Sports Special

സഞ്ജുവിന് എന്താണ് സംഭവിച്ചത്? ഋതുരാജിന്റെ കസേര തെറിച്ചാല്‍ ആരാവും നായകന്‍

ചരിത്രത്തിലാദ്യമായി തുടർച്ചയായ മൂന്ന് തോല്‍വികളോടെയാണ് സിഎസ്കെ സീസണിന് ആരംഭം കുറിച്ചിരിക്കുന്നത്.

Madism Desk

ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ സീസണുകള്‍ക്ക് സമാനമായി ദയനീയ പ്രകടനം ആവര്‍ത്തിക്കുകയാണ്. ചരിത്രത്തിലാദ്യമായി മൂന്ന് മത്സരങ്ങളില്‍ തോറ്റുകൊണ്ട് സിഎസ്‌കെ സീസണിനെ വരവേറ്റിരിക്കുന്നത്. കഴിഞ്ഞ സീസണിലെ അവസാന നാല് തോല്‍വിയും ഇത്തവണത്തെ മൂന്നെണ്ണവും കൂടെ ചേരുമ്പോള്‍ നായകന്‍ ഋതുരാജ് ഗെയ്ക്വാദെന്ന നായകന്റെ പേരില്‍ ഏഴ് തുടര്‍ച്ചയായ തോല്‍വികള്‍. ചെന്നൈയുടെ പ്രകടനത്തില്‍ ആരാധകരും സംതൃപ്തരല്ല. യാതൊരുവിധ ഗെയിം പ്ലാനിങുമില്ലാതെ ഓരോ മത്സരത്തെയും സമീപിക്കുന്നു. ദയനീയമായ ബൗളിങ് സ്‌ക്വാഡ്, ബാറ്റര്‍മാര്‍ മെച്ചപ്പെടുന്നുണ്ടെങ്കിലും സഞ്ജു സാംസണെ പോലുള്ള സൂപ്പര്‍ താരങ്ങളുടെ ഫോമില്ലാഴ്മ ആശങ്കയായി തുടരുന്നു.

നായകസ്ഥാനം തെറിക്കുമോ?

ഫീല്‍ഡില്‍ യാതൊരുവിധ പരീക്ഷണങ്ങള്‍ക്കും ഗെയ്ക്വാദ് തയ്യാറാവുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനം. സജ്ജമായ ടീം വരുമ്പോള്‍ സ്ട്രാറ്റജികളൊന്നുമില്ല. 2022ല്‍ മഹേന്ദ്ര സിങ് ധോണിക്ക് പകരക്കാരനായി രവീന്ദ്ര ജഡേജയെ പരീക്ഷിച്ച് തിരിച്ചടിയേറ്റ ചരിത്രം ചെന്നൈയ്ക്കുണ്ട്. ഇത്തവണ ഗെയ്ക്വാദിനെ മാറ്റി മറ്റൊരാളെ പരീക്ഷിക്കുമ്പോള്‍ ഈ ഘടകം കൂടി മാനേജ്‌മെന്റ് പരിഗണിക്കും. ഇനിയുള്ള വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ ശക്തമായി തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ ഋതുവിന്റെ നായകപദവി നഷ്ടമാകുമെന്ന് ഉറപ്പാണ്.

ഓപ്പണറായി മികച്ച തുടക്കം നല്‍കാന്‍ സാധിക്കുന്ന ബാറ്ററാണ് ഋതു, നായകസ്ഥാനം നല്‍കുന്ന സമ്മര്‍ദ്ദം അദ്ദേഹത്തെ പിന്നോട്ടുവലിച്ചാല്‍ നഷ്ടം ടീമിന് തന്നെയാണ്. ഋതുവിന് പകരം പരിചയ സമ്പന്നനായ സഞ്ജു സാംസണിന് തന്നെയാണ് മുന്‍ഗണന. എന്നാല്‍ ഫോമില്ലെത്താന്‍ വിഷമിക്കുന്ന സഞ്ജുവിന് നായകസ്ഥാനം അധിക ബാധ്യതയാകുമെന്ന വസ്തുതയും മാറ്റിനിര്‍ത്താനാവില്ല.

മറ്റു ഫ്രാഞ്ചൈസികള്‍ വിദേശതാരങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പോലും സമാന തന്ത്രം പയറ്റാന്‍ സിഎസ്‌കെ തയ്യാറാവുന്നില്ല. ആദ്യ മത്സരത്തില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ജെയ്മി ഓവര്‍ട്ടണെ രണ്ടാം മത്സരത്തില്‍ ഋതു ബെഞ്ചിലിരുത്തി. മൂന്നാം മത്സരത്തില്‍ തിരികെ വിളിച്ചെങ്കിലും ഓവര്‍ട്ടണെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മധ്യനിരയിലും ഫിനിഷര്‍ റോളിലും ബൗളങിലും ഓവര്‍ട്ടണിന്റെ സാന്നിധ്യം ടീമിന് കരുത്താണ്. മറുവശത്ത് മാറ്റ് ഹെന്റിയെ പോലുള്ളവര്‍ക്ക് നന്നായി അവസരം നല്‍കുന്നുമുണ്ട്. സീസണില്‍ 13 ഇക്കണോമിയില്‍ പന്തെറിയുന്ന ഹെന്റി സമ്പൂര്‍ണ പരാജയമാണെന്ന് ശ്രീകാന്തിനെപ്പോലുള്ള താരങ്ങള്‍ വിമര്‍ശിച്ചിരുന്നു.

പരാജയപ്പെടുന്ന ബൗളിങ് സ്‌ക്വാഡ്

പൂര്‍ണ വളര്‍ച്ചയെത്താത്ത ബൗളിങ് അച്ചടക്കമാണ് ഇത്തവണ ചെന്നൈയ്ക്ക് ഏറ്റവും വലിയ തിരിച്ചടികള്‍ സമ്മാനിക്കുന്നത്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാന്‍ നായകനും സാധിക്കുന്നതില്ല. ബൗളിങ് സ്‌ക്വാഡില്‍ സിഎസ്‌കെ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ താരം ആര്‍ അശ്വിന്‍ നടത്തിയ വിമര്‍ശനങ്ങളും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

'ടീമിനുള്ളില്‍ പ്രത്യേകമായി തന്ത്രങ്ങളൊന്നുമില്ല. ഗുഡ് ലെങ്ത്തില്‍ നന്നായി പന്തെറിയുന്ന ബൗളര്‍മാരെ പോലും വൈഡ് യോര്‍ക്കറുകള്‍ എറിയിപ്പിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്. മികച്ച ലൈനില്‍ പന്തെറിയുന്ന താരങ്ങളെ പോലും നിര്‍ബന്ധിച്ച് വൈഡ് യോര്‍ക്കറുകളെറിയിപ്പിക്കുകയാണ്, എന്തിന് ഇത്തരത്തിലൊരു മാറ്റം. ഇടംകൈയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ വിയര്‍ക്കുന്ന ആര്‍സിബിക്കെതിരായ പ്രശാന്ത് വീറിനെ നന്നായി ഉപയോഗപ്പെടുത്താമായിരുന്നു, അതുണ്ടായില്ല, പ്രശാന്തിന് ഒരു ഓവര്‍ പോലും ഋതു നല്‍കിയില്ല. 14 കോടി നല്‍കിയാണ് പ്രശാന്തിനെ ടീമിലെത്തിച്ചത്. ശിവം ദുംബെ, ജെയിമി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ് എന്നിവരെ നന്നായി കളിപ്പിക്കാനും ഋതുവിന് സാധിച്ചില്ല'.
ആര്‍ അശ്വിന്‍

അശ്വിന്റെ വിമര്‍ശനങ്ങളും ചെന്നൈയുടെ മത്സരത്തിനോടുള്ള സമീപനവും കൂട്ടിവായിച്ചാല്‍ ഈ സീസണ്‍ ഋതുവിനും സംഘത്തിനും അത്ര മികച്ചതായിരിക്കില്ലെന്ന് വ്യക്തമാണ്.

English Summary: Chennai Super Kings are struggling this season with consecutive losses under Ruturaj Gaikwad’s Captaincy. Questions are rising over leadership changes, with Sanju Samson seen as a possible alternative despite his poor form.