World Cup 2026

അടുത്ത റൗണ്ടിൽ ജേതാക്കൾ നേർക്കുനേർ; മെക്സികോ X കൊറിയ രണ്ടാം മത്സരത്തിലെ വിജയ-പരാജയ സാധ്യതകൾ

ദക്ഷിണാഫ്രിക്കയെ 2 ​ഗോളുകൾക്ക് പരാജയപ്പെടുത്തിയ മെക്സികോയാണ് ജൂൺ 19ന് ചെക്കിനെ 2-1ന് തകർത്ത കൊറിയയുടെ എതിരാളികൾ

Sports Desk

ലോക ഫുട്ബോളിൽ ഏഷ്യൻ ആധിപത്യം വിളിച്ചറിയിക്കുന്നതാണ് രാവിലെനടന്ന ദക്ഷിണ കൊറിയയും ചെക്ക് റിപബ്ലിക്കും തമ്മിലുള്ള മത്സരം. മാച്ചിലുടനീളം 62% പൊസിഷനിൽ കളിച്ച കൊറിയ വിളിച്ചു പറയുന്നത് ജൂൺ 19ലെ മെക്സികോക്കെതിരെയുള്ള രണ്ടാം മത്സരത്തിലെ തങ്ങളുടെ പോരാട്ടത്തിന്റെ ശൈലിയാണ്. സൗത്താഫ്രിക്കയെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയ മെക്സിക്കോക്ക് കനത്ത വെല്ലുവിളിയാകും ഡൻമാർക്കിനെ പരാജയപ്പെടുത്തി ലോകകപ്പിലേക്ക് കാലെടുത്തുവെച്ച ചെക്കിനെ തോൽപിച്ച് മൂന്ന് പോയിന്റ് ഭദ്രമാക്കിയ ദക്ഷിണ കൊറിയ എന്നതിൽ ഒരു സംശയവുമില്ല.

മെക്സിക്കോയിലെ എസ്റ്റാഡിയോ അക്ക്രോൺ സ്റ്റേഡിയത്തിൽനടന്ന ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കും തമ്മിൽ നടന്നത് അക്ഷരാർത്ഥത്തിൽ തീപ്പൊരി പോരാട്ടംതന്നെയായിരുന്നു. സെറ്റ് പീസ് ടാക്റ്റിസിൽ കളിച്ച ചെക്കിനെ 87% പാസ്സ് അക്യുറസിയിൽ കൊറിയ തളച്ചിട്ടു. ആദ്യ ഹാഫിൽ ​ഗോൾ വഴങ്ങാതെ ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിൽ തന്നെ കൊറിയയുടെ ഹ്വങ് മിൻ സണിന് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. രണ്ടാം പകുതിയിൽ 59ാം മിനുറ്റിൽ പക്ഷെ, ലോങ് ത്രോയിൽ ലഭിച്ച ത്രോയിലൂടെ ചെക്ക് നായകൻ ലാഡ്രിസ്ലാവ് ക്രെയ്ച്ചി കൊറിയയുടെ വല കുലുക്കി.

മത്സരതുടക്കംമുതൽ ആധിപത്യം ലഭിച്ച കൊറിയക്ക് അതൊരു വെല്ലുവിളിയായിരുന്നില്ല. കൃത്യം എട്ട് മിനിറ്റേ ആ മുന്നേറ്റത്തിന് ഏഷ്യൻ ടീം സമയം നൽകിയതൊള്ളൂ. 67ാം മിനുറ്റിൽ ഹ്വാങ് ഇംബിയോമാണ് ചെക്കിന് തടയിട്ടത്. 13 മിനുറ്റുകൾക്ക് ശേഷം ഹ്യോങ് ​ഗ്യൂ ഓഹ് അടുത്ത ​ഗോളും നേടി ചെക്കിനെതിരെ അവസാന ആണിയും അടിച്ചു.

ആദ്യ രണ്ട് മത്സരത്തിലേയും നാല് ടീമുകകൾക്കും രണ്ടാം മത്സരത്തിൽ, ജയിച്ച ടീമുകൾ തമ്മിലും പരാജയപ്പെട്ട ടീമുകളും തമ്മിലുമുള്ള ക്രോസ് എതിരാളികളേയായിരിക്കും ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയെ 2 ​ഗോളുകൾക്ക് പരാജയപ്പെടുത്തിയ മെക്സികോയാണ് ജൂൺ 19ന് ചെക്കിനെ 2-1ന് പരാജയപ്പെടുത്തിയ കൊറിയയുടെ എതിരാളികൾ. ഇരു മത്സരങ്ങളിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയും ചെക്ക് റിപ്പബ്ലിക്കുമാണ് ജൂൺ 19ന് പോരാടുന്നതിന്. അതുകൊണ്ടുതന്നെ മെക്സികോ-ദക്ഷിണ കൊറിയ പോരാട്ടം ലോകകപ്പിലെ മനോഹര മത്സരങ്ങളിലൊന്നാകുമെന്നതിൽ സംശയമില്ല.

ദക്ഷിണാഫ്രിക്കപോലെ ശാരീരിക കരുത്തുള്ള ടീമിനെ മെരുക്കിയ മെക്സിക്കോക്ക് യൂറോപിലെ പ്രമുഖ ടീമായ ചെക്കിനെ പരാജയപ്പെടുത്തിയ കൊറിയ എങ്ങനെ ആയിരിക്കുമെന്ന് കണ്ടറിയണം. സൗത്താഫ്രിക്കക്കെതിരെ 61% പൊസിഷനിലാണ് മെക്സികോയുടെ മുന്നേറ്റം നടന്നത്. മാത്രമല്ല അനേകം ​ഗോൾ അവസരങ്ങൾ താരങ്ങൾ പാഴാക്കിയിരുന്നു. 91% പാസ് അക്യുറസിയിൽ കളി അവസാനിപ്പിച്ച മെക്സികോക്ക് ചെക്കിനെതിരെ 87 ശതമാനത്തിന്റെ അക്യുറസിയുള്ള കൊറിയയെ ഏത് ടാക്റ്റിക്സിൽ നേരിടും എന്നത് പഠിക്കേണ്ടി വരും. 4-1-2-3 ലൈനപ്പിൽ കളിച്ച മെക്സികോയും 3-4-3 ഫോർമേഷനിൽ കൊറിയയും ഇന്ന് കളിച്ചപ്പോൽ അടുത്ത മത്സരത്തിൽ ഏതെങ്കിലും ടീം ഫോർമേഷനിൽ മാറ്റം വരുത്തുമോ അതോ നിലവിലെ പൊസിഷനിൽ തുടരുമോ എന്നതും ചർച്ചാ വിഷയമാകും.

ടീമിന് 4-0ക്ക് കളി അവസാനിപ്പിക്കാമായിരുന്നെങ്കിലും രണ്ട് ​ഗോളുകളിൽ തൃപ്തരാകേണ്ടിവന്നെന്ന് മെക്സിക്കൻ പരിശീലകൻ പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ പൂർണ്ണ ശ്രദ്ധ കൊറിയക്കെതിരെയുള്ള അടുത്ത മത്സരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English Summary: South Korea made a strong statement at the 2026 FIFA World Cup with a 2-1 comeback win over the Czech Republic. After falling behind to Ladislav Krejci’s goal in the 59th minute, Korea responded through Hwang In-beom and Oh Hyeon-gyu to secure all three points. Dominating possession and controlling the tempo, the Asians showcased their growing strength on the global stage. The victory sets up a fascinating clash with Mexico, who beat South Africa 2-0. With both teams winning their opening matches, the June 19 encounter promises to be a thrilling contest.