Technology

ഫോൾഡബിൾ ഐഫോണുമായി ആപ്പിൾ എത്തുന്നു; സാംസങ്ങിനെ മറികടക്കുക എളുപ്പമാകില്ല

2026-ഓടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ ടെക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Madism Desk

ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ വിപണിയിൽ വലിയൊരു മാറ്റത്തിന് കളമൊരുങ്ങുകയാണ്. സ്മാർട്ട്‌ഫോൺ ലോകത്തെ അതികായന്മാരായ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ആപ്പിൾ ഈ പുതിയ പരീക്ഷണത്തിലേക്ക് കടക്കുമ്പോഴേക്കും പ്രധാന എതിരാളിയായ സാംസങ് ഫോൾഡബിൾ വിപണിയിൽ സാങ്കേതികമായി ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.

2026-ഓടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ ടെക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഐഫോൺ അൾട്രാ' (iPhone Ultra) എന്ന പേരിലോ അല്ലെങ്കിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പമോ ആയിരിക്കും ഈ മോഡൽ പുറത്തിറങ്ങുക. ബുക്ക് ശൈലിയിൽ മടക്കാവുന്ന ഈ ഫോണിന് മടക്കിയിരിക്കുമ്പോൾ 5.5 ഇഞ്ച് വലിപ്പവും, തുറക്കുമ്പോൾ ഐപാഡിന് സമാനമായ 7.8 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയും ഉണ്ടാകുമെന്നാണ് സൂചന. ഫോൾഡബിൾ ഫോണുകളിലെ പ്രധാന പ്രശ്നമായ 'ക്രീസ്' (മടക്കിലെ പാട്) പൂർണ്ണമായും ഇല്ലാതാക്കുന്ന അത്യാധുനിക പാനലുകളായിരിക്കും ആപ്പിൾ ഉപയോഗിക്കുക. ടൈറ്റാനിയം, അലുമിനിയം എന്നിവ ഉപയോഗിച്ചുള്ള ഉറപ്പുള്ള ബോഡിയും ഇതിനുണ്ടാകും.

ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിൽ എത്തിക്കുമ്പോഴേക്കും ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് തങ്ങളുടെ എട്ടാം തലമുറ ഫോൾഡബിൾ ഫോണുകളായ ഗാലക്‌സി സാംസങ് Z Fold 8, Z Flip 8 മോഡലുകൾ പുറത്തിറക്കും. വർഷങ്ങളായി ഫോൾഡബിൾ വിപണിയിലുള്ള സാംസങ്ങിന് സാങ്കേതികമായി വലിയൊരു മുൻതൂക്കമുണ്ട്. തുടക്കത്തിലുണ്ടായിരുന്ന ഡിസ്പ്ലേ പ്രശ്നങ്ങളും ഹിഞ്ച് തകരാറുകളും പൂർണ്ണമായി പരിഹരിച്ച്, മികച്ച സോഫ്റ്റ്‌വെയർ പിന്തുണ നൽകി സാംസങ് ഈ മേഖലയിൽ തങ്ങളുടെ സ്ഥാനം ഇതിനകം ഭദ്രമാക്കി കഴിഞ്ഞു. കൂടാതെ, ലോകമെമ്പാടുമുള്ള ശക്തമായ വിതരണ ശൃംഖലയും സർവീസ് നെറ്റ്‌വർക്കും സാംസങ്ങിനെ ആപ്പിളിനേക്കാൾ ഏറെ മുന്നിലെത്തിക്കുന്നു.

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ വരവോടെ ആഗോള ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണി 21 ശതമാനം വളർച്ച നേടുമെന്നാണ് പ്രവചനം. ആദ്യ വർഷം തന്നെ 25% വിപണി വിഹിതം നേടാൻ ആപ്പിളിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഇത് സാംസങ്ങിന് വലിയ തിരിച്ചടിയാകുമെങ്കിലും 32% വിപണി വിഹിതത്തോടെ സാംസങ് തന്നെയാകും വിപണിയിലെ ഒന്നാമൻ. 24 ശതമാനം വിഹിതത്തോടെ വാവെയ് (Huawei) ആയിരിക്കും മൂന്നാം സ്ഥാനത്ത്.

ആപ്പിളിന്റെ ഫോൾഡബിൾ ഫോണിന് ഏകദേശം 2000 ഡോളറിന് മുകളിൽ (ഏകദേശം 1.6 ലക്ഷം രൂപയ്ക്ക് മുകളിൽ) വിലവരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും ഉയർന്ന വിലയും, സാംസങ് പോലുള്ള കമ്പനികൾ വർഷങ്ങളായി നൽകുന്ന മികച്ച ഫോൾഡബിൾ അനുഭവവും ആപ്പിളിന് തുടക്കത്തിൽ വലിയ വെല്ലുവിളി സൃഷ്ടിക്കും. എങ്കിലും തങ്ങളുടെ വലിയ ഉപഭോക്തൃ അടിത്തറയിൽ തന്നെയാണ് ആപ്പിളിന്റെ പ്രതീക്ഷ. മടക്കാവുന്ന ഫോണുകളുടെ വിപണിയിലേക്ക് ആപ്പിൾ എത്തുമ്പോൾ വലിയൊരു കുതിച്ചുചാട്ടം തന്നെ നടക്കുമെങ്കിലും, സാങ്കേതികവിദ്യയിലും ഉപഭോക്താക്കൾക്ക് നൽകുന്ന അനുഭവസമ്പത്തിലും സാംസങ് നിലവിൽ വളരെ മുന്നിലാണെന്ന് നിസംശയം പറയാം.

Tech reports suggest Apple is preparing to launch its first foldable iPhone, potentially named "iPhone Ultra" or part of the iPhone 18 Pro series, around 2026 or 2027. Rumored to feature a book-style fold with a ~5.5-inch outer screen and a ~7.8-inch inner iPad-like display, Apple is reportedly focusing on a "creaseless" display using advanced protective layers like clear polyimide (CPI) to outdo current models. However, Samsung is already several steps ahead. Having been in the foldable market for years, Samsung is set to release its 8th generation of foldables (like the Z Fold 8).