World Cup 2026

'ദുർബലരായ ടീമുകൾക്ക് ഗുണം ചെയ്യും', ഹൈഡ്രേഷൻ ബ്രേക്കിനെ വിമർശിച്ച് അർജന്റീന പരിശീലകൻ സ്കലോണിയും

ഹൈഡ്രേഷൻ ബ്രേക്കുകൂടി ലഭിക്കുമ്പോൾ താരതമ്യേന ദുർബലരായ ടീമുകൾക്ക് ആ സമയംകൊണ്ട് കളിയിൽ മാറ്റം വരുത്താനും തന്ത്രങ്ങൾ മെനയാനും സാധിച്ചേക്കുമെന്നാണ് സ്‌കലോണിയുടെ വിലയിരുത്തൽ

Sports Desk

ഇത്തവണത്തെ ലോകകപ്പ് അൽപ്പം കടുകട്ടിയാണെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. വളരെ എളുപ്പത്തിൽ കളിച്ചുപോകാവുന്ന തരത്തിലല്ല കളികൾ. ഗ്രൂപ്പ് പോരാട്ടങ്ങൾ പോലും ഇത്തവണ ശക്തവും അപ്രവചനീയവും ആണെന്ന് സ്‌കലോണി പറഞ്ഞു.

''ഗ്രൂപ്പ് മത്സരങ്ങൾ ഇപ്പോൾ തന്നെ അൽപ്പം ചരിത്രപരവും വളരെ ട്രിക്കിയുമാണ്. ടീമുകൾ കൂടിയതനുസരിച്ച് കളികളും കൂടിയിരിക്കുന്നു. ഗ്രൂപ്പ് മത്സരങ്ങൾ എല്ലാവർക്കും ബുദ്ധിമുട്ടേറിയതാണ്. പിന്നെ കാലാവസ്ഥയും ഹൈഡ്രേഷൻ ബ്രേക്കിനായി ഇടയിൽ കളി നിർത്തുന്നതും,'' സ്‌കലോണി പറയുന്നു.

ഹൈഡ്രേഷൻ ബ്രേക്ക് കൂടി ലഭിക്കുമ്പോൾ താരതമ്യേന ദുർബലരായ ടീമുകൾക്കാണു ഗുണം ചെയ്യുകയെന്നു സ്‌കലോണി പറയുന്നു. അവർക്കു ആ സമയംകൊണ്ട് കളി രീതിയിൽ മാറ്റം വരുത്താനും തന്ത്രങ്ങൾ മെനയാനും സാധിച്ചേക്കുമെന്നാണ് സ്‌കലോണിയുടെ വിലയിരുത്തൽ.

''സാങ്കേതികപരമായി ദുർബലരായ ടീമുകൾക്കു കളിക്കിടെ ഹൈഡ്രേഷൻ ബ്രേക്ക് കിട്ടുന്നതു ഗുണം ചെയ്‌തേക്കും. പ്രതിരോധത്തിലായി നിൽക്കുകയാണെങ്കിൽ അവർക്കു തിരിച്ചുവരാനും കളി തന്ത്രം മാറ്റാനും സാധിക്കുന്നു,'' സ്‌കലോണി പറഞ്ഞു.

പരിശീലനത്തിനിടയിലും താൻ ലോകകപ്പ് മത്സരങ്ങൾ കാണാറുണ്ടെന്നും അത് ഏറെ ഗുണം ചെയ്യുമെന്നും സ്‌കലോണി പറയുന്നു. മറ്റു മത്സരങ്ങൾ കാണാൻ ശ്രമിക്കാറുണ്ട്. ഓരോ ടീമുകളെയും പഠിക്കാനും അവരുടെ കളി രീതി മനസിലാക്കാനും അതുവഴി സാധിക്കും. എല്ലാ ടൂർണമെന്റ് മത്സരങ്ങളും ഞങ്ങൾ ഒന്നിച്ച് (അർജന്റീന ടീം) കാണുകയും വിലയിരുത്തുകയും ചെയ്യുന്നു. മത്സരങ്ങൾ വിലയിരുത്താനും ലോകകപ്പ് എങ്ങനെയാണ് പുരോഗമിക്കുന്നതെന്ന് മനസിലാക്കാനും അത് ഉപകരിക്കുമെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.

അതേസമയം, അർജന്റീന ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 നാണ് കളി. ശക്തരായ ഓസ്ട്രിയയെയാണ് മെസിയും കൂട്ടരും നേരിടുക. ഇന്ന് ജയിച്ചാൽ അർജന്റീന റൗണ്ട് 32 ഉറപ്പിക്കും.

Lionel Scaloni says the 2026 World Cup has been unusually challenging, with tougher and more unpredictable group-stage matches due to the expanded tournament format. He believes hydration breaks can benefit weaker teams by allowing tactical adjustments during games. Scaloni also revealed that Argentina’s squad regularly watches and analyzes other World Cup matches to study opponents and understand tournament trends. Meanwhile, Lionel Messi and Argentina face Austria in their second group match today, needing a win to secure a place in the Round of 32.