കറുത്ത വർഗക്കാരെ മാറ്റി നിർത്തുന്ന വംശീയ രാജ്യമായാണ് അർജന്റീനയെ പൊതുവെ ചിത്രീകരിക്കപ്പെടാറുള്ളത്. രാജ്യത്തിന്റെ ദേശീയ ടീമിൽ കറുത്ത വർഗക്കാരുടെ അസാനിധ്യം പലപ്പോഴും വിമർശനത്തിന് കാരണമാകാറുണ്ട്. അയൽരാജ്യമായ ബ്രസീലിലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കറുത്തവർഗ്ഗക്കാരായ കളിക്കാർ നിറഞ്ഞുനിൽക്കുമ്പോൾ, അർജന്റീന ടീമിൽ മാത്രം എന്തുകൊണ്ടാണ് എല്ലാവരും വെളുത്തവരായിരിക്കുന്നതെന്നാണ് ആക്ഷേപം. 2024 കോപ അമേരിക്ക വിജയത്തിന് ശേഷം ചില അർജന്റീന താരങ്ങൾ ഫ്രഞ്ച് ടീമിലെ ആഫ്രിക്കൻ വംശജരെ പരിഹസിക്കുന്ന തരത്തിലുള്ള പാട്ട് പാടിയതിനെ തുടർന്ന് വലിയ വിവാദങ്ങളാണ് ഉയർന്നത്. യഥാർത്യത്തിൽ അർജന്റീനക്കോ ദേശീയ ടീം നേതൃത്വത്തിനോ അത്തരം വംശീയ താത്പര്യങ്ങൾ ഉണ്ടോ? പരിശോധിക്കാം.
നാലര കോടിയിലധികം ജനസംഖ്യയുള്ള അർജന്റീനയിൽ ഒരു ശതമാനത്തിന് താഴെയാണ് കറുത്ത വർഗക്കാരുള്ളത്. ഇത് ഏകദേശം മൂന്ന് ലക്ഷത്തിനടുത്താണ്. മാത്രമല്ല, ഈ ആഫ്രോ-അർജന്റീനിയൻ വംശജരിൽ ഭൂരിഭാഗവും ഇപ്പോഴും ജീവിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലാണ്. അർജന്റീനയിൽ ഫുട്ബോൾ അക്കാദമികളും ക്ലബ്ബുകളും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത് വലിയ നഗരങ്ങളിലെ ഭൂരിപക്ഷം വരുന്ന വെളുത്തവർഗ്ഗക്കാരായ ജനവിഭാഗങ്ങൾക്കിടയിലാണ്. അവർക്ക് വലിയ ക്ലബ്ബുകളിലേക്ക് ഉയർന്നുവരാനുള്ള സാമ്പത്തിക സാഹചര്യങ്ങളും സ്കൗട്ടിംഗ് പിന്തുണയും ലഭിക്കാറില്ലെന്നത് വാസ്തവമാണ്.
എങ്ങനെയാണ് അർജന്റീനയിൽ ആഫ്രിക്കൻ വംശജർ കുറഞ്ഞത്?
1535ൽ അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസ് നഗരം സ്ഥാപിതമായതിനു തൊട്ടുപിന്നാലെ സ്പാനിഷ് കൊളോണിയൽ ഭരണാധികാരികൾ ആഫ്രിക്കയിൽനിന്ന്, പ്രത്യേകിച്ച് അങ്കോള, കോംഗോ എന്നിവിടങ്ങളിൽനിന്നും അടിമകളെ അർജന്റീനയിലേക്ക് കൊണ്ടുവരാൻ തുടങ്ങി. ഇങ്ങനെ കൊണ്ടുവന്ന അടിമകളും ജോലിക്കാരുമായ കറുത്ത വർഗക്കാർ 19ാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ജനസംഖ്യയുടെ 37 ശതമാനത്തോളമായി വളർന്നു. തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസ് പോലുള്ള പ്രധാന നഗരങ്ങളിൽ ഇത് 50% വരെ എത്തിയിരുന്നു എന്നാണ് ചരിത്രത്തിൽ പറയുന്നത്.
എന്നാൽ 19ാം നൂറ്റാണ്ടിന്റെ മധ്യത്തോടടുത്ത് കറുത്ത വർഗക്കാരുടെ എണ്ണം കുറച്ച്, രാജ്യത്തെ വെളുത്ത അർജന്റീനയാക്കാൻ ഭരണാധികാരികൾ ബോധപൂർവം ശ്രമിച്ചു. ഇതിനായി അർജന്റീനയുടെ സ്വാതന്ത്ര്യസമരങ്ങളിലും തുടർന്നുണ്ടായ പരാഗ്വേ യുദ്ധത്തിലും അടിമകളായ കറുത്തവർഗ്ഗക്കാരായ പുരുഷന്മാർക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത് അവരെ മുൻനിരകളിൽ പോരാടാൻ നിയോഗിച്ചു. യുദ്ധങ്ങളിൽ കൂട്ടത്തോടെ കൊല്ലപ്പെട്ട് കറുത്തവർഗ്ഗക്കാരായ പുരുഷന്മാരുടെ എണ്ണം കുറച്ചിരുന്നു. മാത്രമല്ല, 1870കളിൽ ബ്യൂണസ് ഐറിസിൽ പടർന്നുപിടിച്ച മഞ്ഞപ്പനി, കോളറ പോലുള്ള മാരക രാേഗങ്ങൾ കറുത്തവർഗ്ഗക്കാർ താമസിച്ചിരുന്ന ദരിദ്ര ചേരികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. മതിയായ ചികിത്സ കിട്ടാതെ വലിയൊരു വിഭാഗം ആളുകൾ മരണപ്പെട്ടു.
1853ൽ ഭരണഘടന ഭേദഗതി ചെയ്ത് യൂറോപ്പിൽ നിന്നുള്ള വെളുത്തവർഗ്ഗക്കാരുടെ കുടിയേറ്റം സർക്കാർ നിയമപരമായി പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ഫലമായി 70 ലക്ഷത്തോളം യൂറോപ്യന്മാർ, പ്രത്യേകിച്ച് ഇറ്റലി, സ്പെയിനിൽനിന്നും അർജന്റീനയിലേക്ക് വരികയും കറുത്തവർഗ്ഗക്കാരുടെ അനുപാതം വളരെ ചെറുതാവുകയും ചെയ്തു. കറുത്തവർഗ്ഗക്കാരായ പുരുഷന്മാരുടെ എണ്ണക്കുറവ് കാരണം കറുത്തവർഗ്ഗക്കാരായ സ്ത്രീകൾ വെളുത്ത യൂറോപ്യന്മാരെ വിവാഹം കഴിക്കാൻ നിർബന്ധിതരായി. തലമുറകൾ കഴിഞ്ഞപ്പോൾ ജനിച്ച കുട്ടികളുടെ തൊലിനിറം വെളുക്കുകയും ആഫ്രിക്കൻ വംശപരമ്പര സാവധാനം വെളുത്ത ജനസംഖ്യയിൽ ലയിച്ചുചേരുകയും ചെയ്തു.
ഇന്നത്തെ അർജന്റീനയുടെ അടയാളങ്ങളായ പല സംസ്കാരങ്ങളുടെയും വേരുകൾ ആഫ്രിക്കൻ വംശജരുടേതാണ്. ടാംഗോ നൃത്തം, അർജന്റീനയിലെ പ്രധാന ഭക്ഷണമായ അസാഡോ എന്നിവക്കൊക്കെ ആഫ്രക്കൻ പാരമ്പര്യമുള്ളതാണ്.
English Summary: Argentina is often criticized for the lack of Black players in its national football team, but the issue is deeply rooted in the country's demographic history. Afro-Argentines once formed a significant share of the population, but wars, epidemics, and state-backed European immigration drastically reduced their proportion over time. Today, Afro-descendants make up less than 1% of Argentina's population, limiting their representation in elite football. While debates about racism and exclusion continue, the absence of Black players is largely linked to historical and demographic factors rather than football selection alone.