World Cup 2026

ഫ്രാൻസിനെ വിറപ്പിക്കുമോ മൊറോക്കോ? സാധ്യതകൾ ഇങ്ങനെ

ഈ ലോകകപ്പിന്റെ ഫേവറിറ്റുകളാണ് മൊറോക്കോ. ഏത് വമ്പൻ ടീമിനെയും തോൽപ്പിക്കാനുള്ള കെൽപ്പുണ്ട് അവർക്ക്.

Sports Desk

ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലുകൾ ആരംഭിക്കുകയാണ്. ആദ്യ ക്വാർട്ടറിൽ ഫ്രാൻസ് - മൊറോക്കോ മത്സരത്തിനു ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് (ജൂലൈ 10) മത്സരം.

ഇരു ടീമുകളും രാജ്യാന്തര തലത്തിൽ ആദ്യമായി ഏറ്റുമുട്ടിയത് 2022 ലോകകപ്പ് സെമിയിലാണ്. 2-0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്. എന്നാൽ 2022ൽ നിന്ന് 2026 ലേക്ക് എത്തുമ്പോൾ മൊറോക്കോ വെറും 'കറുത്ത കുതിരകൾ' എന്ന ടാഗ് ലൈനിൽനിന്ന് വളരെ മുന്നോട്ടുവന്നിരിക്കുന്നു. ഈ ലോകകപ്പിന്റെ ഫേവറിറ്റുകളാണ് മൊറോക്കോ. ഏത് വമ്പൻ ടീമിനെയും തോൽപ്പിക്കാനുള്ള കെൽപ്പുണ്ട് അവർക്ക്.

ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോ സ്‌കോട്ട്‌ലൻഡിനെയും ഹെയ്തിയെയും തോൽപ്പിച്ചു.കരുത്തരായ നെതർലൻഡ്‌സിനെ റൗണ്ട് 32ൽ തോൽപ്പിച്ചതാണ് മൊറോക്കോയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിരിക്കുന്നത്. വേണമെങ്കിൽ ഫ്രാൻസിനെയും വീഴ്ത്താമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. മറുവശത്ത് ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളികളും ജയിച്ചു.

ഓപ്റ്റ സൂപ്പർ കംപ്യൂട്ടർ പ്രവചന പ്രകാരം 61.7 ശതമാനം ഫ്രാൻസ് ജയിക്കുമെന്നാണ് പറയുന്നത്. മൊറോക്കോയുടെ സാധ്യത 16.2 ശതമാനം. 22.1 ശതമാനം പ്രവചിക്കുന്നതു മത്സരം പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടേക്കാമെന്നാണ്. എന്തായാലും ക്വാർട്ടർ ഫൈനലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിനാണു ഫുട്‌ബോൾ പ്രേമികൾ ഇന്നു സാക്ഷ്യംവഹിക്കുക.

ഈ ലോകകപ്പിന്റെ ഫൈനലിൽ എത്തുമെന്ന് ഏറ്റവും കൂടുതൽ പ്രവചിക്കപ്പെട്ടിട്ടുള്ള ഫ്രാൻസിന്റെ വജ്രായുധങ്ങൾ കിലിയെൻ എംബാപ്പെ - ഓസ്മൻ ഡെംബലെ - മൈക്കിൾ ഒലിസെ എന്നിവരാണ്. എംബപ്പെയുടെ ആക്രമണ മികവ് മൊറോക്കോയ്ക്കു വെല്ലുവിളിയായിരിക്കും. ഒലിസെ, എംബാപ്പെ, ഡെംബലെ എന്നിവരെ പ്രതിരോധിക്കുകയായിരിക്കും മൊറോക്കോയുടെ പ്രധാന പ്ലാൻ. അതേസമയം ഫ്രാൻസ് പ്രതിരോധം മധ്യനിരയിലെയോ മുന്നേറ്റനിരയിലെയോ പോലെ അത്ര പവർഫുൾ അല്ലാത്തതിനാൽ ആ പോരായ്മ മൊറോക്കോ മുതലെടുക്കാനും ശ്രമിക്കും.

അഷറഫ് ഹക്കീമിയിലും ബ്രാഹിം ഡയസിലുമാണു മൊറോക്കോയുടെ പ്രതീക്ഷ. കൗണ്ടർ അറ്റാക്കിലൂടെ ഫ്രാൻസിനെ പ്രതിരോധത്തിലാക്കുകയായിരിക്കും മൊറോക്കോയുടെ ലക്ഷ്യം. അതേസമയം പ്രതിരോധത്തിലൂന്നി ഫ്രാൻസ് മുന്നേറ്റങ്ങളെ തടയാനും മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീട്ടിക്കൊണ്ടുപോകാനും മൊറോക്കോ ശ്രമിച്ചേക്കും.

The FIFA World Cup quarter-finals are set to begin, with France taking on Morocco in the opening last-eight clash. The match kicks off at 1:30 AM IST on July 10. The two sides first met at the international level in the 2022 World Cup semi-final, where France secured a 2-0 victory. However, Morocco have evolved significantly since then, transforming from the tournament's "dark horses" into one of the favourites for the 2026 World Cup, capable of challenging and defeating any top-ranked team.