World Cup 2026

പരാഗ്വെയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് എംബാപ്പെ, ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മെസിക്കൊപ്പം; ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

പന്ത് കൈവശം വെയ്ക്കുന്നതില്‍ ഒട്ടും താല്പര്യം കാണിക്കാതിരുന്ന പരാഗ്വെ, സ്വന്തം പകുതിയിലേക്ക് വലിഞ്ഞ് പ്രതിരോധം ശക്തമാക്കി. ഇതോടെ ഫ്രാന്‍സിന് പന്ത് പാസ് ചെയ്യുക എന്നതല്ലാതെ ഫലപ്രദമായ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചില്ല

Sports Desk

ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിലെ ആവേശപ്പോരാട്ടത്തില്‍ വീര്യവും തന്ത്രങ്ങളും കോര്‍ത്തിണക്കി പോരാടിയ പരാഗ്വെയെ ഒടുവില്‍ ഫ്രാന്‍സ് കീഴടക്കി. കടുത്ത ചൂടിനെ അവഗണിച്ചു നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് വിജയം വരിച്ചത്. ഫ്രാന്‍സിന്റെ വമ്പന്‍ താരനിരയുടെ താളം തെറ്റിക്കുക എന്ന തന്ത്രവുമായി ഇറങ്ങിയ പരാഗ്വെയെ, നായകന്‍ കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ നേടിയ ഒരൊറ്റ ഗോളിലാണ് ഫ്രാന്‍സ് മറികടന്നത്. ഈ ജയത്തോടെ ദിദിയര്‍ ദെഷാംപ്‌സിന്റെ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ നേരിടാന്‍ യോഗ്യത നേടി.

മുന്‍ മത്സരത്തില്‍ ജര്‍മ്മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ചാണ് തെക്കേ അമേരിക്കന്‍ കരുത്തരായ പരാഗ്വെ ഫ്രാന്‍സിനെ നേരിടാന്‍ എത്തിയത്. ഈ മത്സരത്തിലെ ഗോളോടെ ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകള്‍ തികച്ച എംബാപ്പെ, ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ലയണല്‍ മെസിക്കൊപ്പമെത്തി.

സൂപ്പര്‍ താരങ്ങളുടെ പോരാട്ടവും പരാഗ്വെ തന്ത്രവും

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റനിരയുമായാണ് ഫ്രാന്‍സ് എത്തിയത്. എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസെ, ബ്രാഡ്ലി ബാര്‍ക്കോള എന്നിവരടങ്ങിയ സഖ്യം തൊട്ടുമുമ്പത്തെ മത്സരത്തില്‍ സ്വീഡനെ തകര്‍ത്തു തരിപ്പണമാക്കിയതായിരുന്നു. അതുകൊണ്ടുതന്നെ പരാഗ്വെയും ഇവരുടെ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഗുസ്താവോ അല്‍ഫാരോയുടെ പരിശീലനത്തിലിറങ്ങിയ പരാഗ്വെ, ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ കോട്ടയാണ് മൈതാനത്ത് തീര്‍ത്തത്.

പന്ത് കൈവശം വെയ്ക്കുന്നതില്‍ ഒട്ടും താല്പര്യം കാണിക്കാതിരുന്ന പരാഗ്വെ, സ്വന്തം പകുതിയിലേക്ക് വലിഞ്ഞ് പ്രതിരോധം ശക്തമാക്കി. ഇതോടെ ഫ്രാന്‍സിന് പന്ത് പാസ് ചെയ്യുക എന്നതല്ലാതെ ഫലപ്രദമായ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചില്ല. എംബാപ്പെയ്ക്ക് ഓടിക്കയറാന്‍ ഒരിടവും പരാഗ്വെ നല്‍കിയില്ല. ഒലിസെയുടെ ചടുലമായ നീക്കങ്ങളെല്ലാം പരാഗ്വെയുടെ പ്രതിരോധ മതിലില്‍ തട്ടി തകര്‍ന്നു. ഹാഫ് ടൈമില്‍ ഫ്രാന്‍സ് 80 ശതമാനത്തിലധികം സമയം പന്ത് കൈവശം വെച്ചിട്ടും ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഫ്രഞ്ച് ടീമിന്റെ ഓരോ മുന്നേറ്റവും പരാഗ്വെ കടുത്ത ടാക്ലിങിലൂടെയും തന്ത്രപരമായ ഫൗളുകളിലൂടെയും തടഞ്ഞു.

കളി മാറ്റിയെഴുതിയ ദൂവേയുടെ വരവ്

മുന്നേറാൻ വഴികളില്ലാതെ ഫ്രാൻസ് പകച്ചുനിന്നപ്പോൾ ദെഷാംപ്സ് ഒടുവിൽ പകരക്കാരുടെ ബെഞ്ചിലേക്ക് നോക്കി. മത്സരത്തിന്റെ 60-ാം മിനിറ്റിനു ശേഷം ബാർക്കോളയ്ക്ക് പകരം ഡെസിറെ ദൂവേ കളത്തിലിറങ്ങി. വന്നയുടൻ തന്നെ ദൂവേ ഫ്രഞ്ച് നിരയ്ക്ക് ആവശ്യമായ വേഗത നൽകി. പന്ത് വെറുതെ പാസ് ചെയ്തു കളിക്കുന്നതിന് പകരം, ദൂവേ നേരിട്ട് പ്രതിരോധ നിരയിലേക്ക് കുതിച്ചുകയറി. ഇത് പരാഗ്വെ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി.

ആ നീക്കം മത്സരത്തിൽ നിർണ്ണായകമായി മാറി. ഇടതുവശത്തുനിന്ന് പന്തുമായി മുന്നേറിയ ദൂവേ ബോക്സിനുള്ളിലേക്ക് കടക്കവെ പരാഗ്വെ താരം ഡീഗോ ഗോമസ് കാലിൽ തട്ടി വീഴ്ത്തി. റഫറി ടാന്റഷെവ് ആദ്യം ഇത് ഫൗളല്ലെന്ന് പറഞ്ഞെങ്കിലും വാറിന്റെ ഇടപെടലിനെത്തുടർന്ന് പിച്ചിലെ മോണിറ്റർ പരിശോധിച്ച റഫറി തീരുമാനം തിരുത്തുകയും ഫ്രാൻസിന് പെനാൽറ്റി അനുവദിക്കുകയും ചെയ്തു. ആ വലിയ ഉത്തരവാദിത്തം നായകൻ എംബാപ്പെയുടെ ചുമലിലായി. മത്സരത്തിലെ നീണ്ട തടസ്സങ്ങളും കടുത്ത സമ്മർദ്ദവും വകവെയ്ക്കാതെ, ഫ്രഞ്ച് ക്യാപ്റ്റൻ പെനാൽറ്റി കിക്ക് പോസ്റ്റിൻ്റെ താഴത്തെ കോണിലേക്ക് അടിച്ചുകയറ്റി.

മത്സരത്തിൽ ആദ്യമായി, അതുവരെ തങ്ങളെ തുണച്ച പ്രതിരോധ ശൈലി ഉപേക്ഷിക്കാൻ പരാഗ്വെ നിർബന്ധിതരായി. 70 മിനിറ്റോളം ഫ്രാൻസിനെ തളച്ചിട്ട ഗുസ്താവോ അൽഫാരോയുടെ ടീമിന് ഒടുവിൽ ഗോൾ തിരിച്ചടിക്കാൻ വേണ്ടി ആക്രമിച്ചു കളിക്കേണ്ടി വന്നു. ഇത് ഫ്രാൻസിന് കൂടുതൽ ഗോൾ അവസരങ്ങൾ തുറന്നു നൽകി. എന്നാൽ ഗോൾകീപ്പർ ഗില്ലിന്റെ മികച്ച സേവുകളാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നും പരാഗ്വെയെ രക്ഷിച്ചത്. എംബാപ്പെയുടെ രണ്ട് മികച്ച ശ്രമങ്ങൾ അദ്ദേഹം തടുത്തിട്ടു. ജർമ്മനിക്കെതിരെയുള്ള കടുത്ത മത്സരത്തിന്റെ ക്ഷീണവും കടുത്ത ചൂടും പരാഗ്വെ താരങ്ങളെ തളർത്തിയെങ്കിലും കളിയുടെ അവസാന നിമിഷങ്ങളിൽ അവർ ലക്ഷ്യത്തിലേക്ക് തങ്ങളുടെ ആദ്യ ഷോട്ട് ഉതിർത്തു. എന്നാല്‍ ഫ്രഞ്ച് പ്രതിരോധം മറികടക്കാനായില്ല. ടൂർണമെന്റിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് തങ്ങളുടെ അപരാജിത കുതിപ്പ് തുടരാൻ ഫ്രാൻസിന് ഈ വിജയത്തോടെ സാധിച്ചു.

France booked their place in the FIFA World Cup quarter-finals with a hard-fought 1-0 victory over Paraguay in the Round of 16. Despite dominating possession, Didier Deschamps' side struggled to break down Paraguay's disciplined defensive setup. Captain Kylian Mbappé finally made the difference by converting a penalty, scoring his seventh goal of the tournament and drawing level with Lionel Messi in the Golden Boot race. Paraguay, fresh from a shock penalty shootout win over Germany, frustrated France for long periods with a compact defensive strategy, limiting the French attack to very few clear-cut chances. France will now face Morocco in the quarter-finals.