World Cup 2026

അത് വംശീയ സി​ഗ്നൽ ആയിരുന്നില്ല, നീതിയില്ലെന്ന് കാണിക്കാൻ ചെയ്തതെന്ന് ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ; ഫിഫ നടപടിയെടുക്കാൻ സാധ്യത

വംശീയ അധിക്ഷേപം നേരിട്ടാൽ എക്‌സ് ആംഗ്യം കാണിക്കണമെന്നും അങ്ങനെ സംഭവിച്ചാൽ റഫറി ഉടനടി നടപടിയെടുക്കണമെന്നുമാണ് ഫിഫ നിയമം

Sports Desk

2026 ലോകകപ്പലെ ഏറ്റവും വലിയ അട്ടിമറി മത്സരങ്ങളിലൊന്നായിരുന്നു അർജന്റീനയും ഈജിപ്തും തമ്മിലുള്ള പ്രീക്വാർട്ടർ. ഏകപക്ഷീയമായ രണ്ട് ​ഗോളിന് മുന്നിട്ടുനിന്ന ഈജിപ്തിനെ അവസാന പത്ത് മിനിറ്റിൽ അർ‍ജന്റീന മികച്ച കംബാക്ക് നടത്തി പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിന് പിന്നാലെ ഒട്ടനവധി വിവാദങ്ങളും ഉടലെടുത്തിരുന്നു. പല കായിക പ്രശസ്തരും വിവാദങ്ങളോട് എതിർത്തും അനുകൂലിച്ചും രം​ഗത്തെത്തി.

തോൽവിക്ക് പിന്നാലെ ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ നടത്തിയ പരാമർശങ്ങളും മത്സരത്തിനിടെ നടത്തിയ ആംഗ്യവും വലിയ വിവാദമായിരുന്നു. മത്സരത്തിന്റെ 98ാം മിനിറ്റിൽ റഫറി ഫ്രാൻസ്വാ ലെറ്റെക്സിയറോട് കൈകൾ കൂട്ടിക്കെട്ടി ഹസൻ എക്‌സ് ആംഗ്യം കാണിച്ചിരുന്നു. വംശീയ അധിക്ഷേപം നേരിട്ടാൽ എക്‌സ് ആംഗ്യം കാണിക്കണമെന്നും അങ്ങനെ സംഭവിച്ചാൽ റഫറി ഉടനടി നടപടിയെടുക്കണമെന്നുമാണ് ഫിഫ നിയമം. എന്നാൽ ഹസൻ എക്‌സ് ആംഗ്യം കാണിച്ചിട്ടും റഫറി കളി തുടർന്നതാണ് വലിയ വിവാദമായത്.

എന്നാൽ അത് വംശീയ അധിക്ഷേപം ആരോപിക്കുന്നതിനായിരുന്നില്ലെന്നാണ് ഹസൻ ഇപ്പോൾ പറയുന്നത്. നിങ്ങൾ നീതിപൂർവമല്ല എന്ന സന്ദേശം അറിയിക്കാനാണ് അങ്ങനെ ചെയ്തതെന്നും ഹസൻ പറയുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസിയുമായും ഹസന് വാക്കുതർക്കമുണ്ടായി. മെസി തന്നോട് എന്തുകൊണ്ട് എന്ന് ചോദിച്ചെന്നും, വികാരാധീനനായി അദ്ദേഹം കരഞ്ഞിരുന്നുവെന്നും ഹസൻ അവകാശപ്പെട്ടു.

ലോകചാമ്പ്യൻമാരായ അർജന്റീനക്കെതിരെ ഈജിപ്ത് ആദ്യം 2-0ന് മുന്നിലെത്തിയെങ്കിലും, ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവരുടെ ഗോളുകളിൽ അർജന്റീന 3-2ന് തിരിച്ചടിച്ചു. മൊസ്തഫ സീക്കോയുടെ ഗോൾ വാർ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയതും, എൻസോയുടെ വിജയഗോളിന് മുന്നോടിയായി മുഹമ്മദ് സലായ്ക്കെതിരായ ഫൗൾ അനുവദിക്കാതിരുന്നതുമാണ് ഈജിപ്തിന്റെ പ്രധാന പരാതികൾ.

മത്സരശേഷം ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ റഫറിയെയും മുഴുവൻ ഒഫീഷ്യൽ സംഘത്തെയും ലോകകപ്പിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് പരാതി നൽകിയിരുന്നു. മറുവശത്ത്, റഫറിമാർക്ക് അനുകൂലമായി ഫിഫ റഫറിംഗ് മേധാവി പിയർലൂയിജി കോളിന രംഗത്തെത്തി. മത്സര ഉദ്യോഗസ്ഥരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

റഫറിയെ മത്സരത്തിന് മുമ്പ് അർജന്റീന സമ്മർദം ചെലുത്തി, മെസിയെ ടൂർണമെന്റിൽ നിലനിർത്താനാണ് ചിലർ ആഗ്രഹിച്ചത് തുടങ്ങിയ പരാമർശങ്ങളും ഹസൻ നടത്തിയിരുന്നു. ടൂർണമെന്റ് അവസാനിച്ച ശേഷം കളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച സംഭവങ്ങളിൽ ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൊസം ഹസനും ഈജിപ്ത് താരം മൊസ്തഫ സീക്കോയും നടപടി നേരിടാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.

Egypt coach Hossam Hassan has clarified that the 'X' gesture he made toward referee Francois Letexier during Egypt's dramatic 3-2 World Cup last-16 defeat to Argentina was not intended to report racist abuse. Instead, he said it was meant to express that the referee was being unfair. The gesture sparked controversy because FIFA uses the 'X' signal for reporting alleged racism. Hassan also claimed Lionel Messi confronted him after the match and became emotional during the exchange. Egypt had complained about key refereeing decisions, while FIFA defended the officials and could still sanction Hassan after the tournament for his remarks.