Soccer

'എല്ലാ ആദരവും നിനക്കുള്ളതാണ് ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; റൊണാള്‍ഡോ

'ഫുട്‌ബോളിനെ ഇത്രയധികം ആസ്വദിക്കാന്‍ നീ ഞങ്ങളെ പഠിപ്പിച്ചു. നിന്റെ പേര് നിന്റെ രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തില്‍ കൊത്തിവെക്കപ്പെട്ടിരിക്കുന്നു', റൊണാള്‍ഡീഞ്ഞോ.

Sports Desk

ചൊവ്വാഴ്ച രാത്രി ബ്യൂണസ് ഐറീസില്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെ നടന്ന തന്റെ അവസാന മത്സരത്തില്‍ മിന്നുന്ന പ്രകടനത്തോടെയാണ് ലയണല്‍ മെസി തന്റെ ഐതിഹാസികമായ 21 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിനോട് വിടപറഞ്ഞത്. രണ്ടാം പകുതിയില്‍ ഒരു പെനാല്‍റ്റി സ്‌കോര്‍ ചെയ്യുകയും മറ്റ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തുകൊണ്ടാണ് 39-കാരനായ ഈ സൂപ്പര്‍ താരം പടിയിറങ്ങിയത്. ഇപ്പോഴിതാ മെസിക്ക് ആദരവ് സമര്‍പ്പിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

'എല്ലാ ആദരവും നിനക്കുള്ളതാണ് ലിയോ'

മെസിയുടെ വിടവാങ്ങലില്‍ ഏറ്റവും ശ്രദ്ധേയമായത് റൊണാള്‍ഡോയുടെ വാക്കുകളായിരുന്നു. മത്സരത്തിന് ശേഷം മെസി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വൈകാരിക കുറിപ്പിന് താഴെയായിരുന്നു റൊണാള്‍ഡോയുടെ കമന്റ്. ലിയോ താങ്കള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും താങ്കളെ ഏറെ ബഹുമാനിക്കുന്നുവെന്നും എന്റെ ആലിംഗനം സ്വീകരിക്കൂ എന്നും റൊണാള്‍ഡോ കുറിച്ചു. ദേശീയ ടീമുമായി ബന്ധപ്പെട്ട ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ്, തന്റെ എക്കാലത്തെയും വലിയ എതിരാളിക്ക് അദ്ദേഹം ആദരവ് അര്‍പ്പിച്ചത്. ഇതിനോടകം 4 മില്യണ്‍ ലൈക്കുകളാണ് ക്രിസ്റ്റിയാനോയുടെ കമന്റിന് ലഭിച്ചത്.

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ഇതിഹാസം

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു കരിയറാണ് മെസിയുടേത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിലും (208) കൂടുതല്‍ ഗോളുകള്‍ നേടിയതിലും (126) കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയതിലും (66) മെസി ബഹുദൂരം മുന്നിലാണ്. അന്താരാഷ്ട്ര തലത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഗോളുകളുടെ എണ്ണത്തില്‍ മെസിക്ക് മുന്നിലുള്ളത്.

2008-ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ നേടിയ സ്വര്‍ണ്ണ മെഡലിലൂടെ തുടങ്ങിയ മെസിയുടെ കിരീടവേട്ട, 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങളിലൂടെയും 2022-ലെ ഫൈനലിസിമയിലൂടെയും കടന്ന് 2022-ല്‍ ഖത്തറില്‍ ഫിഫ ലോകകപ്പ് ഉയര്‍ത്തിയതോടെ പൂര്‍ണ്ണതയിലെത്തി. റൊണാള്‍ഡോയ്‌ക്കൊപ്പം ആറ് ലോകകപ്പുകളില്‍ പങ്കെടുത്ത ഏക താരം എന്ന റെക്കോര്‍ഡും മെസി പങ്കുവെക്കുന്നു.

'ഞങ്ങളുടെ മനസ്സില്‍ നിന്റെ പേര് കൊത്തിവെക്കപ്പെട്ടിരിക്കുന്നു'

മെസിയുടെ മുന്‍ ബാഴ്സലോണ സഹതാരവും ബ്രസീലിയന്‍ ഇതിഹാസവുമായ റൊണാള്‍ഡീഞ്ഞോ എക്സിലൂടെ വൈകാരികമായ സന്ദേശമാണ് പങ്കുവെച്ചത്. 'ഫുട്‌ബോളിനെ ഇത്രയധികം ആസ്വദിക്കാന്‍ നീ ഞങ്ങളെ പഠിപ്പിച്ചു. നിന്റെ പേര് നിന്റെ രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തില്‍ കൊത്തിവെക്കപ്പെട്ടിരിക്കുന്നു', റൊണാള്‍ഡീഞ്ഞോ കുറിച്ചു. എട്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസിക്ക് നന്ദി പറഞ്ഞുകൊണ്ട് നെയ്മറും രംഗത്തെത്തി. 'ഫുട്‌ബോളിനെ കൂടുതല്‍ സ്‌നേഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചതിന് നന്ദി. ദേശീയ ടീമിന്റെ ജേഴ്സിയിലുള്ള നിന്റെ അവസാന മത്സരത്തിലെ ഓരോ സെക്കന്‍ഡും നീ ആസ്വദിച്ചുവെന്ന് ഞാന്‍ കരുതുന്നു,' നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടപറഞ്ഞെങ്കിലും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലൂടെ മെസിയുടെ കളിമൈതാനങ്ങളിലെ മാജിക് തുടരും. എങ്കിലും അര്‍ജന്റീനയുടെ നീലയും വെള്ളയും കുപ്പായത്തില്‍ 10-ാം നമ്പര്‍ അണിഞ്ഞ് ഇറങ്ങുന്ന ആ സൂപ്പര്‍ താരത്തിന്റെ അഭാവം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നും ഒരു നികത്താനാവാത്ത നഷ്ടം തന്നെയായിരിക്കും.

Cristiano Ronaldo has paid tribute to Lionel Messi following the Argentine superstar’s final appearance for the national team, praising his extraordinary contribution to Argentina and saying his legacy will live forever. Ronaldo left the message under Messi’s emotional Instagram post after the 39-year-old ended his 21-year international career with a goal and two assists in Argentina’s 3-0 win over Benin in Buenos Aires.