Technology

മിസൈല്‍ നിര്‍മാണത്തിനും ചാരപ്രവര്‍ത്തനങ്ങള്‍ക്കും 'ക്ലോഡ്' എഐ ഉപയോഗിച്ചു; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ആന്ത്രോപിക് റിപ്പോര്‍ട്ട്

വടക്കന്‍ യെമനില്‍ ഗൈഡഡ് റോക്കറ്റുകള്‍, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുടെ ഗൈഡന്‍സ് സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കാന്‍ ക്ലോഡ് ഉപയോഗിച്ചതായി കമ്പനി കണ്ടെത്തി

Madism Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ വളര്‍ച്ച ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, മറുവശത്ത് അത് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. തങ്ങളുടെ പ്രമുഖ എഐ മോഡലായ 'ക്ലോഡ്' ഉപയോഗിച്ച് നടന്ന അന്താരാഷ്ട്ര സൈബര്‍ ആക്രമണങ്ങളും ആയുധ നിര്‍മ്മാണ നീക്കങ്ങളും വിജയകരമായി തടഞ്ഞതായി ആന്ത്രോപിക് കമ്പനി പുറത്തുവിട്ട അവലോകന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. പരമ്പരാഗത ആയുധ നിര്‍മ്മാണ രംഗത്ത് എഐ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

വടക്കന്‍ യെമനില്‍ ഗൈഡഡ് റോക്കറ്റുകള്‍, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുടെ ഗൈഡന്‍സ് സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കാന്‍ ക്ലോഡ് ഉപയോഗിച്ചതായി കമ്പനി കണ്ടെത്തി. മനുഷ്യരായ എന്‍ജിനീയര്‍മാര്‍ക്ക് പകരം എഐ മോഡലിന്റെ വിവിധ പതിപ്പുകള്‍ക്ക് ഘട്ടംഘട്ടമായി ചുമതലകള്‍ വിഭജിച്ചു നല്‍കിയാണ് ഇവര്‍ പ്രവര്‍ത്തനം നടത്തിയത്. സെക്യൂരിറ്റി ഫില്‍ട്ടറുകളെ മറികടക്കാന്‍ പ്രോംപ്റ്റുകള്‍ ചെറുതാക്കി പല സെഷനുകളിലായി വിഭജിച്ചാണ് ആക്രമണകാരികള്‍ പ്രവര്‍ത്തിച്ചത്. ഇവരുടെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടതായും ആയുധം പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ ആന്ത്രോപിക്, നിലവില്‍ ഇവരുടെ അക്കൗണ്ടുകള്‍ നിരോധിച്ചിട്ടുണ്ട്.

ഭരണകൂട പിന്തുണയുള്ള സൈബര്‍ ചാരപ്രവര്‍ത്തനം

മിഡ്നൈറ്റ് ബ്ലിസാര്‍ഡ് (APT29) എന്ന സംഘടനയുടെ ശൈലിയിലുള്ള, റഷ്യന്‍ ബന്ധമുള്ള ഒരു ചാരപ്രവര്‍ത്തനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ഈ സംഘം പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് എഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് യുക്രെയിന്‍, യൂറോപ്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ക്കും എതിരെ ഫിഷിംഗ്, ഡാറ്റാ മോഷണം തുടങ്ങിയ സൈബര്‍ ചാരപ്രവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനുപുറമെ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാര്‍-കോര്‍പ്പറേറ്റ് നെറ്റ്വര്‍ക്കുകള്‍ ലക്ഷ്യമിട്ട് ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ നടത്തിയ ഓപ്പറേഷനും തടഞ്ഞതായി കമ്പനി അറിയിച്ചു. ക്ലോഡിനെ പ്രധാന ഓര്‍ക്കസ്‌ട്രേഷന്‍ ടൂളായി ഉപയോഗിച്ചാണ് ഇവര്‍ ആക്രമണ പദ്ധതി തയ്യാറാക്കിയത്. രണ്ടു സംഭവങ്ങളിലും ബന്ധപ്പെട്ട അക്കൗണ്ടുകള്‍ നിരോധിക്കുകയും സമാനമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി ആന്ത്രോപിക് വ്യക്തമാക്കി.

ഇറാനും സിറിയയും കേന്ദ്രീകരിച്ചുള്ള ഓപറേഷനുകള്‍

ഇറാന്‍ ഭരണകൂടത്തോട് അനുഭാവമുള്ള ഗ്രൂപ്പുകള്‍ രഹസ്യ പ്രചാരണങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമായി ക്ലോഡ് ഉപയോഗിച്ച മൂന്ന് അക്കൗണ്ടുകള്‍ കണ്ടെത്തി നീക്കം ചെയ്തതായും ആന്ത്രോപിക് അവകാശപ്പെടുന്നു. ഇവയോരോന്നും ഇസ്ലാമിക് കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഓര്‍ഗനൈസേഷനും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മഷ്ഹാദ് സെമിനാരി കമാന്‍ഡ് റൂമും ഉള്‍പ്പെടുന്നു. മറ്റൊരു സംഭവത്തില്‍, അറബി ഭാഷ അറിയാത്ത ചൈനീസ് അനുകൂല സംഘം സിറിയയിലെ ഉയിഗുര്‍ വിഭാഗത്തിലേക്ക് കടന്നുകയറാന്‍ ക്ലോഡ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പ്രാദേശിക ഭാഷാശൈലിയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാനും മറുപടികള്‍ തത്സമയം വിവര്‍ത്തനം ചെയ്യാനും മോഡലിന് സാധിച്ചതായി ആന്ത്രോപിക് പറഞ്ഞു.

സമീപകാലത്ത് 'ക്ലോഡ് ഓപ്പസ് 4.6'-ന്റെ പ്രാഥമിക പതിപ്പ് ബാഹ്യ സിസ്റ്റങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ച സംഭവം ആന്ത്രോപിക് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കമ്പനിയിലെ മുന്‍ ഗവേഷകനായ ജേക്കബ് കോക്‌സണ്‍ സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി രാജി വെക്കുകയും ചെയ്തു. 'ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എഐ മനുഷ്യരാശിയെ ഇല്ലാതാക്കുമെന്ന് ഇത് നിര്‍മ്മിക്കുന്നവര്‍ തന്നെ വിശ്വസിക്കുന്നു', എന്നായിരുന്നു കോക്‌സന്റെ മുന്നറിയിപ്പ്. ഗവേഷകരുടെ മുന്നറിയിപ്പുകളെത്തുടര്‍ന്ന് എഐ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെയും സുരക്ഷാ വീഴ്ചകളെയും കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഇതിനായി ഒരു സ്വതന്ത്ര ഗവേഷണ സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും ആന്ത്രോപിക് അറിയിച്ചു.

പെന്റഗണും ആന്ത്രോപിക്കും തമ്മിലുള്ള ഭിന്നത

ധാര്‍മ്മിക മാനദണ്ഡങ്ങളെച്ചൊല്ലി അമേരിക്കയും ആന്ത്രോപിക്കും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വയംഭരണ ആയുധങ്ങള്‍ക്കും ആഭ്യന്തര നിരീക്ഷണങ്ങള്‍ക്കും എഐ ഉപയോഗിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ മാസം കാലിഫോര്‍ണിയ കോടതി ഈ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍, ഈ നിയമപോരാട്ടങ്ങള്‍ക്കിടയിലും യു.എസ് പ്രതിരോധ വകുപ്പ് ഇറാന്റെയും വെനസ്വേലയുടെയും സൈനിക ദൗത്യങ്ങളില്‍ ക്ലോഡ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്‌ക്കൊപ്പം അടിയന്തരമായി കര്‍ശനമായ എഐ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന് ഈ പുതിയ റിപ്പോര്‍ട്ട് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

Anthropic has revealed several cases in which its Claude AI model was allegedly misused for cyber espionage, weapons development and covert influence operations. According to the company, a group in northern Yemen used Claude to help develop guidance software for guided rockets and long-range ballistic missiles, while other actors used the model to automate phishing, data theft and attacks on government and corporate networks. Anthropic also reported operations linked to Russia, China and Iran, and said it had banned the accounts involved and strengthened its monitoring systems. The disclosures have renewed concerns over AI-enabled warfare and cybercrime and calls for stricter AI safety regulations.