ലോകകപ്പ് യാത്ര പകുതിവെച്ച് അവസാനിച്ചെങ്കിലും ഫുട്ബോൾ ആരാധകർക്ക് എർലിങ് ഹാലണ്ട് എന്ന ഹീറോയെ സമ്മാനിച്ചാണ് നോർവേയുടെ മടക്കം.
ഹാലണ്ടിന് ലോകകപ്പ് ട്രോഫി സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും, യുഎസിലെ തന്റെ ഓർമ്മയ്ക്കായി തികച്ചും വിചിത്രമായ ഒരു സമ്മാനവുമായി അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടു — ഒരു റാക്കൂൺ. അമേരിക്കയിൽ ധാരാളമായി കാണപ്പെടുന്ന, വെരുകിനോടോ മരപ്പട്ടിയോടോ ഒക്കെ സാദൃശ്യമുള്ള ഒരു ചെറിയ ജീവിയാണിത്.
ഹാലണ്ട് എന്തിനാണ് ഈ ജീവിയെ കൂടെ കൊണ്ടുപോകുന്നതെന്നും അത് നിയമവിരുദ്ധമല്ലേ എന്നുമൊക്കെ സ്വാഭാവികമായും ചർച്ചകളും ഉയർന്നു. ഇതിനെ കുറിച്ച് ചിന്തിച്ച് തലപുകഞ്ഞ സോഷ്യൽ മീഡിയ അങ്ങനെയാണ് ആ സത്യം മനസ്സിലാക്കിയത്. അതൊരു ജീവനുള്ള റാക്കൂൺ ആയിരുന്നില്ല, ഒരു പാവയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് നോര്‍വേ ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്നത്. നോര്‍വേ തലസ്ഥാനമായ ഓസ്ലോയില്‍ വിമാനമിറങ്ങിയ ഹാലണ്ടിന്റെ വലതു തോളില്‍ യാത്രാബാഗുകളും ഇടത് കയ്യിൽ ഭദ്രമായി പിടിച്ച ഈ കളിപ്പാവയുമുണ്ടായിരുന്നു. ഒരു വിസ്കി ബോട്ടിലിൽ ചുറ്റിപ്പിടിക്കുന്ന രീതിയിലാണ് ഈ പാവയുണ്ടായിരുന്നത്. വിമാനത്താവളത്തിലെ ചിത്രങ്ങൾ വൈറലായതോടെ റാക്കൂണും വൈറലായി.
അത്രമേൽ പ്രിയപ്പെട്ട റാക്കൂൺ പാവയെ തന്ർറെ ഇൻസ്റ്റഗ്രാം ആരാധകർക്ക് പരിചയപ്പെടുത്താനും ഹാലണ്ട് മറന്നില്ല. പാവയ്ക്കൊരു പേരിടാൻ ആരാധകരോട് ഹാലണ്ട് ആഭ്യർഥിക്കുകയും ചെയ്തു. ഇതെന്ർറെ ഒപ്പം വീട്ടിലേക്ക് പോന്നു എന്നായിരുന്നു പാവയ്ക്കൊപ്പമുള്ള പോസ്റ്റിന് ഹാലണ്ട് നൽകിയ ക്യാപ്ഷൻ.
ദല്ലസിലെ ഒരു കടയിൽ നിന്നാണ് ഹാലണ്ട് പാവയെ വാങ്ങിയത്. അമ്പത് വർഷത്തിലേറെയായി ദല്ലസിൽ പ്രവർത്തിക്കുന്ന വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോർ എന്ന ഈ കട ടൂറിസ്റ്റുകൾ സ്ഥിരം സന്ദർശിക്കാറുള്ളതാണ്. 750 ഡോളർ അഥാ 72,150 രൂപയാണ് പാവയുടെ വില. തങ്ങളിത് ഒരു സമ്മാനമായി നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിലയ്ക്ക് മതിയെന്ന് ഹാലണ്ട് നിർബന്ധം പിടിക്കുകയായിരുന്നുവെന്നാണ് കടയുടമകൾ പറയുന്നത്.
ഗ്രീനാള്‍സിന്റെ വൈല്‍ഡ് ബെറി ജിന്നിന്റെ ഒഴിഞ്ഞ കുപ്പി കൈകളില്‍ പിടിച്ചിരിക്കുന്ന രൂപത്തിലുള്ള ഈ റാക്കൂണിന് പുറമെ, പാമ്പിന്‍ തോല്‍കൊണ്ട് നിര്‍മ്മിച്ച കൗബോയ് ബൂട്ട്സുകളും തന്റെ ജേഴ്സി നമ്പറായ ‘9’, പേരിന്റെ ആദ്യക്ഷരങ്ങള്‍ എന്നിവ പതിച്ച കൗബോയ് തൊപ്പിയും ഹാലണ്ട് ഇവിടെ നിന്ന് വാങ്ങിയിരുന്നു
പാവയുമായി ഹാലണ്ട് ഒരു പോസ്റ്റ് ഇട്ടതോടെ, കടയുടെ ഓൺലൈൻ സൈറ്റിലിപ്പോൾ വൻ തിരക്കാണെന്നാണ് റിപ്പോർട്ടുകൾ. റാക്കൂൺ പാവയ്ക്കുള്ള ഡിമാൻഡും കൂടിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ഷിപ്പിംഗ് സൗകര്യം വെബ്സൈറ്റില്‍ ഏര്‍പ്പെടുത്താനും ഹാലണ്ട് സന്ദര്‍ശനം കാരണമായി.
നിലവില്‍ ലഭിച്ച രണ്ടായിരത്തോളം ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ മുപ്പത് ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ളതാണ്. കടയിലെത്തുന്ന വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ഹാലണ്ട് നിന്ന പടവുകളില്‍ നിന്ന് ഫോട്ടോയെടുക്കാനും അദ്ദേഹം വാങ്ങിയ ബൂട്ട്സുകള്‍ സ്വന്തമാക്കാനും മത്സരിക്കുകയാണെന്നാണ് വിവരം.
2026 ഫിഫ ലോകകപ്പിൽ മൈതാനത്തും മൈതാനത്തിന് പുറത്തും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് ഹാലണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോൾ നേടി ടീമിന്റെ ടോപ് സ്കോററായും അദ്ദേഹം തിളങ്ങി. ലോകകപ്പ് കാലയളവിൽ ഹാലണ്ടിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് 2.2 കോടിയിലധികമാണ് വർധിച്ചത്.