World Cup 2026

പുരുഷ ലോകകപ്പിൽ ഒരു മത്സരത്തിലെ മൂന്ന് റഫറിമാരും വനിതകൾ; ഓരോ ദിനവും പുതിയ അധ്യായം തുറക്കുന്ന ഫിഫ

1991 മുതലാണ് വനിതാ റഫറിമാരെ ഫിഫ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിത്തുടങ്ങിയത്

Sports Desk

പുരുഷൻമാർമാത്രം ആധിപത്യം പുലർത്തിയ മേഖലയായിരുന്ന റഫറിയിങ്ങിൽ ഫിഫ നടത്തുന്ന വിപ്ലവകരമായ മാറ്റമായിരുന്നു സ്ത്രീ സാനിധ്യം വർധിപ്പിക്കുക എന്നത്. 1991 മുതലാണ് ഫിഫ വനിതകളെ കളി നിയന്ത്രണത്തിനായി ത‍ിരഞ്ഞെടുക്കുന്നത്. ആ വർഷം ചൈനയിൽ നടന്ന ആദ്യത്തെ ഫിഫ വനിതാ ലോകകപ്പിൽ, ബ്രസീലിന്റെ ക്ലോഡിയ വാസ്കോൺസെലോസ് ഒരു ഔദ്യോഗിക ഫിഫ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയായി മാറിയിരുന്നു. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരമാണ് അവർ നിയന്ത്രിച്ചത്.

1995ൽ ഫിഫ വനിതാ ലോകകപ്പ് മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽ വനിതാ റഫറിമാരെയും ലൈൻസ് വുമൺമാരെയും ഔദ്യോഗികമായി ഉൾപ്പെടുത്തിയിരുന്നു. അന്ന് സ്വീഡന്റെ ഇംഗ്രിഡ് ജോൺസൺ ഒരു ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ചു. 1999 വനിതാ ലോകകപ്പിലെ മത്സരങ്ങൾ പൂർണ്ണമായും നിയന്ത്രിച്ചത് വനിതാ റഫറിമാരും അസിസ്റ്റന്റ് റഫറിമാരും മാത്രമടങ്ങിയ പാനലായിരുന്നു.

റഫറിയിങ്ങിൽ വനിതകൾ ചരിത്രം കുറച്ചത് 2022 ഖത്തർ ലോകകപ്പിലായിരുന്നു. അന്ന് ഫ്രാൻസിലെ സ്റ്റിഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിലെ സാലിമ മുകൻസങ, ജപ്പാനിലെ യോഷിമി യമാഷിത എന്നിവർ മുഖ്യ റഫറിമാരായി ടൂർണമെന്റിൽ ഇടംനേടി. കൂടാതെ നിരവധി വനിതാ അസിസ്റ്റന്റ് റഫറിമാരും അന്ന് ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നു. മാത്രമല്ല, സ്റ്റിഫാനി ഫ്രാപ്പാർട്ട് പുരുഷ ലോകകപ്പിലെ ഒരു മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായി ചരിത്രം കുറിച്ചിരുന്നു.

2026 നോർത്ത് അമേരിക്കൻ ലോകകപ്പ് ചരിത്രത്തിൽ ഇടംനേടിയത് ഒരു മത്സരത്തിലെ മൂന്ന് റഫറിമാരേയും വനിതകളാക്കികൊണ്ടാണ്. ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും തമ്മിലെ മത്സരത്തിലാണ് റഫറിയും അസിസ്റ്റന്റ് റഫറിയും വനിതകളായണ്. അമേരിക്കൻ സ്വദേശികളായ ടോറി പെൻസോ, ബ്രൂക്കി മായോ, കത്രീൻ നെസ്ബിറ്റ് എന്നിവരാണ് ഇന്ന് ചരിത്രം കുറിച്ചത്. പുരുഷ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ സമ്പൂർണ വനിതാ റഫറി സംഘമായാണ് ഇവർ മാറിയത്.

അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിലാണ് ടോറി പെൻസോ മുഖ്യ റഫറിയായും ബ്രൂക്ക് മയോയും കത്രീൻ നെസ്ബിറ്റും അസിസ്റ്റന്റ് റഫറിമാരായും ചുമതലയേറ്റത്. ടോറി പെൻസോ അമേരിക്കൻ ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ റഫറിമാരിൽ ഒരാളാണ്. 2020ലെ മേജർ ലീ​ഗ് സോക്കർ മത്സരത്തിൽ വിസിൽ മുഴക്കിയ ആദ്യ വനിതാ റഫറിയെന്ന നേട്ടവും അവർ സ്വന്തമാക്കിയിട്ടുണ്ട്. ബ്രൂക്ക് മയോയും കാത്രിൻ നെസ്ബിറ്റും വർഷങ്ങളായി അന്താരാഷ്ട്ര മത്സരങ്ങളിൽ അസിസ്റ്റന്റ് റഫറിമാരായി പ്രവർത്തിച്ച് അനുഭവസമ്പത്ത് നേടിയവരാണ്. നെസ്ബിറ്റ് 2019 വനിതാ ലോകകപ്പ് ഫൈനലിലും 2022 പുരുഷ ലോകകപ്പിലും അസിസ്റ്റന്റ് റഫറിയായി പ്രവർത്തിച്ചിരുന്നു.

FIFA’s efforts to increase women’s presence in refereeing reached another milestone at the 2026 FIFA World Cup. Women first officiated FIFA competitions in 1991, while the breakthrough in the men’s World Cup came in Qatar 2022 with Stéphanie Frappart and other female officials. Now, history has been made again as Americans Tori Penso, Brooke Mayo, and Kathryn Nesbitt became the first all-female referee team to officiate a men’s World Cup match, overseeing the Czech Republic–South Africa game in Atlanta.