Technology

പണി കളയുമോ എഐ? ലോകത്ത് ഓരോ ദിവസവും 958 പേരുടെ ജോലി നഷ്ടപ്പെടുന്നതായി കണക്കുകൾ

2030 ആകുമ്പോഴേക്കും 9.2 കോടി ജനങ്ങൾക്ക് എഐ കാരണം ജോലി നഷ്ടപ്പെടുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറം പ്രവചിക്കുന്നത്

Madism Desk

നിർമിത ബുദ്ധി (എഐ)യുടെ വരവോടുകൂടി ലോകത്താകമാനം ദിനംപ്രതി 958 പേരുടെ ജോലി നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും ലോകത്താകമാനം ഏകദേശം 9.2 കോടി ജനങ്ങൾക്ക് എഐ കാരണം ജോലി നഷ്ടപ്പെടുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറം പ്രവചിക്കുന്നത്. 2023 ൽ എഐ വന്നതു മുതൽ ആറു ലക്ഷത്തിലധികംപേരുടെ ജോലി എഐ ഏറ്റെടുത്തതായാണ് കണക്കുകൾ.

2023ൽ ഏകദേശം 264000 പേർക്കും 2024ൽ 150000 പേർക്കും 2025ൽ 125000 പേർക്കും 2026 മേയ് രെ 120000 പേർക്കും ജോലി നഷ്ടപ്പെട്ടു. ഒരു പതിറ്റാണ്ടിനുള്ളി‍ൽ 30 കോടി ആളുകളുടെ മുഴുവൻ സമയ ജോലികൾ എഐ ഏറ്റെടുക്കുമെന്നാണ് ആ​ഗോള ഇൻവെസ്റ്റ്മെന്റ് ബാങ്കും ഫിനാൻഷ്യൽ സർവീസ് കമ്പനിയുമായ ​ഗോൾഡ്മാൻ സാച്ചിന്റെ റിപ്പോർട്ട് പറയുന്നത്. ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ ഉത്പാദന ​​​മേഖലയിലെ 20 ലക്ഷം ആളുകളുടെ ജോലി എഐ ഏറ്റെടുക്കുമെന്ന് എംഐറ്റി/ബോസ്റ്റൺ യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകളും സൂചിപ്പിക്കുന്നു.

2026 ജനുവരി മുതൽ മേയ് വരെ ഏകദേശം 11,9000 പേർക്ക് തൊഴിൽനഷ്ടപ്പെട്ടതായാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തിൽ ടെക് മേഖലയിൽ മാത്രം ഏകദേശം 1,24,000 പേർക്ക് ജോലി നഷ്ടമായി. ജോലികൾ എഐ ഏറ്റെടുത്തതോടെ ടെക്നോളജി ഭീമനായ ഐബിഎം 30% ജോലിക്കാരെ പുറത്താക്കിയിരുന്നു. ഏകദേശം 8000 പേരയാണ് ഇത് ബാധിച്ചത്.

2024-25 സാമ്പത്തിക വർഷത്തിൽ മറ്റൊരു ടെക്നോളജി കമ്പനിയായ സെയൽഫോഴ്സ് 4000 പേരെയാണ് പുറത്താക്കിയ ശേഷം പറഞ്ഞത് തങ്ങളുടെ ആർട്ടിഫിഷൽ ഇന്റലിജൻസ് മുമ്പുണ്ടായിരുന്നതിനേക്കാൾ 50 ശതമാനം അധികം പണിയെടുക്കുന്നുണ്ടെന്നാണ്. ആമസോൺ 24000 പേരെ പുറത്താക്കുമെന്ന് കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. ഫിൻടെക് ഭീമൻ 5000പേരെയാണ് ഒഴിവാക്കിയത്. INTUIT 1800 പേരെയും ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ CHEGG 45 ശതമാനം ജോലിക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്.

അതിനിടെ, ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി അവതരിപ്പിച്ച് ടെക് ഭീമൻ മൈക്രോസോഫ്റ്റ്. കമ്പനിയുടെ 50 വർഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധിതി കൊണ്ടുവരുന്നത്. ആരോ​ഗ്യ ഇൻഷുറൻസ്, നഷ്ടപരിഹാരത്തുക, ഓഹരി പങ്കാളിത്തം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത 30 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനുള്ള അവസരവും ജീവനക്കാർക്കുണ്ട്. പദ്ധതി പ്രകാരം 8750 പേരെ പുറത്താക്കാൻ കഴിയുമെന്നാണ് മൈക്രോസോഫ്റ്റ് കണക്ക് കൂട്ടുന്നത്. ആ​ഗോള തലത്തിൽ 228000 ജോലിക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. നിർമിത ബുദ്ധിയുടെ വരവോടെ ഇതുവരെ 27000 പേരെയാണ് കമ്പനി പുറത്താക്കിയത്.

ഇന്ത്യയിലും സമാനമാണ് കാര്യങ്ങൾ. രാജ്യത്തെ ഐടി സർവിസ് ഭീമനായ ടിസിഎസ് ഇരുപതിനായിരത്തോളം ജീവനക്കാരെയാണ് ‍ഒഴിവാക്കുന്നത്. ക്രിപ്റ്റോ ഡോട്ട് കോം 14 ശതമാനം പേരെയും യുപിഎസ് മുപ്പതിനായിരത്തോളം തൊഴിലാളികളെയുമാണ് പിരിച്ചുവിട്ടത്.

ഡേറ്റ എൻട്രി, അഡ്മിനിസ്ട്രേഷൻ, കസ്റ്റമർ സപ്പോർട്ട്, സോഫ്റ്റ് വെയർ ടെസ്റ്റിങ്, കണ്ടന്റ് ക്രിയേഷൻ, ഗ്രാഫിക്സ് ഡിസൈൻ, ഓട്ടോമേഷൻ തുടങ്ങിയ മേ​ഖലകളിലാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രധാനമായും മനുഷ്യർ ചെയ്യുന്ന ജോലികൾ ചെയ്യുന്നത്. അകൗണ്ടിങ്, മാനുഫാക്ചറിങ്, പ്രോ​ഗ്രാമിങ്, മറ്റു ശാരീരിക അദ്ധ്വാനം വരുന്ന ജോലികൾ എന്നതിലൊക്കെ അടുത്ത പത്ത് വർഷത്തിനുള്ളിൽ എഐയിൽ വൻ കുതിച്ചു ചാട്ടമാണ് വരാനിരിക്കുന്നത്.

English Summary: AI's rise causes about 958 daily job losses, with the World Economic Forum predicting 92 million displacements by 2030. Since 2023, over 600,000 positions have been affected, with major annual layoffs reported through May 2026. Goldman Sachs estimates AI could eventually replace 300 million full-time jobs, while 2 million U.S. manufacturing roles face displacement by late 2026.