നോർത്ത് അമേരിക്കൻ രാജ്യങ്ങളായ അമേരിക്ക, മെക്സികോ, കാനഡ എന്നിവിടങ്ങളിലായി മൂന്ന് രാജ്യങ്ങളിലായാണ് ഇത്തവണ 23ാം മെൻസ് വേൾഡ് കപ്പ് നടക്കുന്നത്. 32 ടീമുകളായി മത്സരിച്ച 2022 ഖത്തർ ലോകകപ്പിൽനിന്ന് വ്യത്യസ്ഥമായി ഇത്തവണ 48 ടീമുകളാണ് പങ്കെടുക്കുക. ആതിഥേയ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 16 സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുന്നത്.
അമേരിക്കയിലെ 11 സ്റ്റേഡിയങ്ങളിലും മെക്സികോയിലെ മൂന്നും കാനഡയിലെ രണ്ട് സ്റ്റേഡിയങ്ങളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ജൂൺ 11മുതൽ ജൂലൈ 19 വരെ 39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് ലോകകപ്പിൽ ഇത്തവണ അരങ്ങേറുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30 ന് മെക്സികോയും സൗത്താഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം ലോക പ്രശസ്ത മെക്സിക്കൻ സ്റ്റേഡിയമായ എസ്റ്റാഡിയോ അസ്റ്റെകയിലാണ് നടക്കുന്നത്. ഫുട്ബോൾ ഇതിഹാസം പെലെയുടെ മൂന്നാം ലോകകപ്പ് ഫൈനൽ അരങ്ങേറിയതും മറഡോണയുടെ വിഖ്യാതമായ 'ദൈവത്തിന്റെ കൈ' പിറന്നതും ഈ മൈതാനത്താണ്. മൂന്ന് തവണ ലോകകപ്പിന് വേദിയാകുന്ന സ്റ്റേഡിയമെന്ന റെക്കോർഡും ഈ മെക്സിക്കൻ സിറ്റി സ്റ്റേഡിയത്തിന് സ്വന്തം. ജൂലൈ 19 ന് ഫൈനൽ മത്സരം നടക്കുന്നത് അമേരിക്കയിൽ ന്യൂയോർക്കിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ്.
ടൂർണമെന്റിൽ ഒരു ഗ്രൂപ്പ് ഘട്ടവും അതിന് ശേഷം നാല് നോക്കൗട്ട് റൗണ്ടുകളും ഫൈനലും ഉണ്ടാകും. മുൻ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ റൗണ്ട് ഓഫ് 32 മുതൽ നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് റൗണ്ട് ഓഫ് 16, നാല് ക്വാർട്ടർ ഫൈനലുകൾ, രണ്ട് സെമിഫൈനലുകൾ എന്നിവ നടക്കും. ഇതിന് ശേഷമാണ് ഫൈനൽ മത്സരം അരങ്ങേറുക.
വടക്കേ അമേരിക്കൻ സമയപ്രകാരം രാവിലെ 10 മണിമുതൽ രാത്രി 9 മണിവരെയായിരിക്കും ഭൂരിഭാഗം മത്സരങ്ങളും ആരംഭിക്കുക. ഇന്ത്യൻ സമയപ്രകാരം ഇത് ഏകദേശം വൈകിട്ട് 7.30 മുതൽ രാവിലെ 9 മണി വരെയാകും. ക്വാർട്ടർ ഫൈനൽ മുതലുള്ള പ്രധാന മത്സരങ്ങളിലേറെയും പുലർച്ചെ 1.30 മുതൽ 5.30 വരെയായിരിക്കും ഇന്ത്യയിൽ സംപ്രേഷണം ചെയ്യുക.
ടൂർണമെന്റിന്റെ വിവിധ ഘട്ടങ്ങൾ:
ഗ്രൂപ്പ് ഘട്ടം: ജൂൺ 11 – ജൂൺ 27
റൗണ്ട് ഓഫ് 32: ജൂൺ 28 – ജൂലൈ 3
റൗണ്ട് ഓഫ് 16: ജൂലൈ 4 – ജൂലൈ 7
ക്വാർട്ടർ ഫൈനൽ: ജൂലൈ 9 – ജൂലൈ 11
സെമിഫൈനൽ: ജൂലൈ 14 – ജൂലൈ 15
ബ്രോൺസ് മെഡൽ: ജൂലൈ 18
ഫൈനൽ: ജൂലൈ 19
ഓരോ സിറ്റികളിലേയും സ്റ്റേഡിയങ്ങളും സീറ്റുകളുടെ എണ്ണവും
അമേരിക്ക:
ന്യൂയോർക്ക്/ന്യൂ ജേഴ്സി - മെറ്റ്‌ലൈഫ് സ്റ്റേഡിയം - 82500
ലോസ് ആഞ്ചലസ്സോ - ഫൈ സ്റ്റേഡിയം - 70240
ഡാലസ് - എടി&ടി സ്റ്റേഡിയം - 80000
സാൻ ഫ്രാൻസിസ്കോ - ലെവൈസ് സ്റ്റേഡിയം -68500
മയാമി - ഹാർഡ് റോക്ക് സ്റ്റേഡിയം - 64767
ഹൂസ്റ്റൺ - എൻആർജി സ്റ്റേഡിയം - 72220
അറ്റ്ലാന്റ മെഴ്‌സിഡസ് - ബെൻസ് സ്റ്റേഡിയം - 71000
ഫിലഡെൽഫിയ - ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് - 69176
സിയാറ്റിൽ - ലൂമൻ ഫീൽഡ് - 68740
കാൻസസ് സിറ്റി - ജിഇഎച്ച്എ ഫീൽഡ് അറ്റ് ആരോഹെഡ് സ്റ്റേഡിയം - 76416
ബോസ്റ്റൺ - ജിലെറ്റ് സ്റ്റേഡിയം - 65878
മെക്സിക്കോ :
മെക്സിക്കോ സിറ്റി - എസ്റ്റാഡിയോ അസ്റ്റെക - 83264
ഗ്വാഡലഹാര - എസ്റ്റാഡിയോ അക്ക്രോൺ - 49850
മോണ്ടെറേ - എസ്റ്റാഡിയോ ബിബിവിഎ - 53500
കാനഡ:
ടൊറന്റോ - ബിഎംഒ ഫീൽഡ് - 45736
വാങ്കൂവർ - ബിസി പ്ലേസ് - 54500
48 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി ആകെ 12 ഗ്രൂപ്പൂകളാണ് ഇത്തവണ ലോകകപ്പിൽ മത്സരിക്കുന്നത്.
ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സൗത്ത് കൊറിയ,
ചെച്നിയ
ഗ്രൂപ്പ് ബി: കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ, ബോസ്നിയ ആൻഡ് ഹെർസഗോവിന
ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ, ഹൈതി, സ്കോട്‌ലൻഡ്
ഗ്രൂപ്പ് ഡി: അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, തുർക്കി
ഗ്രൂപ്പ് ഇ: ജർമനി, കുറസാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ
ഗ്രൂപ്പ് എഫ്: നെതർലൻഡ്സ്, ജപ്പാൻ, ടുണീഷ്യ, സ്വീഡൻ
ഗ്രൂപ്പ് ജി: ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്
ഗ്രൂപ്പ് എച്ച്: സ്പെയിൻ, കേപ് വെർഡെ, സൗദി അറേബ്യ, ഉറുഗ്വേ
ഗ്രൂപ്പ് ഐ: ഫ്രാൻസ്, സെനഗൽ, നോർവേ, ഇറാഖ്
ഗ്രൂപ്പ് ജെ: അർജന്റീന, അൾജീരിയ, ഓസ്ട്രിയ, ജോർദാൻ
ഗ്രൂപ്പ് കെ: പോർച്ചുഗൽ, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ, കോൺഗോ ഡി.ആർ
ഗ്രൂപ്പ് എൽ: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ
English Summary: The 2026 FIFA World Cup will be hosted across three North American nations – the United States, Mexico and Canada. Unlike the 2022 Qatar World Cup, which featured 32 teams, the expanded tournament will see 48 teams competing across 16 venues. Eleven stadiums are located in the United States, three in Mexico and two in Canada. A total of 104 matches will be played over 39 days, from June 11 to July 19. The opening match between Mexico and South Africa will be held at the iconic Estadio Azteca in Mexico City, while the final will take place at MetLife Stadium in New York. The tournament will feature a group stage followed by the Round of 32, Round of 16, quarterfinals, semifinals and the final. Most matches will be played during late evening and overnight hours for Indian viewers.