1500 കോടിയുടെ ആസ്തിയുള്ള ഒരു ആഗോള ഭീമൻ ഒറ്റരാത്രികൊണ്ട് തകർന്നടിയുക! കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാം, പക്ഷേ അമേരിക്കൻ കമ്പനിയായ 'ഷെഗ്ഗിന്റെ' (Chegg) കാര്യത്തിൽ സംഭവിച്ചത് അതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ചാറ്റ് ജിപിടിയുടെയും വരവ് എങ്ങനെയാണ് വർഷങ്ങൾക്കൊണ്ട് കെട്ടിപ്പടുത്ത ഒരു സാമ്രാജ്യത്തെ വെറും നാല് വർഷം കൊണ്ട് നാശത്തിന്റെ വക്കിലെത്തിച്ചത്? ബിസിനസ് ലോകത്തെ ഞെട്ടിച്ച ആ തകർച്ചയുടെ പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ
കാലിഫോർണിയയിലെ സാന്താക്ലാര ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ-ടെക് (Ed-Tech) ഭീമനാണ് 'ഷെഗ്ഗ്' (Chegg). 2021-ൽ ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ അപ്രമാദിത്വം നിലനിർത്തിയിരുന്ന ഷെഗ്ഗ്, വളർച്ചയുടെ കൊടുമുടിയിലായിരുന്നു. ആ വർഷം ഫെബ്രുവരിയിൽ കമ്പനിയുടെ ഓഹരി വില ഏകദേശം 113 ഡോളർ (ഏകദേശം ₹9,400-ൽ അധികം) വരെ ഉയർന്നിരുന്നു. വിപണി മൂല്യം (Market Cap) 1500 കോടി ഡോളറിനോട് അടുത്തതോടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണ് കമ്പനി കൈവരിച്ചത്.
എന്നാൽ നിർമ്മിതബുദ്ധി അഥവാ എഐയുടെ കടന്നുവരവോടെ ഷെഗ്ഗിന്റെ തകർച്ചയും ആരംഭിച്ചു. ലാഭത്തിൽ കുതിച്ചിരുന്ന കമ്പനി പെട്ടെന്ന് തന്നെ പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷം ഷെഗ്ഗിന്റെ വിപണി മൂല്യം വെറും 1.5 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഓഹരി മൂല്യത്തിൽ 99 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഷെഗ്ഗ് ഓഹരികളുടെ വില വെറും 1.1 ഡോളറിൽ താഴെയാണ് (ഏകദേശം ₹92). എഐ തരംഗം ഒരു മുൻനിര കമ്പനിയുടെ അസ്തിത്വം തന്നെ എങ്ങനെ അപകടത്തിലാക്കി എന്നതിന്റെ നേർസാക്ഷ്യമായി മാറുകയാണ് ഷെഗ്ഗിന്റെ ഈ വീഴ്ച.
ചാറ്റ് ജിപിടിയും സമാനമായ എഐ ഉപകരണങ്ങളും വിപണി കീഴടക്കിയതോടെ പിടിച്ചുനിൽക്കാനാകാതെ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് ഷെഗ്ഗ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ തങ്ങളുടെ ആകെ ജീവനക്കാരുടെ 45 ശതമാനത്തെ (ഏകദേശം 388 പേർ) കമ്പനി പിരിച്ചുവിട്ടു. നിലവിലെ പ്രതിസന്ധി മറികടക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, സബ്‌സ്‌ക്രിപ്ഷൻ ഫീസിനത്തിൽ വൻ തുക ഈടാക്കി വിദ്യാർത്ഥികൾക്ക് ഹോംവർക്ക് ഉത്തരങ്ങളും പഠനസഹായികളും നൽകിപ്പോന്ന ഷെഗ്ഗിന്റെ ബിസിനസ് മോഡലിനെയാണ് എഐ തകർത്തത്. പണം നൽകി വിവരങ്ങൾ തേടിയിരുന്ന വിദ്യാർത്ഥികൾ കൂട്ടത്തോടെ സൗജന്യമായോ കുറഞ്ഞ ചിലവിലോ ലഭ്യമാകുന്ന ചാറ്റ് ജിപിടിയുടെ സഹായം തേടാൻ തുടങ്ങി. ഗണിതശാസ്ത്രത്തിലെ സങ്കീർണ്ണമായ പ്രശ്നപരിഹാരത്തിനും ഹോംവർക്കുകൾക്കുമായി വിദ്യാർത്ഥികൾ എഐ ബോട്ടുകളെ ആശ്രയിച്ചതോടെ കമ്പനിയുടെ വരുമാന സ്രോതസ്സ് പൂർണ്ണമായും അടഞ്ഞു.
എഐ ചാറ്റ് ബോട്ടുകൾക്ക് പുറമെ, സെർച്ച് എൻജിനുകളിൽ വന്ന മാറ്റങ്ങളും ഷെഗ്ഗിന് കനത്ത തിരിച്ചടിയായി. ഗൂഗിൾ സെർച്ചിന് മുകളിൽ എഐ നൽകുന്ന സംഗ്രഹങ്ങൾ (AI Overviews) പ്രത്യക്ഷപ്പെടുന്നത് തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുന്നു എന്നാരോപിച്ച് ഷെഗ്ഗ് ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഗൂഗിളിൽ ഉത്തരങ്ങൾ തിരയുന്ന വിദ്യാർത്ഥികൾ ഷെഗ്ഗിന്റെ വെബ്‌സൈറ്റിലേക്ക് എത്തുന്നതിനെ ഇത്തരം എഐ സംഗ്രഹങ്ങൾ തടയുന്നു എന്നതായിരുന്നു കമ്പനിയുടെ പ്രധാന വാദം.
ചുരുക്കത്തിൽ, ചാറ്റ് ജിപിടിയുടെ പെട്ടെന്നുള്ള മറുപടികൾക്കും ഗൂഗിളിന്റെ എഐ മുന്നേറ്റങ്ങൾക്കും ഇടയിൽ ഷെഗ്ഗ് എന്ന പ്ലാറ്റ്‌ഫോം പാടെ കാലഹരണപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. അപ്രതീക്ഷിതവും അതിവേഗത്തിലുമായിരുന്നു ഈ തകർച്ച. ഓഹരി മൂല്യം 1.20 ഡോളറിനും (ഏകദേശം 100 രൂപ) താഴേക്ക് പതിച്ചതോടെ, ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NYSE) നിന്ന് കമ്പനി പുറത്താക്കപ്പെടുമെന്ന ഭീഷണി പോലും കഴിഞ്ഞ വർഷം നേരിടുകയുണ്ടായി.
English Summary: Chegg, once a leading edtech company, saw a massive decline as students shifted to free AI tools like ChatGPT. The rise of AI and search engine summaries reduced subscriptions, leading to revenue loss and a sharp fall in market value.