ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാല്‍ ഏക പക്ഷീയമായ വിജയങ്ങള്‍ വര്‍ധിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. അതില്‍ ആദ്യത്തേത് ടൂര്‍ണമെന്റിന്റെ മൂന്നാം ദിനം ഉണ്ടായിക്കഴിഞ്ഞു. യൂറോപ്പിലെ ഏറ്റവും ശക്തരെന്ന് വിശേഷിപ്പിക്കാവുന്ന ജര്‍മനി തങ്ങളുടെ ആദ്യ മത്സരത്തില്‍ കന്നിക്കാരായ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഒന്നിന് പുറകെ ഒന്നായി കുറസാവോ ഗോള്‍വല ജര്‍മന്‍ ആക്രമണത്തില്‍ കുലുങ്ങി. ഫെലിക്സ് നെമെച്ചെ(6), നിക്കോ ഷ്ളോട്ടര്‍ബെക്(38), ജമാല്‍ മുസിയാല(47), നഥാനിയേല്‍ ബ്രൗണ്‍(68), ഡെനിസ് ഉന്‍ഡാവ്(78) എന്നിവര്‍ക്കൊപ്പം കായ് ഹാവെര്‍ട്‌സ് (45+5, 88) നേടിയ ഇരട്ടഗോള്‍ ഉള്‍പ്പെടെയാണ് ജര്‍മനിയുടെ വിജയം. 21ാം മിനിറ്റില്‍ ലിവാനോ കൊമെനെന്‍സിയയിലൂടെ കുറസാവോ ആശ്വാസ ഗോള്‍ നേടി. കുറസാവോ ലോകകപ്പില്‍ സ്വന്തമാക്കുന്ന ആദ്യ ഗോളാണിത്. ഗ്രൂപ്പ് ഇയില്‍ ഐവറി കോസ്റ്റും ഇക്വഡോറുമാണ് ജര്‍മനിയുടെ ഇനിയുള്ള എതിരാളികള്‍. വരും മത്സരങ്ങള്‍ ശക്തി പരീക്ഷണമാണെങ്കിലും ജൂലിയന്‍ നാഗെല്‍സ്മാന്റെ ടീമിന് ഇന്നലത്തെ വിജയത്തോടെ സമ്മര്‍ദ്ദം കുറഞ്ഞു.
ജര്‍മനിയുടെ 113-ാമത് ലോകകപ്പ് മത്സരമായിരുന്നു ഞായറാഴ്ച നടന്നത്. ലോക കപ്പ് ചരിത്രത്തില്‍ ഇത് ഏഴാം തവണയാണ് ജര്‍മനി അഞ്ച് ഗോളുകള്‍ക്ക് മുകളില്‍ സ്‌കോര്‍ ചെയ്ത് വിജയം സ്വന്തമാക്കുന്നത്. 2002-ല്‍ സൗദി അറേബ്യയെ 8-0 ന് തകര്‍ത്തതാണ് ജര്‍മനിയുടെ റെക്കോര്‍ഡ് വിജയം. മിറോസ്ലാവ് ക്ലോസെ ഹാട്രിക് നേടി, അദ്ദേഹത്തിന്റെ റെക്കോര്‍ഡ് 16 ലോകകപ്പ് ഗോളുകളില്‍ മൂന്നെണ്ണം ആ മത്സരത്തില്‍ പിറന്നു.
1954 ലെ ലോകകപ്പ് ജര്‍മനിയുടെ ചരിത്രത്തിലെ മറ്റൊരു നിര്‍ണാക ടൂര്‍ണമെന്റായിരുന്നു. അന്ന് ഗ്രൂപ്പ് മത്സരത്തില്‍ ഹംഗറി ജര്‍മനിയെ മൂന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എന്നാല്‍, തോല്‍വിയില്‍ നിന്ന് തിരിച്ചുവന്ന ജര്‍മനി തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഗോളുകള്‍ അടിച്ചു കൂട്ടുകയായിരുന്നു. ഓസ്ട്രിയക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ വിജയം. സെമി ഫൈനലില്‍ തുര്‍ക്കിയ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കും പരാജയപ്പെടുത്തി. ആ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിക്ക് പ്രതികാരം ചെയ്തായിരുന്നു ജര്‍മന്‍ പട മടങ്ങിയത്. ഫൈനനില്‍ ഹംഗറിയായിരുന്നു ജര്‍മനിയുടെ എതിരാളികള്‍. ഹംഗറിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജര്‍മനി തങ്ങളുടെ പ്രഥമ ലോകകപ്പ് കിരീടം സ്വന്തമാക്കി. രണ്ട് ഗോളുകള്‍പ്പ് പിന്നിട്ട് നിന്ന ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്.
1966 ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഏക പക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ജര്‍മനി തകര്‍ത്തത്. 1978 ലെ ടൂര്‍ണമെന്റില്‍ മെക്‌സിക്കോയും ജര്‍മന്‍ ആക്രമണത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. അന്ന് എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ വിജയം.
ജര്‍മനിയുടെ ലോകകപ്പ് ചരിത്രത്തിലെ വലിയ വിജയമായി കണക്കാക്കുന്നത് 2014 ലെ ലോകകപ്പ് സെമി വിജയമാണ്. കരുത്തരായ ബ്രസീലിനെ അവരുടെ നാട്ടില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് അന്ന് ജര്‍മനി പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി ആദ്യ അരമണിക്കൂറില്‍ തന്നെ ബ്രസീലിന്റെ ഗോള്‍വല അഞ്ച് തവണ കുലുങ്ങി. ലോകകപ്പ് ചരിത്രത്തില്‍ ബ്രസില്‍ നേരിട്ട വലിയ തോല്‍വിയായി ഇന്നും ആ മത്സരം നിലനില്‍ക്കുന്നു. അഞ്ച് ദിവസത്തിന് ശേഷം, മാരിയോ ഗോഡ്‌സെ എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളിലൂടെ മറാക്കാനയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ജര്‍മനി ലോക കീരീടം ഉയര്‍ത്തി.
എന്നാല്‍, ആ വിജയത്തിന് ശേഷം 22 പ്രധാന ടൂര്‍ണമെന്റ് മത്സരങ്ങള്‍ ജര്‍മനി കളിച്ചു. എന്നാല്‍ ഒരു വിജയം പോലും എടുത്തുപറയാന്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ജര്‍മനി അവരുടെ ആക്രമണ സ്വഭാവം വീണ്ടെടുത്തിരിക്കുന്നു, എന്നതിന്റെ സൂചനയാണ് ഇന്നലത്തെ വിജയം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതെ, ജര്‍മനിയെ ഒരിക്കലും എഴുതി തള്ളാനാകില്ല...
Concerns had been raised that expanding the FIFA World Cup to include more nations could lead to one-sided contests. That prediction materialized on the tournament's third day as Germany delivered a commanding 7-1 victory over debutants Curaçao in their opening Group E match. Germany now face tougher tests against Ivory Coast and Ecuador in Group E. However, the emphatic opening victory has eased pressure on Julian Nagelsmann's side as they look to progress deep into the tournament.