ഈജിപ്ത് നാഷണൽ ഫുട്ബോൾ ടീമിന്റെ നെറ്റിയിലുണ്ടായിരുന്ന കറയായിരുന്നു ലോകകപ്പ് മത്സരത്തിലെ ഒരു വിജയംപോലും നേടാൻ കഴിഞ്ഞില്ല എന്നത്. ആകെ നാല് ലോകകപ്പിലാണ് ഈജിപ്ത് പങ്കെടുത്തതെങ്കിലും ഇന്നത്തെ മത്സരംവരെ ഒന്നിൽപോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 1934, 1990, 2018, 2026 ലോകകപ്പുകളിലായി ഈജിപ്ത് ഒൻപത് മത്സരങ്ങളാണ് കളിച്ചത്. മൂന്ന് സമനിലയും അഞ്ച് തോൽവിയുമായിരുന്നു സമ്പാദ്യം. ആ നിരാശയാണ് ന്യൂസിലാന്റുമായി മൂന്ന് ഗോൾ അടിച്ച് മുഹമ്മദ് സലായും ടീമും തീർത്തത്.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ സലാ പുറത്തെടുത്ത മിന്നും പ്രകടനമാണ് ഈജിപ്തിന് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം സമ്മാനിച്ചത്. ഒരു ഗോളും അസിസ്റ്റുമായി സലാഹ്തന്നെയാണ് മാൻ ഓഫ് ദി മാച്ച്. 3-1ന്റെ വിജയത്തോടെ അവസാന 32-ലേക്കുള്ള യോഗ്യതയുടെ വക്കിലെത്താനും ഈജിപ്തിന് സാധിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ ന്യൂസിലൻഡ് അപ്രതീക്ഷിതമായി ലീഡ് നേടിയെങ്കിലും ഈജിപ്ത് ശക്തമായി തിരിച്ചുവന്നു. 67-ാം മിനിറ്റിൽ സലാ നേടിയ ഗോളാണ് സമനില നേടിയത്. തുടർന്ന് സലായുടെ കോർണറിൽനിന്ന് ട്രെസഗെ നേടിയ ഹെഡർ ഈജിപ്തിന്റെ വിജയം ഉറപ്പിച്ചു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബെൽജിയത്തിനെതിരെ സമനില നേടിയിരുന്നെങ്കിലും ന്യൂസിലൻഡിനെതിരായ ആദ്യ പകുതിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന സലാഹ്, നിർണായക സമയത്ത് തന്റെ ക്ലാസ് തെളിയിക്കുകയായിരുന്നു. ലയണൽ മെസി, കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ്, ഹാരി കെയ്ൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കു പിന്നാലെ ഈ ലോകകപ്പിൽ തന്റേതായ മുദ്ര പതിപ്പിക്കാനും അദ്ദേഹത്തിനായി.
2018 ലോകകപ്പിലെ നിരാശാജനകമായ പ്രകടനവും 2022 ഖത്തർ ലോകകപ്പിലേക്കുള്ള യോഗ്യത നഷ്ടപ്പെട്ടതും സലായുടെ ലോകകപ്പ് കരിയറിനെ നിരാശകളാൽ നിറച്ചിരുന്നു. റഷ്യയിലെ ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ സലാഹ്, പിന്നീട് റഷ്യയോടും സൗദി അറേബ്യയോടുമുള്ള തോൽവികൾക്കുശേഷം കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു.
ഈജിപ്ത് ദേശീയ ടീമിനായി 118 മത്സരങ്ങളിൽനിന്ന് സലാഹ് നേടിയത് 68 ഗോളുകളാണ്. ഇതോടെ പരിശീലകൻ ഹൊസം ഹസന്റെ സർവകാല ഗോൾ റെക്കോർഡിൽനിന്ന് ഒരു ഗോൾ മാത്രം പിന്നിലാണ് അദ്ദേഹം. എന്നാൽ ന്യൂസിലൻഡിനെതിരായ ഈ ഗോൾ തന്നെയാണ് താരത്തിന്റെ രാജ്യത്തിനായി നേടിയതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പലരും വിലയിരുത്തുന്നു.
14 വർഷമായി ഈജിപ്ത് ദേശീയ ടീമിന്റെ ഭാഗമായി തുടരുന്ന സലായുടെ ടീമിന്റെ പ്രധാന താരമാണ്. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോളിന് ഗുരുതരമായി പരിക്കേറ്റപ്പോൾ ഈജിപ്ത് ആരോഗ്യമന്ത്രിവരെയും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നതായി ടീം ഡോക്ടർ മുഹമ്മദ് അബൂദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ലിവർപൂളിനൊപ്പം നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും രാജ്യത്തിനായി ഒരു പ്രധാന കിരീടം നേടാൻ സലായ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. 2017-ലും 2021 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലുകളിലും ഈജിപ്ത് പരാജയപ്പെട്ടിരുന്നു.
Egypt finally erased a long-standing World Cup blemish by recording their first-ever victory in the tournament. Having gone winless in nine World Cup matches across 1934, 1990, 2018 and 2026, the Pharaohs ended that painful run with a 3-1 comeback win over New Zealand. Mohamed Salah inspired the turnaround with a goal and an assist, earning Man of the Match honours. The victory moved Egypt to the brink of the last 32 and marked a defining World Cup moment for Salah, who overcame years of disappointment to deliver on football’s biggest stage.