World Cup 2026

ഫാൾക്ക്‌ലാൻഡ്‌സ് യുദ്ധത്തിൽ ഇം​ഗ്ലണ്ട് കൊന്നത് 649 അർജന്റീനിയൻ പട്ടാളക്കാരെ; 'ദൈവത്തിന്റെ കൈ'ക്ക് പിന്നിലുണ്ട് ഒരു രാഷ്ട്രീയം

1982ൽ 649 അർജന്റീനിയൻ പട്ടാളക്കാരെ ബ്രിട്ടൻ കൊന്നൊടുക്കിയതിന് നാല് വർഷത്തിന് ശേഷം 1986 ജൂൺ 22നായിരുന്നു ഇം​ഗ്ലണ്ടിനെതിരെ മറഡോണയുടെ 'ദൈവത്തിന്റെ കൈ' പിറന്നത്

Sports Desk

1982ലായിരുന്നു അർജന്റീനുയുടെ നെഞ്ചത്ത് മുറിവേൽപിച്ച് ഫാൾക്ക്ലാന്റ്സ് യുദ്ധം നടന്നത്. 700ലധികം അർജന്റീനയുടെ സൈനികരേയാണ് അന്ന് ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയത്. 1000ത്തിലധികം പട്ടാളക്കാർക്ക് പരിക്ക് പറ്റിയ, ബ്രിട്ടനോട് പരാജയപ്പെട്ട യുദ്ധത്തിൽ അവർക്ക് കണക്ക് ചോദിക്കണമായിരുന്നു.

അങ്ങനെയിരിക്കെയാണ് നാല് വർഷത്തിനുശേഷം ഇം​ഗ്ലണ്ടിനെ അർജന്റീനക്ക് മെക്സികോയിലെ എസ്റ്റാഡിയോ അസ്റ്റെകയിൽ നേർക്കുനേർ കിട്ടുന്നത്. അവർക്കതൊര് ഫുട്ബോൾ മത്സരം മാത്രമായിരുന്നില്ല. ഇം​ഗ്ലീഷ് രാജ്യത്തോടുള്ള പകരം വീട്ടലായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റുകൾ പിന്നിടുന്നു. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് പിടിച്ചെടുക്കാൻ ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടൻ മുന്നോട്ട് ചാടി. അഞ്ചടി അഞ്ചിഞ്ച് മാത്രം ഉയരമുള്ള ഡിയാഗോ മറഡോണയും പന്തിനായി ഉയർന്നു ചാടി.

ആറടിയിലധികം ഉയരമുള്ള ഷിൽട്ടനെ മറികടന്ന് പന്ത് വലയിലെത്തിക്കാൻ മറഡോണയ്ക്ക് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. തന്റെ തലയ്ക്ക് മുകളിലേക്ക് ഉയർത്തിയ ഇടതുകൈകൊണ്ട് മറഡോണ പന്ത് തട്ടി വലയിലേക്ക് തട്ടിമാറ്റി. ഇംഗ്ലീഷ് കളിക്കാർ ഹാൻഡ്‌ബോളിനായി വാദിച്ച് റഫറി അലി ബിൻ നാസറിന് ചുറ്റും കൂടി. എന്നാൽ VAR ഇല്ലാതിരുന്ന അക്കാലത്ത് ആ വേഗതയേറിയ നീക്കം കൃത്യമായി കാണാൻ കഴിയാതിരുന്ന റഫറി അത് ഗോളായി പ്രഖ്യാപിച്ചു. അർജന്റീന 1-0 ന് മുന്നിലെത്തി.

മത്സരത്തിനുശേഷം മാധ്യമപ്രവർത്തകർ ആ ഗോളിനെക്കുറിച്ച് ചോദിച്ചപ്പോൾ മറഡോണ ചിരിച്ചുകൊണ്ട് പറഞ്ഞത് ആ ഗോൾ കുറച്ചു മറഡോണയുടെ തലകൊണ്ടും, ബാക്കി ദൈവത്തിന്റെ കൈകൊണ്ടുമാണ് നേടാനായത് എന്നായിരുന്നു. പിന്നീടത് ദൈവത്തിന്റെ ​കൈ എന്ന് ഫുട്ബോൾ ലോകത്ത് അറിയപ്പെട്ടു.

കളി പുനരാരംഭിച്ച് കൃത്യം നാല് മിനിറ്റുകൾക്കുശേഷം ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു വിസ്മയത്തിന് ആ സ്റ്റേഡിയം വീണ്ടും സാക്ഷിയായി. തങ്ങളുടെ സ്വന്തം പകുതിയിൽനിന്ന് മറഡോണയ്ക്ക് പന്ത് ലഭിക്കുന്നു. പീറ്റർ ബേർഡ്‌സ്‌ലി, പീറ്റർ റീഡ് എന്നിവരെ വെട്ടിച്ച് അയാൾ കുതിപ്പ് ആരംഭിച്ചു. കാറ്റിന്റെ വേഗതയിൽ പന്തുമായി മുന്നേറിയ മറഡോണയ്ക്ക് മുന്നിൽ ഇംഗ്ലീഷ് പ്രതിരോധ നിരയിലെ ടെറി ബുച്ചറും ടെറി ഫെൻവിക്കും വെറും കാഴ്ചക്കാരായി മാറി. ബോക്സിലേക്ക് ഇരച്ചുകയറിയ മറഡോണ, ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെയും നിലംപരിശാക്കി പന്ത് ഇംഗ്ലണ്ടിന്റെ വലയിലേക്ക് തൊടുത്തുവിട്ടു. 60 മീറ്ററോളം ദൂരം, 11 സെക്കൻഡുകൾ, 5 ഇംഗ്ലീഷ് പ്രതിരോധ നിരക്കാരെയും ഗോൾകീപ്പറേയും ഒറ്റയ്ക്ക് വെട്ടിച്ചുള്ള ആ അവിശ്വസനീയ കുതിപ്പ് ഫുട്ബോൾ ചരിത്രത്തിലെ നൂറ്റാണ്ടിന്റെ ഗോൾ ആയി ഫിഫ പിന്നീട് തിരഞ്ഞെടുത്തു.

ഇംഗ്ലീഷ് കളിക്കാരുടെ ഉള്ളിലെ അമർഷം ഇന്നും അടങ്ങിയിട്ടില്ല. യൂറോപിലെ ഫുട്ബോൾ ചർച്ചകളിൽ ഇം​​ഗ്ലണ്ടുകാർ ഇന്നും ആ ​ഗോൾ ചർച്ച ചെയ്യാറുണ്ട്. മത്സരത്തിൽ അർജന്റീന 2-1 ന് വിജയിക്കുകയും ആ ലോകകപ്പ്കിരീടം ചൂടുകയും ചെയ്തു. ഇന്ന്, ആ ചരിത്ര നിമിഷത്തിന് 40 വർഷം തികയുമ്പോൾ, ഡീയാഗോ മറഡോണ എന്ന ഇതിഹാസം നമ്മോടൊപ്പമില്ലെങ്കിലും, കളിയിലെ വില്ലനായും നായകനായും അദ്ദേഹം ഒരേ മത്സരത്തിൽ മാറിയ ആ ജൂൺ 22 ഫുട്ബോൾ ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടും.

Forty years ago, Argentina found sporting revenge against England at Mexico City's Estadio Azteca. Just four years after the Falklands War, Diego Maradona scored the infamous “Hand of God” goal, punching the ball past Peter Shilton. Minutes later, he produced football’s greatest masterpiece, dribbling past five defenders and the goalkeeper over 60 meters in 11 seconds to score the “Goal of the Century.” Argentina won 2-1 and went on to lift the World Cup. Hero and villain in the same match, Maradona ensured June 22 would live forever in football history.