

നിങ്ങളുടെ വാട്‌സ്ആപ്പ് ഇനി നിങ്ങളുടെ ഇഷ്ടത്തിന് മാറ്റാം! ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ കാത്തിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളാണ്. 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ പുത്തൻ സബ്‌സ്‌ക്രിപ്ഷൻ സേവനത്തിന് മെറ്റ തുടക്കമിടുന്നു. ആപ്പിന്റെ ലുക്ക് മാറ്റാനും പ്രീമിയം ഫീച്ചറുകൾ ആസ്വദിക്കാനും സഹായിക്കുന്ന ഈ പുതിയ ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ ഇതിനായി എത്ര രൂപ നൽകേണ്ടി വരുമെന്ന കാര്യത്തിൽ സസ്‌പെൻസ് തുടരുകയാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് സൗജന്യമായി ഈ സേവനം പരീക്ഷിക്കാൻ അവസരം ലഭിക്കുമെന്നും സൂചനകളുണ്ട്. ഈ മാറ്റം നിങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗത്തെ എങ്ങനെ മാറ്റിമറിക്കും? കൂടുതൽ അറിയാം
വാട്‌സ്ആപ്പ് പ്ലസ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും പരിമിതമായ ഉപയോക്താക്കളെ ഉള്‍പ്പെടുത്തി ബീറ്റ ടെസ്റ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും വ്യക്തിഗതവുമായ ആശയവിനിമയ അനുഭവം നല്‍കുക എന്നതാണ് ലക്ഷ്യം. കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സൗകര്യം, ഇഷ്ടാനുസൃത ലിസ്റ്റുകള്‍, പുതുമയുള്ള ചാറ്റ് തീമുകള്‍ തുടങ്ങിയ പ്രീമിയം സവിശേഷതകളാണ് ഈ സേവനത്തിലൂടെ ലഭ്യമാകുക. ഈ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് യഥാര്‍ഥത്തില്‍ പ്രയോജനകരമാണെന്ന് ഉറപ്പാക്കുന്നതിനായാണ് പരിമിതമായ തലത്തില്‍ പരീക്ഷണം തുടരുന്നതെന്നും മെറ്റ വ്യക്തമാക്കി.
വാട്‌സ്ആപ്പ് അപ്‌ഡേറ്റുകളെ നിരീക്ഷിക്കുന്ന വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്‌സ്ആപ്പ് പ്ലസില്‍ ഉള്‍പ്പെടുന്ന പ്രധാന സവിശേഷതകളില്‍ ഒന്നാണ് കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സൗകര്യം. നിലവില്‍ സൗജന്യ ഉപയോക്താക്കള്‍ക്ക് മൂന്ന് ചാറ്റുകള്‍ മാത്രമേ പിന്‍ ചെയ്യാന്‍ കഴിയുന്നുള്ളൂ. എന്നാല്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 20 വരെ ചാറ്റുകള്‍ പിന്‍ ചെയ്ത് സൂക്ഷിക്കാന്‍ കഴിയും. കൂടാതെ പുതിയ ചാറ്റ് തീമുകളും ഇഷ്ടാനുസൃത ആപ്പ് ഐക്കണുകളും ഉപയോഗിച്ച് ആപ്പിന്റെ രൂപഭാവം മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.
ഇതിന് പുറമെ, തെരഞ്ഞെടുത്ത കസ്റ്റം ലിസ്റ്റുകള്‍ക്കും വ്യക്തിഗത ചാറ്റുകള്‍ക്കുമായി പ്രത്യേക നോട്ടിഫിക്കേഷനുകളും റിങ്‌ടോണുകളും ക്രമീകരിക്കാനുള്ള സൗകര്യവും വാട്‌സ്ആപ്പ് പ്ലസില്‍ ലഭ്യമാകും. കോണ്‍ടാക്റ്റുകളും ഗ്രൂപ്പ് ചാറ്റുകളും കൂടുതല്‍ ക്രമീകരിച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ഈ സേവനം സഹായിക്കും. എല്ലാ സവിശേഷതകളുടെയും പൂര്‍ണ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഉപയോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്ന നിരവധി പ്രീമിയം സൗകര്യങ്ങള്‍ ഈ സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലൂടെ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം.
English Summary: Meta is testing a new WhatsApp subscription service called “WhatsApp Plus,” offering premium customization features like more pinned chats, themes, and personalized controls. The service is currently in beta with limited users