മൂന്ന് കളിയിൽ 22 റൺസ്; സഞ്ജുവിന് എന്തുപറ്റി? വിമർശനവുമായി ചെന്നൈ ആരാധകർ

കളിരീതിയിലെ മാറ്റങ്ങളില്‍ വന്ന ഫോം വീഴ്ച
മൂന്ന് കളിയിൽ 22 റൺസ്; സഞ്ജുവിന് എന്തുപറ്റി? വിമർശനവുമായി ചെന്നൈ ആരാധകർ
Published on

ഐപിഎല്ലിൽ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 5 പന്തുകളില്‍ 9 റണ്‍സ് മാത്രം നേടി സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 53 റണ്‍സിന് ചെന്നൈ കളിയും പരാജയപ്പെട്ടു. ഇതോടെ, മഞ്ഞ ജേഴ്‌സിയില്‍ കളിച്ച ആദ്യ മൂന്ന് കളികളില്‍ സഞ്ജുവിന്റെ സമ്പാദ്യം വെറും 22 റണ്‍സ് മാത്രം. കളിച്ച 3 കളികളിലും എതിര്‍ ടീമിലെ പേസര്‍മാരാണ് സഞ്ജുവിനെ പുറത്താക്കിയത്. സഞ്ജുവിന്റെ പ്രകടനത്തില്‍ നിരാശരായിരിക്കുകയാണ് ചെന്നൈ ആരാധകര്‍. സഞ്ജുവിന്റെ മനസ്സ് നിയന്ത്രണത്തിലല്ലെന്നും, വിജയിക്കാനുള്ള ആര്‍ത്തി സഞ്ജുവില്‍ കാണാനില്ലെന്നും ആരാധകര്‍ പരിഭവം പങ്കുവച്ചു.

സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച നാളുകളാണ് കഴിഞ്ഞ മാസങ്ങളില്‍ കടന്നു പോയത്. ടി-ട്വന്റി ലോകകപ്പില്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരത്തോടെ ടീമിന്റെ കുന്തമുനയായി മാറാനും കപ്പില്‍ മുത്തമിടാനും സഞ്ജുവിന് സാധിച്ചു. ടൂര്‍ണമെന്റിന്റെ അവസാന മൂന്ന് മത്സരങ്ങളില്‍ വിമര്‍ശകരുടെയും സംശയിച്ചവരുടേയും വായടപ്പിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഈ ഫോമില്‍ നിന്ന് ഐപിഎല്ലിലേക്ക് വരുമ്പോള്‍ സഞ്ജുവിന്റെ മേല്‍ ചെന്നൈ ഫാന്‍സിനുള്ള പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ജേഴ്‌സിയില്‍ കണ്ട സഞ്ജുവിന്റെ ഒരംശം പോലും ചെന്നൈയില്‍ കാണാന്‍ സാധിക്കാത്തതാണ് വിമര്‍ശനങ്ങളുടെ കുത്തൊഴുക്കിന് തിരിതെളിച്ചത്.

മൂന്ന് കളിയിൽ 22 റൺസ്; സഞ്ജുവിന് എന്തുപറ്റി? വിമർശനവുമായി ചെന്നൈ ആരാധകർ
ഐപിഎൽ കഴിഞ്ഞാൽ ഇനി 'റെഡ് ബോൾ' പൂരം; ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ!

റണ്‍സല്ല പ്രശ്‌നം- ആരാധകര്‍

റണ്‍സ് വരുന്നില്ലെന്നതിലുപരി സഞ്ജു സാംസന്റെ ശരീരഭാഷയാണ് ആരാധകരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്. സഞ്ജുവിന്റെ മനസ്സ് ഇപ്പോഴും രാജസ്ഥാനിലാണോയെന്ന് തോന്നിപ്പോകും. സഞ്ജുവിന്റെ ബാറ്റിങ് ശൈലിയില്‍ത്തന്നെ ഒരു ആത്മവിശ്വാസക്കുറവ് കാണുന്നുവെന്നുമാണ് ആരാധകരുടെ പരിഭവം. ടി-ട്വന്റി ലോകകപ്പ് മുതല്‍ സഞ്ജു തന്റെ ബാറ്റിങ്ങ് സ്റ്റാന്‍സ് മാറ്റിയിരുന്നു. ബാക്ക്ഫൂട്ട് സ്റ്റാന്‍സിലേക്ക് കളിരീതി മാറ്റിയ സഞ്ജു, എല്ലാബോളുകളും ആക്രമിച്ച് കളിക്കുന്ന പ്രവണത നിര്‍ത്തിയിരുന്നു. എന്നിരുന്നാലും കൃത്യമായ ബോളുകള്‍ ആക്രമിച്ചുകളിച്ച്, പവര്‍പ്ലേകളിലും മിഡില്‍ ഓവറുകളിലും സഞ്ജു ടീമിന്റെ റണ്‍സ് ഉയര്‍ത്തി. കളിയുടെ ആദ്യ ഓവര്‍ മുതല്‍ അവസാന ഓവര്‍ വരെ ആക്രമിച്ചു കളിക്കാനുള്ള പവര്‍ഹിറ്റിങ്ങ് മികവാണ് സഞ്ജുവിന്റെ ഏറ്റവും വലിയ കരുത്ത്. ലോകക്രിക്കറ്റില്‍ രോഹിത് ശര്‍മ, ജോസ് ബട്‌ലര്‍ തുടങ്ങിയ ചുരുക്കം ചില കളിക്കാര്‍ക്ക് മാത്രം കൈവശമുള്ള കഴിവ്.

ശൈലിയിലെ മാറ്റം

ലോകകപ്പിലെ പ്രകടനം തന്നെയാണ് സഞ്ജുവിനെ ഒരു തരത്തില്‍ ബാധിക്കുന്നതെന്ന് പറയാം. തന്റെ മേല്‍ ചെന്നൈ എന്ന ഫ്രാഞ്ചൈസി വക്കുന്ന പ്രതീക്ഷകള്‍ ലോകകപ്പിനുശേഷം പത്തിരട്ടിയായെന്ന് സഞ്ജുവിനറിയാം. അതിനാല്‍ത്തന്നെ, മാറ്റിയെടുത്ത സ്വന്തം ശൈലിയില്‍ വീണ്ടും മാറ്റം വരുത്തിയാണ് സഞ്ജു ഇപ്പോള്‍ കളിക്കുന്നത്. സഞ്ജുവിന്റെ ലോകകപ്പിലെ പുറത്താവലുകള്‍ ശ്രദ്ധിച്ചാല്‍ കൂടുതലും ആക്രമിച്ചുകളിക്കുന്നതിനിടെ ബൗണ്ടറിലൈനില്‍ വെച്ച് ക്യാച്ച് ചെയ്തുകൊണ്ടാണ്. മറിച്ച് ഐപിഎല്ലിലേക്ക് വരുമ്പോള്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുന്നതും, സ്ലിപ്പിലെ ക്യാച്ചില്‍ കുരുങ്ങുന്നതും നാം കണ്ടു. ബോളിനെ പ്രധിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് തവണയും പുറത്തായത്. വിമര്‍ശനങ്ങളില്‍ പതറാതെ, തന്റെ ആക്രമണശൈലിയിലേക്ക് സഞ്ജു തിരിച്ചുവന്നാല്‍ ഒരുപക്ഷേ ഇതിനൊരു പരിഹാരം കാണാം.

മൂന്ന് കളിയിൽ 22 റൺസ്; സഞ്ജുവിന് എന്തുപറ്റി? വിമർശനവുമായി ചെന്നൈ ആരാധകർ
പാതിവഴിയിൽ റൂട്ട് മാറി ഇറാൻ എണ്ണക്കപ്പൽ; ചൈനയിലേക്ക് തിരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി കേന്ദ്രം

English Summary: Sanju Samson has struggled in IPL 2026, scoring only 22 runs in three matches, with fans criticizing his poor form and lack of confidence.

Related Stories

No stories found.
Madism Digital
madismdigital.com