ബ്രസീൽ സൂപ്പർതാരം നെയ്മറിനു ഉടൻ കളത്തിലിറങ്ങാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ. സഹതാരങ്ങൾക്കൊപ്പം പൂർണസമയം പരിശീലനം നടത്താൻ പോലും നെയ്മറിനു ഇപ്പോൾ സാധ്യമല്ലെന്നും അതിനാൽ ഉടൻ കളത്തിലിറങ്ങില്ലെന്നും ബ്രസീൽ മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.
ഗ്രൂപ്പ് സിയിലെ ബ്രസീലിന്റെ രണ്ടാം മത്സരം ഹെയ്തിക്കെതിരെ നടക്കാനിരിക്കെയാണ് നെയ്മറിന്റെ പരുക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റ്. ഹെയ്തിക്കെതിരായ മത്സരം ഫിലാഡൽഫിയയിൽ ആണ് നടക്കാനിരിക്കുന്നത്. ഹെയ്തി മത്സരത്തിനെതിരായ ടീമിനൊപ്പം നെയ്മറിനു ട്രാവൽ ചെയ്യാൻ സാധിക്കില്ലെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.
പരുക്കിൽനിന്ന് താരം പൂർണമുക്തി നേടിയിട്ടില്ല. എല്ലാവിധ പരിശീലനങ്ങളും നടത്താൻ നിലവിൽ സാധ്യമല്ല. അതിനാൽ അൽപ്പം കൂടി വിശ്രമം വേണമെന്നാണ് ടീം ഫിസിയോമാരുടെ നിലപാട്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും നെയ്മർ ഇറങ്ങില്ലെന്ന് ഉറപ്പായി.
''നെയ്മർ ന്യൂ ജേഴ്‌സിയിൽ തുടരും. പരുക്ക് ഭേദമാകുന്നതിന്റെ അവസാന സ്റ്റേജിലേക്ക് എത്തിയിട്ടുണ്ട്. കൊളംബിയ പാർക്ക് പരിശീലന കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഉള്ളതിനാൽ അദ്ദേഹം അവിടെ തുടരും,'' ബ്രസീൽ കോൺഫെഡറേഷൻ വ്യക്തമാക്കി.
നോക്ക്ഔട്ട് സ്റ്റേജിലേക്ക് നെയ്മറിനെ ഒരുക്കുകയാണ് ലക്ഷ്യം. ഗ്രൂപ്പ് മത്സരങ്ങളിൽ റിസ്‌ക്കെടുത്ത് നെയ്മറിനെ ഇറക്കാൻ ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് മത്സരങ്ങളിൽ വിശ്രമം ഉണ്ടെങ്കിൽ നോക്ക്ഔട്ടിൽ പൂർണ സജ്ജനായി അദ്ദേഹത്തിനു ഇറങ്ങാൻ സാധിക്കും - ബ്രസീൽ മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
മൊറോക്കോയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീൽ സമനില വഴങ്ങിയിരുന്നു. ഹെയ്തിക്കെതിരെയും സ്‌കോട്ട്‌ലൻഡിനെതിരെയുമാണ് ബ്രസീലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ.
The Brazilian Football Confederation has confirmed that Brazilian superstar Neymar will not be able to return to action anytime soon. The Brazil management stated that Neymar is currently unable to train fully with his teammates, and therefore an immediate comeback is not possible.