World Cup 2026

'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്'; വിജയാഘോഷത്തില്‍ രാഷ്ട്രീയ ബാനര്‍, അര്‍ജന്റീന താരങ്ങള്‍ക്ക് വിലക്ക് ഭീഷണി

'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' ('ഫോക്ക്ലാന്‍ഡ്സ് അര്‍ജന്റീനക്കാര്‍') എന്ന് പ്രഖ്യാപിക്കുന്ന ബാനര്‍ ഉയര്‍ത്തിക്കാട്ടിയ താരങ്ങള്‍ നടത്തിയത് ഫിഫ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്.

Sports Desk

ലോകകപ്പില്‍ അര്‍ജന്റീന - ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിന് പിന്നാലെ രാഷ്ട്രീയ വിവാദം. ഇംഗ്ലണ്ടിനെതിരായ 2-1 വിജയത്തിന് ശേഷം, അര്‍ജന്റീന താരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബാനറാണ് പുതിയ വിവാദത്തിന്റെ കേന്ദ്ര ബിന്ദു. 'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' ('ഫോക്ക്ലാന്‍ഡ്സ് അര്‍ജന്റീനക്കാര്‍') എന്ന് പ്രഖ്യാപിക്കുന്ന ബാനര്‍ ഉയര്‍ത്തിക്കാട്ടിയ താരങ്ങള്‍ നടത്തിയത് ഫിഫ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്.

ഫിഫയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് രാഷ്ട്രീയം, ആക്രമണാത്മകവും/അല്ലെങ്കില്‍ വിവേചനപരവുമായ സ്വഭാവമുള്ള ബാനറുകള്‍, പതാകകള്‍, ഫ്‌ലയറുകള്‍, വസ്ത്രങ്ങള്‍ എന്നിവ സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ നിരോധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ടിനെ പുറത്താക്കിയതിന്റെ ആഘോഷത്തിനായി ഫോക്ലാന്‍ഡ് ദ്വീപുകള്‍ അവകാശപ്പെടുന്ന ബാനര്‍ ഉയര്‍ത്തിയതിന്റെ സാഹചര്യം ചര്‍ച്ചയാകുന്നത്. നടപടിയില്‍ം അര്‍ജന്റീനിയന്‍ കളിക്കാര്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടിന് എതിരായ മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് ശേഷമാണ് വിവാദ ബാനറുമായി താരങ്ങള്‍ മൈതാനത്ത് ആഘോഷം നടത്തിയത്. ക്രിസ്റ്റ്യന്‍ റൊമേറോ, ജിയോവാനി ലോ സെല്‍സോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവരും ബാനറേന്തിയിരുന്നു. ലയണല്‍ മെസ്സിയും ബാനറിന് സമീപത്ത് നൃത്തം ചെയ്യുന്നുണ്ടായിരുന്നു.

ബാനറിന് പിന്നിലെ രാഷ്ട്രീയം

1982 ഏപ്രില്‍ 2 മുതല്‍ ജൂണ്‍ 14 വരെ നടന്ന അര്‍ജന്റീനയും ബ്രിട്ടനും തമ്മിലുണ്ടായ അപ്രഖ്യാപിത യുദ്ധമായിരുന്നു ഫോക്ക്ലാന്‍ഡ് സംഘര്‍ഷം. ഫോക്ക്ലാന്‍ഡ് ദ്വീപുകളുടെ (ലാസ് മാല്‍വിനാസ് ), സൗത്ത് ജോര്‍ജിയ, സൗത്ത് സാന്‍ഡ്വിച്ച് ദ്വീപുകള്‍ എന്നിവയുടെ പരമാധികാരത്തെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. അര്‍ജന്റീനിയനയുടെ കൈവശം ഉണ്ടായിരുന്ന ദ്വീപുകള്‍ യുകെ സായുധ സേന പിടിച്ചെടുത്തിരുന്നു. ഫോക്ലാന്‍ഡ് യുദ്ധത്തില്‍ 907 പേര്‍ മരിച്ചതായാണ് കണക്ക്. ഇതില്‍ 255 ബ്രിട്ടീഷ് സൈനികരും ഉള്‍പ്പെടുന്നു.

അര്‍ജന്റീനയുടെ തീരത്ത് നിന്ന് 300 മൈല്‍ അകലെ സ്ഥിതി ചെയ്യുന്നതും എന്നാല്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ളതുമായ ഫോക്ക്ലാന്‍ഡ്സിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ ഇംഗ്ലണ്ടുമായുള്ള സെമിഫൈനലിന് മുന്‍പ് തന്നെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ഈജിപ്തിനെതിരായ വിജയത്തിന് ശേഷവും ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഒരു ഗാനം വിവാദമായിരുന്നു. രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫാക്ഫോക്ക്ലാന്‍ഡ്സിനെ പരാമര്‍ശിക്കുന്ന പതാകകള്‍ ഫിഫ സ്റ്റേഡിയത്തില്‍ നിരോധിച്ചിരുന്നു. ഫോക്ലാന്‍ഡ്സ് - ലാസ് മാല്‍വിനാസ് എന്ന് രേഖപ്പെടുത്തി ബാനര്‍ കളിയ്ക്കിടെ സ്റ്റേഡിയത്തില്‍ ആരാധകരുടെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വിജയാഘോഷത്തിനിടെ ബാനര്‍ താരങ്ങളുടെ പക്കലെത്തുകയായിരുന്നു.

ഇനിയെന്ത്

ഫോക്ക്ലാന്‍ഡ്സ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളെ വിലക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പിഴ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളും അര്‍ജന്റീന താരങ്ങള്‍ നേരിടേണ്ടിവന്നേക്കും. അര്‍ജന്റീനിയന്‍ താരങ്ങളെ പുറത്താക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ഇംഗ്ലീഷ് ക്ലബുകളില്‍ നിന്നും അര്‍ജന്റീന താരങ്ങളെ പുറത്താക്കണം എന്നാണ് പ്രധാന ആവശ്യം.

ടോട്ടന്‍ഹാം ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ റൊമേറോ, മുന്‍ സ്പര്‍സ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം. റൊമേറോയെ സ്പര്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാര്‍ട്ടിനെസിനെ വില്‍ക്കണമെന്നും ആവശ്യമുയര്‍ന്നു.

ചര്‍ച്ചകള്‍ രണ്ട് വഴിയ്ക്ക്

ലോകകപ്പില്‍ റഫറീയിങ് അര്‍ജന്റീനയ്ക്ക് അനുകൂലമാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ സാഹചര്യം ചര്‍ച്ചയിലേക്ക് ഉയരുന്നത്. കളിക്കാരെ ഫൈനലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. നേരത്തെയും

ഫോക്ക്ലാന്‍ഡ് ദ്വീപുകളെക്കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു എങ്കിലും അര്‍ജന്റീനിയന്‍ കളിക്കാര്‍ക്ക് നേരെ കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ല. 2014-ല്‍, സ്ലോവേനിയയ്ക്കെതിരായ സൗഹൃദ മത്സരത്തിലും സമാനമായ 'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന് ഏതാണ്ട് 20,000 പൗണ്ട് മാത്രമാണ് പിഴ ചുമത്തിയത്.

Argentina's players sparked controversy after defeating England in the FIFA World Cup semi-final by posing with a banner asserting Argentina's claim over the Falkland Islands (Islas Malvinas). The gesture quickly drew widespread attention, reigniting the long-standing political dispute between Argentina and the United Kingdom over the islands. The incident has triggered strong reactions from football fans and observers, adding political tension to Argentina's memorable victory.