World Cup 2026

'ഹലോ, മെറ്റ്‌ലൈഫ്... ഞാൻ വീണ്ടും വരുന്നു'; എന്താകും ഫൈനൽ കാഴ്ച?

ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ചവനായി ലോകം വാഴിക്കുന്ന അർജന്റീനയുടെ ലയണൽ മെസിയുടെ അവസാന ലോകകപ്പ് മത്സരമെന്ന നിലയിലും കലാശപ്പോരിന് പ്രസക്തിയേറെ

Sports Desk

ഫിഫ ലോകകപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നു. കലാശക്കൊട്ടിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയ്ക്ക് എതിരാളികൾ 2010 ലെ ലോക ചാംപ്യൻമാരായ സ്‌പെയിൻ. ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ചവനായി ലോകം വാഴിക്കുന്ന അർജന്റീനയുടെ ലയണൽ മെസിയുടെ അവസാന ലോകകപ്പ് മത്സരമെന്ന നിലയിലും കലാശപ്പോരിന് പ്രസക്തിയേറെ.

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ അതിപ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. പ്രകൃതിദത്ത പുൽമൈതാനത്ത് മാത്രമേ ലോകകപ്പ് മത്സരങ്ങൾ നടക്കാവൂ എന്ന് ഫിഫയുടെ നിയമമുണ്ട്. അതിനാൽ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ആർട്ടിഫിഷ്യൽ ടർഫിൽ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് താൽക്കാലിക പുൽമൈതാനം തീർത്തിരിക്കുകയാണ് ആതിഥേയരായ അമേരിക്ക. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ, ആ മത്സരത്തിൽ സാക്ഷാൽ ലയണൽ മെസി കളിക്കുമ്പോൾ അതൊരു ചരിത്രം കൂടിയാണ്..!

2016 ൽ മെസി രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഈ സ്‌റ്റേഡിയത്തിൽ വെച്ചാണ്. അന്ന് കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ചിലെയുമായി ഏറ്റുമുട്ടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചില്ല. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. അർജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസി അത് പാഴാക്കുന്നു..!

പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 നാണ് അർജന്റീന തോറ്റത്. മത്സരം തോറ്റ ശേഷം മെസി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നിന്ന് കരയുന്ന ദൃശ്യങ്ങൾ ഇന്നും ഫുട്‌ബോൾ പ്രേമികൾക്കിടയിൽ ചർച്ചയാണ്. തൊട്ടുപിന്നാലെ മെസി രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പത്ത് വർഷങ്ങൾക്കു മുൻപ് വിരമിക്കൽ പ്രഖ്യാപിച്ച അതേ സ്റ്റേഡിയത്തിലാണ് മെസി നിലവിലെ ലോക ചാംപ്യൻമാരായി മറ്റൊരു ലോകകപ്പ് ഫൈനൽ കളിക്കാൻ പോകുന്നതെന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കാം..!

അർജന്റീനയുടെ തുടർച്ചയായ നാലാം ഫൈനൽ തോൽവിയായിരുന്നു 2016 കോപ്പയിലേത്. അതിൽ 2014 ലോകകപ്പും മൂന്ന് കോപ്പ അമേരിക്കയും ഉൾപ്പെടും. നാലിലും മികച്ച രീതിയിൽ കളിച്ചിട്ടും രാജ്യത്തിനു കിരീടം നേടിക്കൊടുക്കാൻ മെസിക്ക് സാധിച്ചില്ല. ഇത് താരത്തെ വല്ലാതെ നിരാശപ്പെടുത്തി. ഇതേ തുടർന്നാണ് മാനസികമായി തകർന്ന മെസി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

ടീമിനായി ആവുന്നതെല്ലാം ചെയ്തിട്ടും വിജയിക്കാൻ സാധിക്കുന്നില്ല. മാനസികമായി ആകെ തകർന്നുപോയി. തുടർച്ചയായ ഫൈനൽ തോൽവികൾ താങ്ങാൻ സാധിക്കുന്നില്ല...! ഇതൊക്കെയായിരുന്നു മെസിയുടെ വിരമിക്കൽ തീരുമാനത്തിനു പിന്നിൽ. 2016 നു പകരംവീട്ടാൻ മെസിക്ക് ഒരു അവസരം ഒരുക്കിയിരിക്കുകയാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയം. ഫൈനലിൽ മെസിയുടെ ആനന്ദകണ്ണീർ ആയിരിക്കുമോ അതോ 2016 ആവർത്തിക്കുമോ?

The 2026 FIFA World Cup has reached its grand finale, with defending champions Argentina set to face 2010 world champions Spain in a highly anticipated title clash. The match carries added significance as it is expected to be Lionel Messi's final World Cup appearance, marking the end of one of football's greatest international careers. The final will be played at MetLife Stadium in the New York metropolitan area, where organizers have installed a temporary natural grass pitch over the stadium's artificial turf to comply with FIFA regulations, making the occasion a historic spectacle for football fans worldwide.