World Cup 2026

കാഫ് റഫറി ഓഫ് ദി ഇയർ 2025; ആരാണ് അമേരിക്ക തിരിച്ചയച്ച ഒമർ അബ്ദുൽകാദിർ അർതൻ?

2025 ഫിഫ അണ്ടർ 20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സബ്-സഹാറൻ ആഫ്രിക്കൻ മുഖ്യ റഫറിയുമായിരുന്നു അർതൻ

Sports Desk

2026 ഫിഫ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന സൊമാലിയൻ റഫറിയായ ഒമർ അബ്ദുൽകാദിർ അർതനെ അമേരിക്ക രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിരുന്നു. ഇമിഗ്രേഷൻ അധികൃതരുടെ ഈ നടപടി അന്താരാഷ്ട്ര ഫുട്ബോൾ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക റഫറിയിങ് പാനലിൽ ഉണ്ടായിരുന്ന അർതൻ, ലോകകപ്പിന് മുന്നോടിയായുള്ള റഫറിയിങ് മീറ്റിങ്ങിൽ പങ്കെടുക്കാനായി മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞുവെച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഇസ്താംബൂളിലേക്കുതന്നെ തിരിച്ചയിക്കുകയായിരുന്നു.

നെയ്‌റോബിയിലെ സൊമാലിയൻ എംബസി വഴി അദ്ദേഹം കൃത്യമായ യുഎസ് വിസയും നയതന്ത്ര പാസ്‌പോർട്ടും ഉറപ്പാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെടാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഫിഫയും വ്യക്തമാക്കിയിരുന്നു. വിസയും പ്രവേശനവും പൂർണ്ണമായും ആതിഥേയ രാജ്യത്തിന്റെ ആഭ്യന്തര തീരുമാനമാണെന്നും യുഎസിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർതനെ ടൂർണമെന്റിലെ മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്നും ഫിഫ പ്രസ്താവനയിറക്കി.

സൊമാലിയയിൽ നിന്നുള്ള ഒമർ അബ്ദുൽ ബക്കർ അർതൻ ലോകകപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൊമാലിയൻ റഫറിയായി ചരിത്രം കുറിക്കാനൊരുങ്ങുകയായിരുന്നു. ആഭ്യന്തര ലീഗുകളിൽ നിന്ന് തുടങ്ങി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് വരെ നിയന്ത്രിച്ച അദ്ദേഹം 2025-ൽ ആഫ്രിക്കയിലെ മികച്ച പുരുഷ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടു. സൊമാലിയൻ യുവാക്കൾക്ക് പ്രചോദനമാണെന്ന് രാജ്യത്തിന്റെ പ്രസിഡന്റും അദ്ദേഹത്തെ പ്രശംസിച്ചിരുന്നു.

2025 ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒമർ അബ്ദുൽകാദിർ അർതനെയായിരുന്നു. 2018ലാണ് അർതനെ ഫിഫ ഇന്റർനാഷണൽ റഫറിയായി തിരഞ്ഞെടുത്തത്. സൊമാലിയയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ റഫറിയിങ് ആരംഭിച്ചു. 2024 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ മത്സരം നിയന്ത്രിച്ച ആദ്യ സൊമാലിയൻ റഫറിയായി ചരിത്രം കുറിച്ചിരുന്നു.

ആഫ്രിക്കൻ ക്ലബ് ഫുട്ബോളിലെ പ്രധാന ഫൈനലുകളിൽ ഒന്നായ കാഫ് ചാമ്പ്യൻസ് ലീ​ഗ് ഫൈനലും നിയന്ത്രിച്ച ആദ്യ സൊമാലിയൻ റഫറിയായി.

കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, ആഫ്കോൺ മത്സരങ്ങളും നിയന്ത്രിച്ച പരിചയം അദ്ദേഹത്തിനുണ്ട്. 2025 ഫിഫ അണ്ടർ 20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സബ്-സഹാറൻ ആഫ്രിക്കൻ മുഖ്യ റഫറിയുമായിരുന്നു അർതൻ. 2025ലെ കാഫ് മെൻസ് റഫറീ ഒഫ് ദ ഇയർ പുരസ്കാരം നേടിയിട്ടുണ്ട്.

എന്നാൽ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫിഫ മുൻപ് ഇടപെട്ട ചരിത്രം നിലവിൽ ചർചയായിട്ടുണ്ട്. 2023ൽ ഇസ്രായേലിന്റെ അണ്ടർ 20 ടീമിനെ ബാലി ദ്വീപിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ബാലി ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് ടൂർണമെന്റ് തുടങ്ങാൻ രണ്ട് മാസം മാത്രം ശേഷിക്കെ ഇന്തോനേഷ്യയിൽനിന്ന് അണ്ടർ20 ലോകകപ്പിന്റെ ആതിഥേയ പദവി ഫിഫ പിൻവലിച്ചിരുന്നു.

അടുത്ത വർഷം കാനഡയിലും മെക്സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് എല്ലാവർക്കും സ്വാഗതമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ വർഷം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞിരുന്നത്. അതേസമയം, സൊമാലിയ അമേരിക്കയുടെ യാത്രാവിലക്ക് പട്ടികയിലുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും, അമേരിക്കയിൽ ലോകകപ്പിന് ആവശ്യമുള്ള സാധുവായ വിസ തന്റെ പക്കലുണ്ടെന്ന് അർതാൻ വിശ്വസിച്ചിരുന്നതായാണ് വിവരം.

English Summary: Somalian referee Omar Abdulkadir Artan, the first Somali ever selected for a FIFA World Cup, was denied entry into the United States despite reportedly holding a valid visa. After being detained at Miami International Airport, he was sent back to Istanbul and removed from FIFA's list of 2026 World Cup match officials. Artan is a FIFA referee since 2018, CAF Referee of the Year 2025, and the first Somali official to referee at the Africa Cup of Nations.