റഫറിമാർ ചില ടീമുകൾക്ക് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന ആരോപണം ലോകകപ്പിൽ ഫ്രാൻസ് പരിശീലകൻ ദിദിയെർ ദെഷാംപ്‌സ് അടക്കം ഉന്നയിച്ചിരിക്കുകയാണ്. സ്‌പെയിനിനോട് സെമി ഫൈനലിനു തോറ്റതിനു പിന്നാലെയാണു മാച്ച് ഒഫിഷ്യൽസിനെ സംശയനിഴലിൽ നിർത്തി ദെഷാംപ്‌സിന്റെ ഉണ്ടയില്ലാ വെടി. അതേസമയം ഫ്രാൻസിന് അനുകൂലമായി റഫറിയെടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് ദെഷാംപ്‌സിനെ ഫുട്‌ബോൾ ആരാധകർ ചോദ്യം ചെയ്യുന്നത്.
സ്‌പെയിൻ താരം റോഡ്രിയെ ഫ്രഞ്ച് താരം ഒലിസെ ഫൗൾ ചെയ്തിട്ടും റഫറി അതിനെതിരെ നടപടി സ്വീകരിച്ചില്ലെന്നാണു സമൂഹമാധ്യമങ്ങളിൽ ഫുട്‌ബോൾ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിലാണ് സംഭവം. റോഡ്രിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ ഒലിസെ അപകടകരമായ രീതിയിൽ ടാക്കിൾ ചെയ്യുകയായിരുന്നു. പിന്നിൽനിന്നുള്ള ടാക്കിളിനിടെ ഒലിസെ റോഡ്രിയെ ബൂട്ടുകൊണ്ട് ചവിട്ടുന്നതായി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ റഫറി പ്ലേ ഓൺ നിർദേശം നൽകുകയായിരുന്നു.
ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് ഫൗളാണെന്നു വ്യക്തമാണ്. ഒരുപക്ഷേ റെഡ് കാർഡിനുപോലും അർഹമായ ഗുരുതര പിഴവായി പരിഗണിക്കേണ്ട ടാക്കിളാണിതെന്നു ഫുട്‌ബോൾ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. പിന്നിൽനിന്നുള്ള ടാക്കിൾ ആയതിനാൽ ചുരുങ്ങിയപക്ഷം യെല്ലോ കാർഡിനെങ്കിലും ഒലിസെ അർഹനാണ്.
ബോൾ പാസ് ചെയ്തതിനുശേഷം വൈകിയുള്ള ചലഞ്ച് ആയിരുന്നു ഒലിസെയുടേത്. ഉടനെ റെഡ് കാർഡ് നൽകണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് താരങ്ങൾ റഫറിക്കു ചുറ്റും കൂടി. കാലിൽ ചവിട്ടേറ്റ റോഡ്രി ഒലിസെയ്‌ക്കെതിരായ നടപടിക്കുവേണ്ടി അൽപ്പനേരം ഗ്രൗണ്ടിൽ കിടന്നു. എന്നാൽ സാധാരണ ഫൗൾ മാത്രമായി പരിഗണിക്കുകയാണു റഫറി ചെയ്തത്. യെല്ലോ കാർഡ് പോലും കൊടുക്കാത്തതിൽ സ്പാനിഷ് താരങ്ങൾ പ്രതിഷേധം അറിയിച്ചു.
മത്സരം തോറ്റശേഷമാണ്, 'ഒരു ലോകകപ്പ് സെമി ഫൈനൽ നിയന്ത്രിക്കാനുള്ള മാച്ച് ഒഫിഷ്യൽസിന് ഈ നിലവാരം മതിയോ' എന്ന് ദെഷാംപ്‌സ് ചോദിച്ചത്. ഈ വാർത്തയ്ക്കു താഴെ ഒലിസെയുടെ ഫൗൾ ചൂണ്ടിക്കാണിക്കുകയാണു ഫുട്‌ബോൾ ആരാധകർ. റഫറിമാർ കൃത്യമായി നിലപാടെടുത്തിരുന്നെങ്കിൽ ദെഷാംപ്‌സിന്റെ ആവനാഴിയിലെ അസ്ത്രമായ ഒലിസെ റെഡ് കാർഡ് കണ്ട് മടങ്ങേണ്ടിവരുമായിരുന്നെന്നാണ് മറുപക്ഷം.
France head coach Didier Deschamps has questioned the performance of match officials following his team's World Cup semi-final defeat to Spain, suggesting that referees have shown favouritism toward certain teams during the tournament. However, many football fans have pushed back against his remarks, pointing to previous refereeing decisions that they believe benefited France, sparking a fresh debate over officiating standards at the World Cup.