World Cup 2026

പ്രീക്വാർട്ടർ ടിക്കറ്റിനായി അർജന്റീനയും കേപ് വെർഡെയും; വൊസീഞ്ഞോയുടെ വല കുലുക്കൽ മെസ്സിക്ക് എളുപ്പമാകില്ല

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് അർജന്റീന നോക്കൗട്ടിലെത്തിയതെങ്കിൽ ഒറ്റ മത്സരത്തിലും പരാജയപ്പെടാതെയാണ് കേപ് വെർഡെ എത്തുന്നത്

Sports Desk

നാളെ പുലർച്ചെ നടക്കുന്ന അർജന്റീന–കേപ് വെർഡെ പോരാട്ടം 2026 ലോകകപ്പിലെ മികച്ച മത്സരമായിരിക്കും ആരാധകർക്ക് സമ്മാനിക്കുന്നത്. ഒറ്റ മത്സരത്തിലും പരാജയപ്പെടാതെ കേപ് വെർഡെ, മെസ്സിയേയും സംഘത്തേയും നേരിടുമ്പോൾ ടീമിന് എടുത്തു പറയാനുള്ളത് ​ഗോൾ കീപ്പർ വെസീഞ്ഞോയെതന്നെയാണ്. പ്രതിരോധത്തിന്റെ ഉരുക്ക് കോട്ട തീർത്ത കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ആകെ 2 ​ഗോളുകൾ മാത്രമാണ് കേപ് വെർഡെ വഴങ്ങിയത്.

ഒരു വശത്ത് ലോകകപ്പ് കിരീടം നിലനിർത്താൻ ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരും മറുവശത്ത് ആദ്യ ലോകകപ്പിൽതന്നെ നോക്ക് ഔട്ടിലെത്തി ചരിത്രമെഴുതിയ കേപ് വെർദെയും തമ്മിലെ പോരാട്ടത്തെ ഫുട്ബോളിലെ ഡേവിഡ് VS ഗൊലിയാത്ത് പോരാട്ടമെന്നാണ് ലോകമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് അർജന്റീന നോക്കൗട്ടിലെത്തിയത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർക്കെതിരെ എട്ട് ഗോളടിച്ച അർജന്റീന ഒരു ഘട്ടത്തിലും പ്രതിരോധത്തിലായിരുന്നില്ല. ഏറ്റവും ശ്രദ്ധേയമായത് നായകൻ ലയണൽ മെസ്സിയുടെ പ്രകടനമാണ്. ആറു ഗോളുകളുമായി ഗോൾഡൻ ബൂട്ട് പട്ടികയിൽ മുന്നിലുള്ള മെസ്സി, 39ാം വയസ്സിലും ലോകകപ്പ് വേദിയിലെ ഏറ്റവും നിർണായക താരമായി തുടരുകയാണ്.

മെസ്സിയെമാത്രം ആശ്രയിക്കുന്ന ടീം എന്ന പ്രതിച്ഛായയിൽനിന്ന് അർജന്റീന ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ലൗട്ടാരോ മാർട്ടിനെസ്, ഡി പോൾ, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ സ്ഥിരത ടീമിനെ കൂടുതൽ അക്രമണകാരികൾ ആക്കുന്നുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ എന്നിവർക്കെതിരെ തോൽവിയറിയാതെയാണ് കേപ് വെർഡെ നോക്ക് ഔട്ടിലെത്തിയത്. ഓരോ മത്സരത്തിലും കാണിച്ച അതേ പ്രതിരോധ ശക്തിതന്നെയാണ് അർജന്റീനക്കെതിരെ ടീം പുറത്തെടുക്കുക. ലോകകപ്പിലെ അരങ്ങേറ്റക്കാരായ നാല് ടീമുകളിൽ നോക്കൗട്ടിലെത്തിയ ഏക ടീം കൂടിയാണ് കേപ് വെർഡെ. അർജന്റീനയ്ക്കെതിരെ തുറന്ന പോരാട്ടത്തിന് ഇറങ്ങുകയെന്നത് കേപ് വെർഡെയ്ക്ക് അപകടകരമായ തീരുമാനമാകും.

അതിനാൽ ശക്തമായ പ്രതിരോധവും അതിവേഗ കൗണ്ടർ അറ്റാക്കുകളും തന്നെയായിരിക്കും അവരുടെ പ്രധാന ആയുധം. ഗോൾകീപ്പറുടെയും സെന്റർ ബാക്കുമാരുടെയും പ്രകടനം നിർണായകമാകും. ഒരു ഗോൾപോലും വൈകിപ്പിക്കാൻ കഴിഞ്ഞാൽ അർജന്റീനക്ക് സമ്മർദമായിമാറാനും സാധ്യതയുണ്ട്. കേപ് വെർഡെയെ ചെറിയ ടീമായി കാണുന്നില്ലെന്ന അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ വാക്കുകൾ ഇരുടീമുകളുടേയും മുന്നൊരുക്കങ്ങൾ വ്യക്തമാക്കുന്നുണ്ട്.

സാധ്യതാ ഇലവൻ:

അർജന്റീന

(4-4-2)

മാർട്ടിനെസ്, മൊളിന, റൊമേറോ, മാർട്ടിനെസ്, മെഡീന, ഡി പോൾ, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, അൽമാഡ, മെസ്സി, ലൗട്ടാരോ മാർട്ടിനെസ്.

കേപ് വെർഡെ

(4-1-4-1)

വോസീഞ്ഞെ, മൊറെയ്റ, ലോപസ്, ബോർജസ്, കബ്രാൽ, പിന, മെൻഡസ്, ഡുവാർട്ടെ, മൊണ്ടെയ്‌റോ, സെമേഡോ, ലിവ്രമെന്റോ.

Argentina face Cape Verde in a fascinating Round of 32 clash that has been billed as a David vs Goliath contest. While Lionel Messi's in-form Argentina have won all three group matches, Cape Verde have reached the knockout stage unbeaten on their World Cup debut, conceding just two goals. Goalkeeper Vozinha has been central to their impressive defensive displays. Cape Verde are expected to rely on a disciplined defence and quick counterattacks, while Argentina coach Lionel Scaloni has warned against underestimating the tournament's surprise package.