

ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ് ശരിക്കും അണ്വായുധങ്ങളേക്കാൾ വലിയ ഭീഷണിയാണോ മനുഷ്യരാശിക്ക് ഉയർത്തുന്നത്? മുൻ ആന്ത്രോപിക് ഗവേഷകനായ ജേക്കബ് കോക്സനോട് ചോദിച്ചാൽ അതിനുള്ള ഉത്തരം 'അതെ' എന്നാണ്. "എഐ മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കിയേക്കാം" എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് അദ്ദേഹം അടുത്തിടെ പ്രസ്താവനകളുടെ ഒരു പരമ്പര തന്നെ പങ്കുവച്ചിട്ടുണ്ട്.
അണ്വായുധങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയാം. എന്നാൽ എഐയെ എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്ക് ഇതുവരെ അറിയില്ലെന്ന് ഫോക്സ് ന്യൂസിനോട് സംസാരിക്കവേ കോക്സൺ ചൂണ്ടിക്കാട്ടുന്നു.
ആന്ത്രോപിക്, ഓപ്പൺ എഐ എന്നിവയിൽ മൂന്ന് വർഷത്തോളം ഗവേഷണം നടത്തിയ ആഴാണ് കോക്സൺ. എഐയെ, 'മനുഷ്യരാശി ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകരമായ സാങ്കേതികവിദ്യ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
"ഇത് അടിസ്ഥാനപരമായി ഒരു സയൻസ് ഫിക്ഷൻ കഥ പോലെയാണ്. അന്താരാഷ്ട്ര തലത്തിൽ സഹകരിക്കുക എന്നതല്ലാതെ നമുക്ക് വേറെ വഴിയില്ല. കാരണം, ഇതിനായുള്ള മത്സര ഓട്ടം മുൻകാലങ്ങളിലെ മറ്റൊരു പ്രവർത്തനത്തിലും ഉണ്ടാകാത്ത വിധത്തിൽ വിനാശകരമായിരിക്കും," അദ്ദേഹം പറയുന്നു. പല എഐ കമ്പനികളും മനുഷ്യരുടെ സുരക്ഷയേക്കാൾ, പരസ്പരമുള്ള മത്സരത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് കോക്സൺ ആരോപിക്കുന്നുണ്ട്. കമ്പനികളുടെ പേരെടുത്ത് പറയാതെ ആയിരുന്നു പരാമർശം.
"എഐ നിർമ്മിക്കുന്ന ആളുകൾ തന്നെ, ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ അത് നമ്മെയെല്ലാം കൊന്നൊടുക്കിയേക്കാം എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട്. ഇതൊരു മാർക്കറ്റിംഗ് തന്ത്രമല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ ഇനിയും വളർന്ന് സൂപ്പർ ഇന്ർറലിജൻസ് ഘട്ടത്തിലെത്തിയാൽ പിന്നെ എന്ത് ചെയ്തിട്ടും രക്ഷയില്ലെന്ന് കോക്സൺ പറയുന്നു. എഐയുടെ കഴിവുകൾ മാനുഷിക ബുദ്ധിയെക്കാൾ ഉയരുന്ന സാങ്കൽപ്പിക ഘട്ടമാണ് സൂപ്പർ ഇന്റലിജൻസ്.
ആന്ത്രോപിക് നടത്തുന്ന ശ്രമങ്ങൾ യഥാർത്ഥമാണെന്ന് വിശ്വസിക്കുമ്പോഴും, സർക്കാറുകളുടെ ഇടപെടലില്ലാതെ ഒരു കമ്പനിക്കും മനുഷ്യനേക്കാൾ ബുദ്ധിയുള്ള എഐയെ വികസിപ്പിക്കാൻ കഴിയില്ലെന്നാണ് കോക്സൺ വിശ്വസിക്കുന്നത്.
"ആന്ത്രോപികിൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. എങ്കിലും ആദ്യം അവിടെ എത്തുന്നതിനുള്ള ഓട്ടത്തിലാണ് അവർ - മറ്റാരും ഉത്തരവാദിത്തത്തോടെ പെരുമാറില്ലെന്ന് അവർ വിശ്വസിക്കുന്നതിനാൽ, ഭീഷണിയുണ്ടായിട്ടും അവർ തങ്ങളാൽ കഴിയും വിധം അത് ചെയ്യാൻ നിർബന്ധിതരാകുകയാണ്," അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മോഡലുകളുടെ അപകടസാധ്യതകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ നിർമ്മാണം നിർത്തിവെക്കുമെന്ന സുരക്ഷാ ചാർട്ടറിലെ വാഗ്ദാനം ഫെബ്രുവരിയിൽ ആന്ത്രോപിക് പിൻവലിച്ചിരുന്നു.
തങ്ങൾ ഏകപക്ഷീയമായി പ്രവർത്തനം നിർത്തിവെച്ചാൽ, സുരക്ഷാ മുൻകരുതലുകൾ എടുക്കാത്ത എതിരാളികൾ വ്യവസായത്തിൽ ആധിപത്യം സ്ഥാപിക്കുമെന്നും, അത് പൊതുവെ സുരക്ഷ കുറയ്ക്കുമെന്നുമാണ് കമ്പനി വാദിച്ചത്.
എഐ സിസ്റ്റങ്ങളുടെ വികസനപ്രവർത്തനങ്ങളിൽ മന്ദഗതി വരുത്താൻ യു.എസ് സർക്കാരിനോട് ജൂലൈ അവസാനത്തോടെ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് ഉൾപ്പെടെ 1,000-ത്തിലധികം ടെക് ഇൻഡസ്ട്രി ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.
ഓപ്പൺ എഐ അവരുടെ ഏറ്റവും പുതിയ മോഡലുകളുടെ പരിശീലനം ഓഗസ്റ്റിൽ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുകയും, പിന്നീട് കൂടുതൽ കർശനമായ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുകയും ചെയ്തു. ഞായറാഴ്ച, ഓപ്പൺ എഐ ചീഫ് സയന്റിസ്റ്റ് യാക്കൂബ് പച്ചോക്കിഅതിതീവ്രമായ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
"ഭാവിയിലെ എഐ വികസനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഏകോപനം ലോകമെമ്പാടുമുള്ള സർക്കാരുകളുടെ പ്രധാന മുൻഗണനയായി മാറേണ്ടതുണ്ട്," എന്നാണ് ഒരു ബ്ലോഗ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞത്. അമേരിക്കയിൽ എഐ മോഡലുകൾ നിലവിൽ ഫെഡറൽ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നില്ല.
Is artificial superintelligence really a greater threat to humanity than nuclear weapons? If you ask former Anthropic researcher Jacob Coxen, the answer is ‘yes.’ He has recently shared a series of statements warning that “AI could potentially wipe out all of humanity.