World Cup 2026

ആരായിരുന്നു അന്റോണിയോ ഉബാൽഡോ റാറ്റ്? ക്വാർട്ടർ ഫൈനലിലും അർജന്റീന താരങ്ങൾ ആ കറുത്ത ആംബാൻഡ് അണിഞ്ഞത് എന്തിനായിരുന്നു?

89-ാം വയസ്സിൽ അന്തരിച്ച റാറ്റിൻ അർജന്റീനിയന്‍ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്

Sports Desk

സ്വിറ്റ്സർലൻഡിനെതിരായ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കറുത്ത ആംബാൻഡ് അണിഞ്ഞാണ് അർജന്റീനിയൻ താരങ്ങൾ കളത്തിലിറങ്ങിയത്. അന്തരിച്ച മുൻ നായകനും ഇതിഹാസ മിഡ്ഫീൽഡറുമായ അന്റോണിയോ ഉബാൽഡോ റാറ്റിന് ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾ ആംബാൻഡ് ധരിച്ചത്.

അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ അഭ്യർഥനയെ തുടർന്ന് ഫിഫ ഇതിനായി പ്രത്യേക അനുമതി നൽകുകയായിരുന്നു. 89-ാം വയസ്സിൽ അന്തരിച്ച റാറ്റിൻ അർജന്റീനിയന്‍ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. പക്ഷാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് കുടുംബം അറിയിച്ചു.

1959 മുതൽ 1969 വരെ അർജന്റീന ദേശീയ ടീമിന്റെ നിർണായക സാന്നിധ്യമായിരുന്ന അദ്ദേഹം 1962-ലും 1966-ലും നടന്ന ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ക്ലബ് ഫുട്ബോളിൽ തന്റെ മുഴുവൻ കരിയറും ബോക്ക ജൂനിയേഴ്സിനൊപ്പമായിരുന്നു റാറ്റിൻ.1956 മുതൽ 1970 വരെ ക്ലബ്ബിനായി 382 മത്സരങ്ങളിൽ കളിച്ച അദ്ദേഹം നാല് ലീഗ് കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു.

റാറ്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ ബോക്ക ജൂനിയേഴ്സ്, 'ഞങ്ങളുടെ വികാരവും പ്രതീകവുമായ അന്റോണിയോ ഉബാൽഡോ റാറ്റിനെ ഞങ്ങൾ ഒരിക്കലും മറക്കില്ല' എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ഫുട്ബോൾ ചരിത്രത്തിലും റാറ്റിന്റെ പേര് പ്രത്യേക സ്ഥാനമാണ് വഹിക്കുന്നത്. 1966 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അദ്ദേഹത്തെ പുറത്താക്കിയതിനെച്ചൊല്ലി ഉയർന്ന വിവാദം പിന്നീട് ഫുട്ബോളിൽ മഞ്ഞ, ചുവപ്പ് കാർഡുകൾ എന്ന ശിക്ഷാ സംവിധാനം അവതരിപ്പിക്കുന്നതിന് വഴിയൊരുക്കിയ പ്രധാന സംഭവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

Argentina players wore black armbands during their FIFA World Cup quarter-final match against Switzerland. The tribute was to honor the late former captain and legendary midfielder Antonio Ubaldo Rattín