത്തത്. മത്സരത്തിന്റെ 84ാം മിനിറ്റിൽ വലകുലുക്കിയതോടെ സലാഹ് ഹൊസ്സാം ഹസ്സന്റെ 69 ഗോളുകൾ എന്ന മുൻ റെക്കോർഡിനൊപ്പമെത്തി. തുടർന്ന് അധിക സമയത്ത് ലഭിച്ച പെനാൽറ്റി പ്രശസ്തമായ പാനെങ്ക ശൈലിയിലൂടെ ഗോളാക്കി മാറ്റി അദ്ദേഹം തന്റെ 70-ാം അന്താരാഷ്ട്ര ഗോൾ തികയ്ക്കുകയും റെക്കോർഡ് പുസ്തകത്തിൽ ഒന്നാമതെത്തുകയും ചെയ്തു.

2011-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച സലാഹ്, ഈജിപ്തിനായി തന്റെ 123-ാമത്തെ മത്സരത്തിലാണ് ഈ സുവർണ്ണ നേട്ടം കൈവരിക്കുന്നത്. തന്റെ പരിശീലകനായ ഹസ്സന്റെ തന്നെ റെക്കോർഡ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മറികടന്നു എന്നത് ഈ നേട്ടത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

നിലവിൽ തുർക്കിഷ് ക്ലബ്ബായ ട്രാബ്സോൺസ്പോറിനായി കളിക്കുന്ന സലാഹ് തകർപ്പൻ ഫോമിലാണ്. ഈ സീസണിൽ 11 ലീ​ഗ് മത്സരങ്ങളിൽ നിന്ന് ഒൻപത് ​ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. കൂടാതെ 2014-15 സീസൺ മുതൽ കണക്കുകൾ സൂക്ഷിച്ചുതുടങ്ങിയ ശേഷം, തുർക്കിഷ് സൂപ്പർ ലീ​ഗിൽ തന്റെ ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് തന്നെ പത്ത് ​ഗോൾ സംഭാവനകൾ (ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ) നൽകുന്ന ആദ്യ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

ഇതിനുമുൻപ് ലിവർപൂളിൽ ചെലവഴിച്ച ഒൻപത് വർഷക്കാലം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു. ലിവർപൂളിനായി പ്രീമിയർ ലീഗിൽ 191 ഗോളുകൾ നേടി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ സലാഹ്, പ്രീമിയർ ലീഗിൽ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ (277 എണ്ണം) നൽകിയ താരമെന്ന ചരിത്രനേട്ടവും തന്റെ പേരിലാക്കിയിട്ടുണ്ട്.

സലായുടെ ഗോൾ നേട്ടം 70 ആയി പൂർത്തിയായതിനെ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനും ആരാധകരും ഔദ്യോഗികമായി അംഗീകരിക്കുകയും വലിയ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ റെക്കോർഡുമായി ബന്ധപ്പെട്ട് ഫിഫയുടെ കണക്കുകളിൽ ചെറിയൊരു സാങ്കേതിക തർക്കമുണ്ട്. 2013-ൽ സ്വാസിലൻഡിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ സലാഹ് നേടിയ രണ്ട് ഗോളുകൾ ഫിഫ ഔദ്യോഗികമായി കണക്കിലെടുക്കുന്നില്ല. ആ മത്സരത്തിൽ അനുവദനീയമായതിൽ കൂടുതൽ തവണ കളിക്കാരെ മാറ്റാൻ ഇരു ടീമുകൾക്കും അനുവാദം നൽകിയിരുന്നതാണ് ഇതിന് കാരണം. എങ്കിലും ഫിഫയുടെ ഔദ്യോഗിക കണക്കുകൾ എന്തുതന്നെയായാലും ദേശീയ ഫുട്ബോൾ ഫെഡറേഷനും ആരാധകരും സലാഹ്‌നെ തന്നെയാണ് ഈജിപ്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി അംഗീകരിക്കുന്നത്.

"ഈജിപ്ഷ്യൻ രാജാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സലായുടെ ദീർഘകാലത്തെ പ്രകടനമികവും സ്ഥിരതയുമാണ് ഈ റെക്കോർഡിലൂടെ വ്യക്തമാകുന്നത്. അരങ്ങേറ്റം മുതൽ ഈജിപ്ഷ്യൻ ആക്രമണ നിരയുടെ പ്രധാന കേന്ദ്രബിന്ദുവായ അദ്ദേഹം 2018-ലെ ലോകകപ്പിലേക്ക് ടീമിനെ നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. വരാനിരിക്കുന്ന കോണ്ടിനെന്റൽ യോഗ്യതാ മത്സരങ്ങൾക്കായി ടീം തയ്യാറെടുക്കുമ്പോൾ, ഈജിപ്തിനായി ഏറെക്കാലമായി കാത്തിരിക്കുന്ന ഒരു വലിയ അന്താരാഷ്ട്ര കിരീടം നേടിക്കൊടുക്കാൻ സലാഹ്‌ന് കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം. ഈ പുതിയ നാഴികക്കല്ല് ഈജിപ്ഷ്യൻ ഫുട്ബോൾ ചരിത്രത്തിൽ സലായുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

Mohamed Salah has become Egypt's all-time leading goalscorer, surpassing Hossam Hassan's previous record. Salah achieved this historic milestone by scoring twice in Egypt's 5-0 victory over Malawi during the Africa Cup of Nations qualifiers, bringing his international goal tally to 70. Although there is a minor discrepancy with FIFA records regarding a 2013 friendly, the Egyptian Football Association officially recognizes Salah as the nation's undisputed top scorer.