World Cup 2026

പണമൊഴുക്കി പ്രോ ലീ​ഗ് ​ഗ്രാഫ് മുകളിലേക്ക്, ദേശീയ ടീം താഴേക്കും; ​ഗ്രൂപ്പ് ഘട്ടംപോലും മറികടക്കാതെ സൗദിക്ക് എന്താണ് സംഭവിക്കുന്നത്?

2022 ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച അതേ സൗദി ടീം ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ രാജ്യത്തിന്റെ ഫുട്ബോൾ നയത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്

Sports Desk

സൗദി പ്രോ ലീ​ഗ് ലോക ജനശ്രദ്ധയാകർശിക്കാൻ തുടങ്ങിയിട്ട് വിരലിലെണ്ണാവുന്ന വർഷങ്ങളേ ആയിട്ടൊള്ളു. പല വിദേശ താരങ്ങളും ലീ​ഗിൽ കളിച്ചിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽനസറിലെത്തിയതോടെ സൗദി ലീ​ഗ് ഫുട്ബോൾ പൊടുന്നനെ വളർന്നു. പിന്നീട് നെയ്മർ, കരീം ബെൻസിമ, സാദിയോ മാനെ തുടങ്ങി വമ്പൻ താരങ്ങളെ കോടികൾ എറിഞ്ഞ് സൗദിയിലേക്കെത്തിച്ചു. ഈ സീസണിലും വൻ താരനിര രാജ്യത്ത് വിമാനമിറങ്ങും എന്നാണ് കണക്ക് കൂട്ടുന്നത്.

സൗദിക്ക് ഇതിനൊക്കെ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. മേജർ ഫുട്ബോൾ ലീ​ഗ് കാണുന്ന അതേ കാണികൾ ഇന്ന് സൗദി ലീ​ഗിനും ഉണ്ട്. മാതമല്ല, ലീ​ഗിലേക്കും ക്ലബുകളിലേക്കും എത്തുന്നത് വമ്പൻ നിക്ഷേപങ്ങളാണ്. അതിലുപരി, യൂറോപ്യൻ ക്ലബുകളിൽനിന്ന് താരങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ സാധ്യതയുള്ള ലീ​ഗായി സൗദി ലീ​ഗ് മാറിക്കഴിഞ്ഞു. എന്നാൽ ഒരു വശത്ത് ലീ​ഗിൽ വൻ വിപ്ലവം കൊണ്ടുവന്നെങ്കിലും ദേശീയ ടീമിന് ഇത് മുതലെടുക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.

2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻപോലും കഴിയാതെ സൗദി അറേബ്യ പുറത്തായത് പലരെയും അത്ഭുതപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിക്കുന്ന താരങ്ങൾ ടീമിലുണ്ടായിരുന്നിട്ടും, ചെറിയ രാജ്യമായ കേപ് വെർദെയെ പോലും മറികടക്കാൻ സൗദിക്കായില്ലഎന്നത് നിസ്സാരമല്ല. 2022 ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച അതേ സൗദി ടീം ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായതോടെ രാജ്യത്തിന്റെ ഫുട്ബോൾ നയത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്. വിദേശ താരങ്ങളുടെ വരവോടെ സൗദി പ്രോ ലീഗിന്റെ നിലവാരം കുത്തനെ ഉയരുകയും മത്സരങ്ങളുടെ നിലവാരവും ആഗോള ശ്രദ്ധയും വർധിച്ചെങ്കിലും ഇത് ദേശീയ ടീമിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

വിദേശ താരങ്ങളുടെ വരവോടെ പ്രമുഖ ക്ലബ്ബുകളിൽ സൗദി താരങ്ങൾക്ക് സ്ഥിരമായി ആദ്യ ഇലവനിൽ അവസരം കുറഞ്ഞു. ദേശീയ ടീമിലെ പല താരങ്ങളും സ്വന്തം ക്ലബ്ബുകളിൽ സ്ഥിരം സബ്സ്റ്റിറ്റ്യൂട്ടുകളായി മാറി. അതിന്റെ പ്രതിഫലനം ലോകകപ്പിലും വ്യക്തമായെന്നാണ് ദേശീയ കായിക നിരീക്ഷകരുടെ വിലയിരുത്തൽ. സൗദിയുടെ പ്രധാന സ്‌ട്രൈക്കറായ ഫെറാസ് അൽ ബ്രികാൻ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് നേടിയ ക്ലബ്ബിന്റെ താരമാണെങ്കിലും, ആഭ്യന്തര ലീഗിൽ ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരനായാണ് കളിച്ചത്. സ്ഥിരമായി 90 മിനിറ്റ് കളിക്കാത്തതിനാൽ ലോകകപ്പ് പോലുള്ള ഉയർന്ന നിലവാരത്തിലുള്ള ടൂർണമെന്റിൽ മൂന്ന് മത്സരങ്ങൾ തുടർച്ചയായി കളിക്കാൻ ആവശ്യമായ മത്സരക്ഷമത ലഭിച്ചിരുന്നില്ലെന്നാണ് വിലയിരുത്തൽ.

ഗോൾകീപ്പർ സ്ഥാനത്തും സമാന സാഹചര്യമാണുണ്ടായത്. വിദേശ ഗോൾകീപ്പർമാർ ലീഗിൽ ആധിപത്യം സ്ഥാപിച്ചതോടെ സൗദി ഗോൾകീപ്പർമാർക്ക് ഉയർന്ന തലത്തിൽ കളിക്കാനുള്ള അവസരങ്ങൾ കുറഞ്ഞു. അതിനാൽ രണ്ടാം ഡിവിഷൻ ക്ലബ്ബിനായി കളിക്കുന്ന മുഹമ്മദ് അൽ ഒവൈസിനെയാണ് ലോകകപ്പിൽ ഗോൾവല കാക്കാൻ സൗദിക്ക് ആശ്രയിക്കേണ്ടിവന്നത്. പ്രശ്നം ലീഗ് മാത്രം സൃഷ്ടിച്ചതല്ല. പരിശീലക നിയമനങ്ങളിലെ പിഴവുകളും തിരിച്ചടിയായി. മുൻ പരിശീലകൻ റോബർട്ടോ മാഞ്ചിനിയുടെ കാലം നിരാശാജനകമായിരുന്നു. തുടർന്ന് തിരിച്ചെത്തിയ ഹെർവെ റെനാർഡിനും പഴയ മികവ് ആവർത്തിക്കാനായില്ല. ഒടുവിൽ ചുമതലയേറ്റ ജോർജിയോസ് ഡോണിസിന് ടീമിനെ ഒരുക്കാൻ ലഭിച്ചത് ഏതാനും ആഴ്ചകൾ മാത്രമായിരുന്നു.

2022 ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച ടീമിലെ പ്രധാന താരങ്ങൾ ഇപ്പോൾ പ്രായത്തിന്റെ സ്വാധീനവും നേരിടുകയാണ്. സലേം അൽ ദൗസരിയും മുഹമ്മദ് കണ്ണോയും ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ താരങ്ങൾക്ക് മുൻ ലോകകപ്പിലേതുപോലുള്ള സ്വാധീനം ചെലുത്താനായില്ല. 1990കളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് രൂപീകരിച്ചതിന് ശേഷം ഇംഗ്ലണ്ട് ദേശീയ ടീമിന് സംഭവിച്ച തിരിച്ചടിയുമായി സൗദിയുടെ അവസ്ഥയെ പലരും താരതമ്യം ചെയ്യുന്നു. സമ്പന്നമായ ലീഗ് വളർന്നെങ്കിലും ആഭ്യന്തര താരങ്ങൾക്ക് അവസരങ്ങൾ കുറഞ്ഞതോടെ ദേശീയ ടീമിന്റെ നിലവാരവും ഇടിഞ്ഞിരുന്നു.

2034 ലോകകപ്പിന് ആതിഥേയരാകുന്ന സൗദി അറേബ്യയ്ക്ക് ഫുട്ബോളിൽ നിക്ഷേപത്തിന് കുറവുണ്ടാകില്ല. എന്നാൽ ദേശീയ ടീമിനെ വീണ്ടും ശക്തിപ്പെടുത്തണമെങ്കിൽ പ്രോ ലീഗിൽ സ്വദേശി താരങ്ങൾക്ക് കൂടുതൽ കളിസമയം ഉറപ്പാക്കുകയും ദീർഘകാല പദ്ധതിയോടെ സ്ഥിരതയുള്ള പരിശീലകനെ നിയോഗിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.

Saudi Arabia transformed its Pro League into a global attraction after Cristiano Ronaldo's arrival, followed by stars such as Neymar, Karim Benzema and Sadio Mané. While the league's quality, popularity and investment have surged, the national team has struggled. Saudi crashed out in the 2026 FIFA World Cup group stage, with critics blaming reduced playing time for local players, overreliance on foreign stars, coaching instability and an ageing squad. Experts believe long-term planning and greater opportunities for Saudi players are essential ahead of 2034.