Virat Kohli Official site RCB
Sports

Virat Kohli: ഐപിഎലിലെ 'വിശ്വരൂപം'; രോഹിതിനേക്കാൾ 1600+ റൺസ് മുന്നിൽ! വിരാട് കോഹ്‌ലിയുടെ ഈ റെക്കോർഡുകൾ ഇനി ആർക്കെങ്കിലും തകർക്കാനാകുമോ?

കരിയറിൽ 8,600-ൽ പരം റൺസുമായി കിരീടമില്ലാത്ത രാജാവായി കോഹ്‌ലി തുടരുമ്പോൾ, രോഹിത് ശർമ്മയുമായുള്ള വലിയ വ്യത്യാസം ചർച്ചയാകുന്നു; റെക്കോർഡുകൾ പഴങ്കഥയാക്കി വിരാട് കുതിപ്പ് തുടരുന്നു.

Milan George

Virat Kohli: ഐപിഎൽ എന്നാൽ വിരാട് കോലി എന്നുകൂടിയാണ് അർത്ഥം. കോലിയുടെ പേരിലുള്ള ഐപിഎൽ റെക്കോർഡുകൾ കേവലം റെക്കോർഡുകൾ എന്നതിനപ്പുറം 'വിസ്മയം' ആണെന്നു പറയാം. പിന്നാലെ ഓടി രണ്ടാമതെത്തുന്നവർ പോലും ബഹുദൂരം പിന്നിലാകുന്ന സവിശേഷമായ അവസ്ഥ...!

Virat Kohli

ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വിരാട് കോലി പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. ഐപിഎലിൽ 9,000 റൺസ് നേടുന്ന ആദ്യതാരം. കോലി നേരത്തെ നേടിയ 8,000 റൺസ് കടമ്പ ഇപ്പോഴും ബാക്കിയുള്ളവർക്കു കിട്ടാകനിയാണ്. അപ്പോഴാണ് 9,000 റൺസ് ക്ലബിൽ താരം ഇടംപിടിച്ചിരിക്കുന്നത്.

ഐപിഎലിലെ തന്റെ 276-ാം മത്സരത്തിലാണ് കോലി 9,000 റൺസ് ക്ലബിൽ ഇടംപിടിക്കുന്നത്. ഐപിഎൽ റൺവേട്ടയിൽ രണ്ടാമത് നിൽക്കുന്ന രോഹിത് ശർമയ്ക്കു 276 മത്സരങ്ങളിൽ നിന്ന് 7,183 റൺസാണ് ഉള്ളത്. അതായത് കോലിയേക്കാൾ 1,817 റൺസ് ഇപ്പോഴും കുറവാണ്. ഈ കണക്കുകളാണ് കോലിയെ ഐപിഎലിലും അപൂർവ കളിക്കാരൻ എന്ന ടാഗ് ലൈനിനു അവകാശിയാക്കുന്നത്.

കോലിയേക്കാൾ ഹാർഡ് ഹിറ്ററാണ് രോഹിത് എന്നാണ് പൊതുവെ ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ 276 മത്സരങ്ങളിൽ നിന്ന് 9,000 റൺസ് നേടിയ കോലിയുടെ സ്‌ട്രൈക് റേറ്റ് 134 ആണ്. മറുവശത്ത് രോഹിത് ശർമയ്ക്കുള്ളത് 133 സ്‌ട്രൈക് റേറ്റും.

ഐപിഎൽ റൺവേട്ടയിൽ ശിഖർ ധവാൻ ആണ് മൂന്നാം സ്ഥാനത്ത്. 222 മത്സരങ്ങളിൽ നിന്ന് 127 സ്‌ട്രൈക് റേറ്റിൽ 6,769 റൺസ്. നാലാം സ്ഥാനത്തുള്ള ഡേവിഡ് വാർണറിനു 184 മത്സരങ്ങളിൽ നിന്ന് 140 സ്‌ട്രൈക് റേറ്റിൽ 6,564 റൺസും അഞ്ചാം സ്ഥാനത്തുള്ള കെ.എൽ.രാഹുലിനു 153 മത്സരങ്ങളിൽ നിന്ന് 138 സ്‌ട്രൈക് റേറ്റിൽ 5,580 റൺസുമുണ്ട്.

English Summary: The article highlights the historic dominance of Virat Kohli in the Indian Premier League (IPL), emphasizing his massive lead over contemporaries like Rohit Sharma. Following a stellar performance against Delhi Capitals on April 27, 2026, Kohli became the first player in history to surpass the 9,000-run mark in the IPL.